എംബാപ്പെ മാപ്പ് പറയണം, ഇല്ലെങ്കിൽ നിയമനടപടി; കടുത്ത നിലപാടുമായി പരാഗ്വേ സെനറ്റർ

Photo Credit:Social Media
അസുൻസിയോൻ: ഫിഫ ലോകകപ്പിലെ ഫ്രാൻസ്-പരാഗ്വേ മത്സരത്തിന് ശേഷം ആരംഭിച്ച വിവാദങ്ങൾ പുതിയ തലത്തിലേക്ക്.
പരാഗ്വേ സെനറ്റർ സെലസ്റ്റെ അമറില്ല തനിക്കെതിരെ നടത്തിയ അധിക്ഷേപകരമായ പരാമർശങ്ങൾക്കെതിരെ ഫ്രഞ്ച് ക്യാപ്റ്റൻ കിലിയൻ എംബാപ്പെ തിരിച്ചടിച്ചതോടെയാണ് സംഭവം നിയമനടപടികളിലേക്ക് നീങ്ങുന്നത്.
എംബാപ്പെയെ വംശീയമായും വ്യക്തിപരമായും അധിക്ഷേപിച്ച സെനറ്റർ, ഇപ്പോൾ താൻ അഭിമുഖീകരിക്കുന്ന വാക്പോരുകൾക്ക് നിയമപരമായ പരിഹാരം തേടുകയാണ്.
വിവാദത്തിന്റെ തുടക്കം
മത്സരശേഷം എംബാപ്പെയെ "കോളനിവത്കരിക്കപ്പെട്ട കാമറൂൺകാരൻ" എന്നും "അഹങ്കാരിയായ വിരൂപൻ" എന്നും വിശേഷിപ്പിച്ചാണ് അമറില്ല രംഗത്തെത്തിയത്.
ഇതിന് മറുപടിയായി, താൻ ആദരിക്കുന്ന ഒരു പദവിയല്ല സെനറ്ററുടേതെന്നും, അവർ ഒരു 'അപകീർത്തികരമായ സ്ത്രീ' ആണെന്നും എംബാപ്പെ പരസ്യമായി തുറന്നടിച്ചു.
ഈ പ്രസ്താവനയാണ് ഇപ്പോൾ സെനറ്ററെ ചൊടിപ്പിച്ചിരിക്കുന്നത്. തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചതിന് മാപ്പ് പറയണമെന്നും, അല്ലാത്തപക്ഷം ലിംഗവിവേചനത്തിനും രാഷ്ട്രീയ അതിക്രമത്തിനുമെതിരെ കോടതിയെ സമീപിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി.
വ്യക്തിപരമായ പ്രശ്നമെന്ന് സെനറ്റർ
താൻ നടത്തിയ മുൻപത്തെ അധിക്ഷേപകരമായ പരാമർശങ്ങൾ കടുത്ത ദേഷ്യത്തിലാണെന്നും, പിന്നീട് താൻ അത് ഡിലീറ്റ് ചെയ്തതായും സെനറ്റർ സമ്മതിച്ചു.
തനിക്ക് ഫ്രാൻസിനോട് യാതൊരു വിരോധവുമില്ലെന്നും, പ്രശ്നം എംബാപ്പെയുമായി വ്യക്തിപരമാണെന്നും അവർ വ്യക്തമാക്കി.
ഫ്രഞ്ച് വിദ്യാഭ്യാസത്തിലൂടെ വളർന്ന തനിക്ക് ഫ്രഞ്ച് സംസ്കാരത്തോട് വലിയ സ്നേഹമാണുള്ളത്.
എന്നാൽ ലോകകപ്പ് മത്സരത്തിന് മുൻപും മത്സരത്തിനിടയിലും എംബാപ്പെ കടുത്ത അഹങ്കാരവും പരാഗ്വേ കളിക്കാരോട് കടുത്ത അവജ്ഞയുമാണ് കാണിച്ചതെന്ന് അവർ ആരോപിച്ചു.
കളിക്കളത്തിലെ പെരുമാറ്റം ചോദ്യം ചെയ്യപ്പെടുന്നു
മത്സരത്തിനിടയിൽ എംബാപ്പെ മോശം തെറിവിളികൾ നടത്തിയതായും, മത്സരശേഷം പരിക്കേറ്റ പരാഗ്വേ ഗോൾകീപ്പർക്ക് കൈ കൊടുക്കാൻ വിസമ്മതിച്ച് അദ്ദേഹത്തിന്റെ മുഖത്തുനോക്കി ആക്രോശിച്ചതായും സെനറ്റർ കുറ്റപ്പെടുത്തി.
ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട ഒരു സെനറ്ററായ തന്നെ അധിക്ഷേപിക്കാൻ എംബാപ്പെയ്ക്ക് അവകാശമില്ലെന്ന് അവർ പറഞ്ഞു. "സ്ത്രീയായതു കൊണ്ടും രാഷ്ട്രീയ പദവിയിലുള്ളതു കൊണ്ടുമാണ് എംബാപ്പെ എന്നെ അധിക്ഷേപിച്ചത്.
ഇത് സ്ത്രീകൾക്കെതിരെയുള്ള അതിക്രമമാണ്. എംബാപ്പെ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണം," സെലസ്റ്റെ അമറില്ല വ്യക്തമാക്കി.










0 comments