print edition പാവങ്ങളുടെ അന്നം മുട്ടിക്കാൻ എംപിമാരുടെ ചോദ്യം

തിരുവനന്തപുരം: അർഹതപ്പെട്ട അരിവിഹിതം വെട്ടിക്കുറച്ചിട്ടും പ്രതികരിക്കുകയോ ചോദ്യം ഉന്നയിക്കുകയോ ചെയ്യാത്ത കോൺഗ്രസ് എംപിമാർ പാവങ്ങളുടെ അരി ഇല്ലാതാക്കാൻ ലക്ഷ്യമിട്ടുള്ള ചോദ്യങ്ങളുയർത്തിയത് കേരളത്തെ അപമാനിക്കാൻ. കൊല്ലം എംപി എൻ കെ പ്രേമചന്ദ്രൻ, കോഴിക്കോട് എംപി എം കെ രാഘവൻ എന്നിവരാണ് ലോക്‌സഭയിൽ ചോദ്യങ്ങളുന്നയിച്ചത്.
അതിദാരിദ്ര്യമുക്തമായതോടെ കേരളത്തിലെ എഎവൈ കാർഡുകൾക്കുള്ള ധാന്യവിഹിതം വെട്ടിക്കുറയ്ക്കുമോ, കാർഡുകൾ റദ്ദാക്കുമോ, വിദേശ സാമ്പത്തിക ഏജൻസികൾ വഴി വായ്പ എടുക്കാനാകുമോ എന്നൊക്കയായിരുന്നു ചോദ്യങ്ങൾ. അതിദാരിദ്ര്യ നിർമാർജനവും അന്ത്യോദയ റേഷനും (എഎവൈ) തമ്മിൽ ബന്ധമില്ലെന്നായിരുന്നു കേന്ദ്രഭക്ഷ്യമന്ത്രിയുടെ മറുപടി. മന്ത്രിയുടെ മറുപടി അവ്യക്തമാണെങ്കിൽ അതുയർത്തി തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രചാരണം നടത്താനായിരുന്നു യുഡിഎഫിന്റെ നീക്കം. അത് പൊളിഞ്ഞു.
കേരളം അതിദാരിദ്ര്യമുക്തമായി പ്രഖ്യാപിക്കപ്പെട്ടപ്പോൾ യുഡിഎഫിന്റെ പ്രധാന പ്രചാരണം ഇനി റേഷൻ വിഹിതം കേന്ദ്രം വെട്ടുമെന്നും എഎവൈ കാർഡുകാർക്കുള്ള അരിവിഹിതം തരില്ല എന്നുമൊക്കെയായിരുന്നു. മാനദണ്ഡപ്രകാരം അതിദരിദ്രർ ആരാണെന്ന് സർക്കാർ വ്യക്തമാക്കിയിട്ടും സമ്മതിക്കാതെയാണ്, യുഡിഎഫ് നേതാക്കൾ എംപിമാരെക്കൊണ്ട് ലോക്‌സഭയിൽ ചോദ്യങ്ങൾ ചോദിച്ചും ഇളിഭ്യരാക്കിയത്. രാഷ്‌ട്രീയമായി എതിർക്കുന്നതിനുപകരം ലോക്‌സഭയിൽ കേരളത്തിന്റെ പ്രതിപക്ഷമായി യുഡിഎഫ് എംപിമാർ മാറി.
സംസ്ഥാനത്തുനിന്നുള്ള ജനപ്രതിനിധികളാണെങ്കിലും കേരളത്തിന്റെ വികസനത്തിനായുള്ള ചോദ്യങ്ങൾ യുഡിഎഫ് എംപിമാർ ഉന്നയിക്കാറില്ല. അതിദാരിദ്ര്യമുക്തമായി പ്രഖ്യാപിക്കപ്പെട്ടപ്പോഴുള്ള യുഡിഎഫ് നേതാക്കളുടെ എതിർവാദങ്ങളാണ് ലോകസ്‌ഭയിൽ ലഭിച്ച മറുപടിയിലൂടെ പൊളിഞ്ഞുവീണത്.










0 comments