print edition മുല്ലപ്പെരിയാർ വിദഗ്‌ധസമിതി: കേരള പ്രതിനിധിയെ ഒഴിവാക്കി

ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ട് വിദഗ്‌ധ സമിതിയിൽനിന്ന് കേരളത്തിന്റെ പ്രതിനിധിയെ നീക്കി ഉത്തർപ്രദേശ് സ്വദേശിയായ എം എൽ ശർമയെ നിയമിച്ചു. അണക്കെട്ടിന്റെ സമഗ്ര സുരക്ഷാവിലയിരുത്തലിനായി രൂപീകരിച്ച വിദഗ്‌ധരുടെ സമിതിയിൽനിന്നാണ് സിഡബ്ലിയുസി മുൻ ചീഫ് എൻജിനിയറായ ടി കെ ശിവരാജനെ നീക്കിയത്. റൂർക്കി ഐഐടിയിലെ പ്രൊഫ. എം എൽ ശർമയെയാണ് നിയമിച്ചത്.
വ്യക്തിപരമായ കാരണങ്ങളാൽ ശിവരാജൻ ഒഴിഞ്ഞെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. 2021ലെ ഡാം സുരക്ഷാ നിയമപ്രകാരം ജൂൺ ആറിനാണ് ദേശീയ ഡാം സുരക്ഷാ അതോറിറ്റി സ്വതന്ത്ര വിദഗ്‌ധ സമിതി രൂപീകരിച്ചത്. നാഷണൽ ഹൈഡ്രോ ഇലക്‌ട്രിക് പവർ കോർപറേഷൻ (എൻഎച്ച്‌പിസി) മുൻ സിഎംഡി ബൽരാജ് ജോഷിയാണ് ചെയർമാൻ. നിർണായക സമിതിയിൽനിന്ന് പ്രതിനിധി ഒഴിവാക്കപ്പെട്ടത് കേരളത്തിന് തിരിച്ചടിയാകും.
അംഗീകരിക്കില്ലെന്ന് മന്ത്രി
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ പരിശോധിക്കാനായുള്ള വിദഗ്‌ധസമിതിയിൽനിന്ന് കേരളത്തിന്റെ പ്രതിനിധിയെ ഒഴിവാക്കിയ കേന്ദ്രസർക്കാർ നടപടി അംഗീകരിക്കില്ലെന്ന് മന്ത്രി മോൻസ് ജോസഫ്. ഏകപക്ഷീയമായും അകാരണവുമായാണ് ടി കെ ശിവരാജനെ മാറ്റിയത്. ഇത് അംഗീകരിക്കില്ലെന്ന് വകുപ്പ് സെക്രട്ടറി കേന്ദ്രത്തിന് മറുപടി നൽകിയിട്ടുണ്ട്– മന്ത്രി പറഞ്ഞു.










0 comments