ഡൽഹിയിൽ ബഹുനില കെട്ടിടം തകർന്ന് അപകടം; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

ഡൽഹിയിൽ ബഹുനില കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ രക്ഷാപ്രവർത്തനം തുടരുന്നു ( Photo Credit: PTI)
ന്യൂഡൽഹി: തെക്കൻ ഡൽഹിയിലെ സാകേത് മെട്രോ സ്റ്റേഷന് സമീപം ബഹുനില കെട്ടിടം തകർന്നുണ്ടായ അപകടസ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. അപകടത്തിൽപ്പെട്ട 12 പേരെ ഇതുവരെ രക്ഷപ്പെടുത്തി. ഇതിൽ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ശനിയാഴ്ച വൈകുന്നേരം ഏഴോടെയാണ് ഡൽഹി സാകേത് മെട്രോ സ്റ്റേഷന് സമീപമുള്ള അഞ്ച് നില വാണിജ്യ കെട്ടിടം പൂർണ്ണമായും തകർന്നു വീണത്.
കോച്ചിംഗ് സെന്ററുകൾ, കഫേകൾ, ഓഫീസുകൾ എന്നിവ പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നു വരികയായിരുന്നു. കെട്ടിടം തകർന്നു വീണത് വിദ്യാർത്ഥികൾ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന തൊട്ടടുത്തുള്ള താൽക്കാലിക കാന്റീന് മുകളിലേക്കാണ്. മെഡിക്കൽ പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടവരിൽ ഭൂരിഭാഗവും.
കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ എത്ര പേർ കുടുങ്ങിക്കിടക്കുന്നെന്ന് വ്യക്തമായ ധാരണയില്ല. ശനിയാഴ്ച അവധി ദിവസമായിരുന്നതിനാൽ സ്ഥലത്ത് എത്രപേർ വിന്നിരുന്നു എന്നതിലും കൃത്യമായ കണക്കുകൾ ലഭ്യമല്ല. ആറ് പേർ കുടുങ്ങിക്കിടക്കുന്നതായി സ്ഥിരീകരിക്കാത്ത വിവരമുണ്ട്. ഫയർ ഫോഴ്സ്, എൻഡിആർഎഫ്, ഡൽഹി പൊലീസ്, നാട്ടുകാർ എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.
കോൺക്രീറ്റ് സ്ലാബുകളും കമ്പികളും മുറിച്ചുമാറ്റാൻ വലിയ യന്ത്രങ്ങളും, ആളുകളെ കണ്ടെത്താൻ സ്നിഫർ നായ്ക്കളെയും ക്യാമറകളെയും ഉപയോഗിക്കുന്നുണ്ട്. ജെസിബി യന്ത്രങ്ങൾ ഉപയോഗിച്ച് അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്ന ജോലികൾ പുരോഗമിക്കുകയാണ്കെട്ടിടത്തിന്റെ നിർമ്മാണ അനുമതികളെക്കുറിച്ചും അപകടത്തിന്റെ കാരണത്തെക്കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചു.










0 comments