ad
Deshabhimani

എസ്‌യുവി കാർ ഒഴുക്കിൽപ്പെട്ട് അമ്മയും മക്കളും മരിച്ചു; ഭർത്താവ് രക്ഷപ്പെട്ടു

river
വെബ് ഡെസ്ക്

Published on Jul 31, 2026, 08:15 PM | 1 min read

അഹല്യനഗർ: എസ്‌യുവി കാർ ഒഴുക്കിൽപ്പെട്ട് അമ്മയും രണ്ട് പെൺമക്കളും മരിച്ചു. മഹാരാഷ്ട്രയിലെ യവത്മാൽ ജില്ലയിൽ കനത്ത വെള്ളപ്പൊക്കത്തിലാണ് എസ്‌യുവി കാർ ഒഴുക്കിൽപ്പെട്ടത്. വെള്ളിയാഴ്ചയാണ് ഇവരുടെ മൃതദേഹങ്ങളും വാഹനവും കണ്ടെടുത്തത്. എന്നാൽ കാറിലുണ്ടായിരുന്ന ഭർത്താവ് അത്ഭുതകരമായി രക്ഷപ്പെട്ടു.


വ്യാഴാഴ്ച അഹല്യനഗർ ജില്ലയിലെ ലോണി പ്രദേശത്തേക്ക് കുടുംബം യാത്ര ചെയ്യുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. കനത്ത മഴയെത്തുടർന്ന് ദർവ പ്രദേശത്തെ കുപ്തി നദി പാലത്തിന് മുകളിലൂടെ കവിഞ്ഞൊഴുകുകയായിരുന്നു. പാലം മുറിച്ചുകടക്കാൻ ശ്രമിച്ചതോടെ കാർ ഒഴുക്കിൽപ്പെടുകയായിരുന്നു.


വാഹനം വെള്ളത്തിൽ ഒലിച്ചുപോകുന്നതിനിടയിൽ, ഭർത്താവ് കാറിൽ നിന്ന് പുറത്തുചാടി ഒരു മരത്തിൽ പിടിച്ചു രക്ഷപ്പെടുകയായിരുന്നു. എന്നാൽ ഭാര്യയ്ക്കും രണ്ട് പെൺമക്കൾക്കും കാറിനുള്ളിൽ നിന്ന് രക്ഷപ്പെടാൻ സാധിച്ചില്ല. അപകടവിവരമറിഞ്ഞ് പൊലീസും ദുരന്തനിവാരണ സേനയും ഉടൻ തന്നെ സ്ഥലത്തെത്തി.


രാത്രി മുഴുവൻ നീണ്ടുനിന്ന തിരച്ചിലിനൊടുവിൽ വെള്ളിയാഴ്ചയോടെ മൂന്ന് പേരുടെയും മൃതദേഹങ്ങളും തകർന്ന വാഹനവും കണ്ടെത്തുകയായിരുന്നു. അതേസമയം മഹാരാഷ്ട്രയിൽ വരും ദിവസങ്ങളിലും വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിട്ടുണ്ട്. പല ജില്ലകളിലും റെഡ്, ഓറഞ്ച്, യെല്ലോ അലേർട്ടുകൾ പുറപ്പെടുവിച്ചിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home