ad
Deshabhimani

അബ്കാരി മുന്ന വധക്കേസ്: മൂന്ന് പ്രതികളെയും 34 വർഷത്തിനുശേഷം വെറുതെവിട്ടു

Court Verdict
വെബ് ഡെസ്ക്

Published on Jul 31, 2026, 08:32 PM | 1 min read

കൊച്ചി: പാലക്കാട് അബ്കാരി മുന്ന വധക്കേസിൽ മൂന്ന് പ്രതികളെയും 34 വർഷത്തിനുശേഷം കൊച്ചിയിലെ സിബിഐ പ്രത്യേക കോടതി വെറുതെവിട്ടു. ഒന്നാംപ്രതി പാലക്കാട് കോട്ടപ്പുറം പാറക്കോട്ടിൽ വിജയൻ (84), സഹോദരപുത്രനും രണ്ടാം പ്രതിയുമായ പി കെ സുധീർ (69), മൂന്നാം പ്രതി പാലക്കാട് ശ്രീകൃഷ്ണപുരത്ത് ജോർജ് മംഗളം (74) എന്നിവരെയാണ് വെറുതെവിട്ടത്. ശാസ്ത്രീയമായ തെളിവുകളോടെ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷനു സാധിച്ചില്ലെന്ന്‌ വിലയിരുത്തിയാണ്‌ സിബിഐ പ്രത്യേക കോടതി ജഡ്ജി പി കെ മോഹൻദാസ് പ്രതികളെ വിട്ടയച്ചത്.


1992 ഏപ്രിൽ 11നാണ് ശ്രീകൃഷ്ണപുരത്ത് അബ്കാരിയായ മുന്ന കൊല്ലപ്പെട്ടത്. കാറിനുള്ളിൽ സ്പിരിറ്റും പാം ഓയിലും ഒഴിച്ച് തീ കൊളുത്തിയ നിലയിലായിരുന്നു മൃതദേഹം. ആദ്യം ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും കേസ് അന്വേഷിച്ചു. മണ്ണാർക്കാട്–ഒറ്റപ്പാലം മേഖലയിലെ അബ്കാരി കരാറുകാർക്കിടയിലെ കുടിപ്പകയാണ് കൊലപാതകത്തിന് കാരണമെന്നായിരുന്നു സിബിഐയുടെ കണ്ടെത്തൽ. 2005ൽ കുറ്റപത്രം സമർപ്പിച്ച കേസില്‍ 2011 സെപ്തംബറിൽ വിസ്താരം തുടങ്ങി.


അബ്കാരി ലേലത്തിൽ മണ്ണാർക്കാട്- ശ്രീകൃഷ്ണപുരം റേഞ്ചുകളിലെ ഷാപ്പുകൾ ലേലം പിടിക്കുന്നതിൽ നിന്ന് പിന്മാറാൻ മുന്നയ്ക്ക് 1.5 ലക്ഷം രൂപ വാഗ്ദാനം ചെയ്തിരുന്നു എന്ന് സിബിഐ പറയുന്നു. തുടർന്ന് ആ തുക തിരികെ വാങ്ങാൻ ഗൂഢാലോചന നടത്തി കൊലപ്പെടുത്തിയെന്നുമായിരുന്നു കുറ്റപത്രത്തിലെ ആരോപണം.


21 പേരെ പ്രതിചേർത്താണ് സിബിഐ കുറ്റപത്രം സമർപ്പിച്ചത്. കേരളത്തിന്റെ ക്രിമിനൽ വിചാരണ ചരിത്രത്തിലെ ഏറ്റവും കൂടുതൽ കാലം നീണ്ട കേസുകളിലൊന്നാണിത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home