ad
Deshabhimani

യുപിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് തീപിടിച്ചു; രണ്ട് ഡ്രൈവർമാർ വെന്തുമരിച്ചു

fire break out

വീഡിയോ സ്ക്രീൻഷോട്ട്

വെബ് ഡെസ്ക്

Published on Apr 27, 2026, 11:01 AM | 1 min read

ലക്നൗ : യുപിയിലെ ബഹ്‌റൈച്ചിൽ ഒന്നിലധികം വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ തീപിടിത്തത്തിൽ രണ്ട് ഡ്രൈവർമാർ ജീവനോടെ വെന്തുമരിച്ചു. അസം ചൗരാഹ പ്രദേശത്തിന് സമീപമുണ്ടായ അപകടത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. ഞായറാഴ്ച രാത്രി ബഹ്‌റൈച്ച് ബൈപാസിൽ വെച്ച് ഇരുമ്പ് യന്ത്രങ്ങൾ നിറച്ച പഞ്ചാബ് രജിസ്ട്രേഷനിലുള്ള ഒരു ട്രക്ക്, ഹരിയാന രജിസ്ട്രേഷനിലുള്ള സിമന്റ് നിറച്ച ട്രെയിലർ, ലഖ്‌നൗ രജിസ്ട്രേഷനിലുള്ള പിക്കപ്പ് എന്നിവയാണ് പരസ്പരം കൂട്ടിയിടിച്ചത്.


കൂട്ടിയിടിയെ തുടർന്ന് ട്രക്കിന്റെയും ട്രെയിലറിന്റെയും മുൻഭാഗങ്ങളിൽ വൻ തീപിടുത്തമുണ്ടായി. രണ്ട് ഡ്രൈവർമാരും ക്യാബിനുകൾക്കുള്ളിൽ കുടുങ്ങി ജീവനോടെ വെന്തുമരിച്ചതായി പൊലീസ് കൂട്ടിച്ചേർത്തു. തകർന്ന വാഹന ഭാഗങ്ങൾ മുറിച്ചുമാറ്റേണ്ടിവന്നതിനാൽ മൃതദേഹങ്ങൾ പുറത്തെടുക്കാൻ ഏകദേശം മൂന്ന് മണിക്കൂറെടുത്തു. തീപിടിത്തത്തിൽ ട്രക്കിന്റെയും ട്രെയിലറിന്റെയും മുൻഭാഗങ്ങൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചുവെന്നും അവയുടെ ക്യാബിനുകൾ പൂർണ്ണമായും നശിച്ചുവെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.


ട്രെയിലറിന്റെ ഡ്രൈവർ പ്രയാഗ്‌രാജ് നിവാസിയായ ജീത്‍ലാൽ യാദവ് (55) ആണെന്ന് ദർഗ ഷരീഫ് പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ പറഞ്ഞു. ട്രെയിലറിൽ ഒപ്പമുണ്ടായിരുന്ന സഹായിക്ക് ഗുരുതരമായി പരിക്കേറ്റു. ഇയാൾ ചികിത്സയിലാണ്. ട്രക്കിന്റെ ഡ്രൈവറെ തിരിച്ചറിഞ്ഞില്ലെന്ന് എസ്എച്ച്ഒ പറഞ്ഞു. പഞ്ചാബിലെ ഉടമയുടെ വിലാസത്തിൽ പൊലീസ് ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ട്. പിക്കപ്പ് വാഹനം സംഭവസ്ഥലത്ത് കേടുപാടുകളോടെ കണ്ടെത്തിയെങ്കിലും ‍ഡ്രൈവറെെ കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.


അപകടം നടന്നയുടനെ പിക്കപ്പ് വാനിലുണ്ടായിരുന്ന മൂന്ന് പേർ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടതായി നാട്ടുകാർ പറയുന്നു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home