ഉദ്‌ഘാടനം കഴിഞ്ഞിട്ട് ആറുമാസം മാത്രം; മുംബൈ കോർപ്പറേഷൻ ഓഫീസിന്റെ സീലിംഗ് തകർന്നു വീണു

മുംബൈ: മുംബൈ കോർപ്പറേഷന്റെ പുതിയ ഓഫീസുകളിലൊന്നിൽ ഫോൾസ് സീലിംഗ് തകർന്നു വീണു. ജോഗേശ്വരിയിലെ ബിഎംസിയുടെ 'കെ/നോർത്ത്' വാർഡ് ഓഫീസിൽ ഇന്ന് രാവിലെയാണ് സംഭവം. അസിസ്റ്റന്റ് കമ്മീഷണർ രൂപാലി കദമിന്റെ ക്യാബിന് തൊട്ടുപുറത്തുള്ള മേൽക്കൂരയാണ് തകർന്നത്.
ഈ സമയം സ്ഥലത്തുണ്ടായിരുന്ന നിരവധി ജീവനക്കാർ അത്ഭുതകരമായാണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. ആറ് മാസം മുമ്പ് മാത്രം ഉദ്ഘാടനം ചെയ്ത ഈ കെട്ടിടത്തിലെ പല ക്യാബിനുകളിലും കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയിൽ കനത്ത വെള്ളച്ചോർച്ചയും അനുഭവപ്പെട്ടിരുന്നു.
നിർമ്മാണത്തിന് നിലവാരമില്ലാത്ത സാമഗ്രികൾ ഉപയോഗിച്ചതാണ് തകർച്ചയ്ക്ക് കാരണമെന്ന് ജീവനക്കാർ ആരോപിച്ചു. മുഴുവൻ ഓഫീസിലും അടിയന്തര പരിശോധനയും ഗുണനിലവാരമുള്ള അറ്റകുറ്റപ്പണികളും നടത്തണമെന്ന് ജീവനക്കാർ ഭരണകൂടത്തോട് ആവശ്യപ്പെട്ടു.
മൺസൂൺ മഴയെ നേരിടുന്നതിൽ ബിഎംസിയുടെ പരാജയം വലിയ രീതിയിൽ ചർച്ചയാകുന്നതിനിടയിലാണ് പുതിയ കെട്ടിടത്തിലെ ഈ തകർച്ച. ജൂൺ 23-ന് മൺസൂൺ ആരംഭിച്ചതുമുതൽ മുംബൈയിലെ പ്രധാന പ്രദേശങ്ങളെല്ലാം വെള്ളപ്പൊക്കത്തിലാണ്.
കൂടാതെ മരം വീണുണ്ടായ അപകടങ്ങളിൽ മാത്രം മൂന്ന് പേർ മരണപ്പെട്ടു. കൂടാതെ ജൂലൈ 2-ന് പെയ്ത കനത്ത മഴയ്ക്കിടയിൽ തുറന്നുകിടന്ന മാൻഹോളിൽ വീണ് 55-കാരൻ ഒഴുക്കിൽപ്പെട്ട് മരിച്ചിരുന്നു. ഒരു സ്വകാര്യ കരാറുകാരൻ അറ്റകുറ്റപ്പണികൾക്കായി മാൻഹോൾ മൂടി തുറന്നിട്ടതായിരുന്നു അപകട കാരണം.
തുറന്നുകിടക്കുന്ന മാൻഹോളുകൾ സുരക്ഷിതമാക്കുന്നതിൽ പരാജയപ്പെട്ടതിന് ബോംബെ ഹൈക്കോടതി ബിഎംസിയെ വിമർശിച്ചു. ആളുകൾ മരിക്കുന്നതുവരെ എന്തുകൊണ്ടാണ് കോർപ്പറേഷൻ കാത്തിരിക്കുന്നത് എന്ന് കോടതി ചോദിച്ചു.
വിഷയത്തിൽ ബിഎംസി സമർപ്പിച്ച പുരോഗതി റിപ്പോർട്ടുകൾ വെറും 'കണ്ണിൽ പൊടിയിടൽ' മാത്രമാണെന്ന് ജസ്റ്റിസുമാരായ അജയ് ഗഡ്കരി, കമൽ ഖാട്ട എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.










0 comments