മഹാരാഷ്ട്രയിൽ മഴ തുടരുന്നു; രത്നഗിരിയിൽ അഞ്ച് വീടുകൾ തകർന്നു, ആളുകൾ കുടുങ്ങിക്കിടക്കുന്നു

രത്നഗിരി: കനത്ത മഴയെത്തുടർന്ന് മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയിൽ ഉരുൾപൊട്ടൽ. അഞ്ച് വീടുകൾ മണ്ണിനടിയിലായി. അവശിഷ്ടങ്ങൾക്കിടയിൽ നിരവധി ആളുകൾ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. രത്നഗിരിയിലെ ഖേദ് തഹസിലിലുള്ള ദാഹിവാലി പ്രദേശത്ത് തിങ്കളാഴ്ച രാത്രിയോടെയായിരുന്നു സംഭവം.
അപകടസ്ഥലത്തുനിന്ന് കൽപ്പന ഷെലാർ എന്ന 75 വയസ്സുകാരിയെ രക്ഷാപ്രവർത്തകർ സുരക്ഷിതമായി പുറത്തെടുത്തു. എന്നാൽ ശാന്താറാം ഷെലാർ, സതീഷ് ഷെലാർ എന്നിവരുൾപ്പെടെയുള്ള മറ്റ് രണ്ട് പേർ ഇപ്പോഴും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണ്. എൻഡിആർഎഫും പൊലീസും സംഭവസ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം നടത്തിവരികയാണ്.
ചൊവ്വാഴ്ച രാവിലെ മഹാരാഷ്ട്ര മന്ത്രി ഉദയ് സാമന്ത് അപകടസ്ഥലം സന്ദർശിച്ച് രക്ഷാപ്രവർത്തനങ്ങൾ വിലയിരുത്തി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിൽ പെയ്യുന്ന അതിശക്തമായ മഴ വ്യാപക നാശനഷ്ടങ്ങളാണ് ഉണ്ടാക്കുന്നത്. സംസ്ഥാനത്തിന്റെ പലയിടങ്ങളിലും ഉരുൾപൊട്ടലും മരങ്ങൾ കടപുഴകി വീഴുന്നതും വെള്ളപ്പൊക്കവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.










0 comments