ഒത്തുകളി വീണ്ടും തെളിഞ്ഞു: സിപിഐ എം
print edition അഖ്‌ലാഖ് വധം ; കോടതി മാറ്റണമെന്ന് പ്രതികള്‍ , എതിർക്കാതെ പ്രോസിക്യൂഷൻ

ന്യൂഡൽഹി
വീട്ടിൽ ഗോമാംസം സൂക്ഷിച്ചുവെന്നാരോപിച്ച് യുപിയിലെ ദാദ്രിയിൽ മുഹമ്മദ് അഖ്‌ലാഖിനെ സംഘപരിവാർ തല്ലിക്കൊന്ന കേസിൽ പ്രതികൾക്കുവേണ്ടി വീണ്ടും ഒത്തുകളിച്ച് പ്രോസിക്യൂഷൻ. കോടതി മാറ്റാൻ ജില്ലാ ജഡ്‌ജിക്ക് അപേക്ഷ നൽകിയെന്ന് പ്രതികളുടെ അഭിഭാഷകർ ഗ്രേറ്റർ നോയിഡയിലെ സൂരജ്‌പുർ അഡീ. ജില്ലാ ജഡ്‌ജി സൗരഭ് ദ്വിവേദിയെ വ്യാഴാഴ്‌ച അറിയിച്ചു. എന്നാൽ ഇതിനെ എതിർക്കാൻ പ്രോസിക്യൂഷൻ തയ്യാറായില്ല. അപേക്ഷയിൽ ജില്ലാ ജഡ്‌ജി തീരുമാനമെടുക്കുംവരെ വിചാരണ തുടരാനാകില്ലെന്ന് വ്യക്തമാക്കിയ വിചാരണക്കോടതി, കേസ് 23ലേക്ക് മാറ്റി.
മൊഴി നൽകാൻ അഖ്‌ലാഖിന്റെ ഭാര്യ ഇക്രമാനും ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ മകൻ ഡാനിഷും വൻ സുരക്ഷയിൽ കോടതിയിലെത്തി. എന്നാൽ കേസ് മാറ്റിയതോടെ മൊഴി രേഖപ്പെടുത്താനായില്ല. കുടുംബത്തിനുവേണ്ടി എല്ലാ സഹായവും പിന്തുണയും നൽകിവരുന്ന മുതിർന്ന സിപിഐ എം നേതാവ് ബൃന്ദ കാരാട്ടും ഇവർക്കൊപ്പം കോടതിയിൽ എത്തിയിരുന്നു. അപേക്ഷയെ എതിർക്കാത്ത പ്രോസിക്യൂഷൻ പ്രതികൾക്കുവേണ്ടിയാണ് വാദിക്കുന്നതെന്ന് കുടുംബത്തിന്റെ അഭിഭാഷകൻ യൂസഫ് സൈഫി പറഞ്ഞു.
പ്രാദേശിക ബിജെപി നേതാവ് സഞ്ജയ് റാണയുടെ മകൻ വിശാൽ റാണയടക്കമുള്ള 15 പ്രതികൾക്കെതിരെ ചുമത്തിയ എല്ലാ കുറ്റവും പിൻവലിക്കണമെന്ന പ്രോസിക്യൂഷന്റെ വിചിത്ര ആവശ്യം അടുത്തിടെ വിചാരണക്കോടതി തള്ളിയിരുന്നു.
ഒത്തുകളി വീണ്ടും തെളിഞ്ഞു: സിപിഐ എം
കോടതി മാറ്റൽ അപേക്ഷയെ എതിർക്കാത്തതിലൂടെ പ്രോസിക്യൂഷനും പ്രതികളും തമ്മിലുള്ള ഒത്തുകളി ഒരിക്കൽക്കൂടി വെളിപ്പെട്ടെന്ന് സിപിഐ എം. കുറ്റം പിൻവലിക്കണമെന്ന ആവശ്യം തള്ളിയ കോടതിയിൽനിന്ന് കേസ് മാറ്റണമെന്ന ആവശ്യത്തെയാണ് പ്രോസിക്യൂഷൻ എതിർക്കാത്തതെന്നും പാർടി ചൂണ്ടിക്കാട്ടി.










0 comments