Deshabhimani

മുംബൈയിലെ ഫ്ലാറ്റിൽ ദീപാവലി ആഘോഷത്തിനിടെ വൻ തീപിടിത്തം; സുരക്ഷാ ജീവനക്കാരന് ദാരുണാന്ത്യം

Mumbai Flat Fire
വെബ് ഡെസ്ക്

Published on Nov 08, 2026, 06:12 PM | 1 min read

മുംബൈ : അന്ധേരി വെസ്റ്റിലെ ഫ്ലാറ്റിലുണ്ടായ വൻ തീപിടിത്തത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. തീപിടിത്തത്തെ തുടർന്ന് ലിഫ്റ്റിൽ കുടുങ്ങിയ 57കാരനായ സുരക്ഷാ ജീവനക്കാരനാണ് മരിച്ചത്. പുക ശ്വസിച്ച് ശ്വാസംമുട്ടിയാണ് മരണമെന്ന് അധികൃതർ അറിയിച്ചു. ദീപാവലിക്ക് അപാർട്ട്മെന്റിൽ തെളിയിച്ച ദീപത്തിൽ നിന്നാണ് തീപടർന്നതെന്നാണ് പ്രാഥമിക നിഗമനം.


അന്ധേരി ലോഖണ്ഡ്‌വാലയിലെ റൺവാൾ ടവറിൽ ശനിയാഴ്ച രാത്രി 9.50ഓടെയാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിന്റെ 17ാം നിലയിലെ ഫ്ലാറ്റ് നമ്പർ 1701ൽ നിന്നാണ് തീപടർന്നത്. ഉടൻ തന്നെ സ്ഥലത്തെത്തിയ അ​ഗ്നിശമനസേന രക്ഷാപ്രവർത്തനം ആരംഭിച്ചു. രാത്രി 10.30ഓടെയാണ് തീ പൂർണമായും നിയന്ത്രണവിധേയമായത്. ലിഫ്റ്റിൽ കുടുങ്ങിപ്പോയ സുരക്ഷാ ജീവനക്കാരനെ ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപാർട്ട്മെന്റിലെ വീട്ടുപകരണങ്ങളെല്ലാം പൂർണമായും കത്തിനശിച്ചു.


അരമണിക്കൂറിനിടെ നഗരത്തിൽ മറ്റ് രണ്ട് തീപിടിത്തങ്ങൾ കൂടി


അന്ധേരിയിലെ സംഭവത്തിന് ശേഷം, 30 മിനിറ്റിനിടെ മുംബൈയിലെ രണ്ടിടങ്ങളിൽ കൂടി സമാനമായ തീപിടിത്തങ്ങൾ റിപ്പോർട്ട് ചെയ്തു. കാന്തിവിലി വെസ്റ്റിലെ 22 നില കെട്ടിടത്തിന്റെ താഴത്തെ നിലയിലും ഗോരെഗാവ് ഈസ്റ്റിലെ 19-ാം നിലയിലുള്ള ഫ്ലാറ്റിന്റെ ഗാലറിയിലുമാണ് തീപിടിത്തമുണ്ടായത്. ഇവിടെയൊന്നും ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി പൊട്ടിച്ച പടക്കങ്ങളിൽ നിന്നാകാം ഈ തീപിടിത്തങ്ങളെല്ലാം ഉണ്ടായതെന്നാണ് സംശയിക്കുന്നത്. തീപിടത്തങ്ങൾ സംബന്ധിച്ച് വിശദമായ അന്വേഷണം നടക്കുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home