Deshabhimani

തീപിടിത്തങ്ങൾ തുടർക്കഥ; മുംബൈയിൽ റോക്കറ്റ് പടക്കങ്ങൾക്ക് നവംബർ 25 വരെ നിരോധനം

mumbai

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Nov 09, 2026, 04:26 PM | 1 min read

മുംബൈ: നഗരത്തിലുണ്ടായ തുടർച്ചയായ തീപിടിത്തങ്ങളുടെ പശ്ചാത്തലത്തിൽ റോക്കറ്റ് പടക്കങ്ങൾക്കും ആകാശത്തേക്ക് പറക്കുന്ന പടക്കങ്ങൾക്കും നിരോധനം ഏർപ്പെടുത്തി മുംബൈ ദുരന്തനിവാരണ അതോറിറ്റി. നവംബർ 25 വരെ നിരോധനം തുടരും. താമസകെട്ടിടങ്ങൾ, ടെറസുകൾ, ബാൽക്കണികൾ, ചേരിപ്രദേശങ്ങൾ എന്നിവിടങ്ങളിലെല്ലാം നിയന്ത്രണം ബാധകമാണ്.


ദീപാവലി രാത്രിയിൽ മാത്രം മുംബൈയുടെ വിവിധ ഭാഗങ്ങളിലായി മൂന്ന് വൻ തീപിടിത്തങ്ങളാണ് റിപ്പോർട്ട് ചെയ്തത്. നിരവധി കുടിലുകൾ, കടകൾ, ഗാരേജ്, വാണിജ്യ കെട്ടിടത്തിന്റെ ഭാഗങ്ങൾ എന്നിവ തീപിടിത്തത്തിൽ നശിച്ചു.


റോക്കറ്റുകളും ആകാശപ്പടക്കങ്ങളും കെട്ടിടങ്ങളുടെ ടെറസുകളിലും ബാൽക്കണികളിലും ജനലുകളിലും പതിക്കുന്നത് തീപിടിത്തത്തിന് കാരണമാകാമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ജനസാന്ദ്രതയേറിയ പ്രദേശങ്ങളിലും ചേരികളിലും ഉയരമുള്ള കെട്ടിടങ്ങൾക്കിടയിലും ഇത്തരം അപകടങ്ങളുടെ സാധ്യത കൂടുതലാണെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടി.


നവംബർ 9 മുതൽ 2026 നവംബർ 25 രാത്രി 11.59 വരെയാണ് ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ പരിധിയിൽ നിരോധനം. മറ്റ് പടക്കങ്ങളുടെ ഉപയോഗം നിലവിലുള്ള നിയമങ്ങൾക്കും കോടതി ഉത്തരവുകൾക്കും വിധേയമായിരിക്കും. അതേസമയം, താമസകെട്ടിടങ്ങൾക്ക് സമീപവും നടപ്പാതകളിലും പടക്കം പൊട്ടിക്കരുതെന്ന് മുംബൈ മേയർ റിതു താവ്‌ഡെ ജനങ്ങളോട് അഭ്യർഥിച്ചു.




Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home