മുണ്ടിന്റെ പരസ്യത്തിനായി ക്ഷേത്രത്തിൽ അനുമതിയില്ലാതെ റീൽസ് ചിത്രീകരണം; യുവാവിനെതിരെ പരാതി

ആലപ്പുഴ: ക്ഷേത്ര ചുറ്റുമതിലിനുള്ളിൽ മുണ്ടിന്റെ പരസ്യത്തിനായി റീൽ ചിത്രീകരിച്ച സംഭവത്തിൽ പരാതി നൽകി ദേവസ്വം അധികൃതർ. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിലാണ് അനുമതിയില്ലാതെ റീൽസ് ചിത്രീകരണം നടന്നത്.ക്ഷേത്ര മതിൽക്കെട്ടിനകത്ത് അനുമതിയില്ലാതെ അതിക്രമിച്ചു കയറിയതിനും, ക്ഷേത്രത്തിന്റെ പരമ്പരാഗത ആചാരങ്ങൾക്ക് ഭംഗം വരുത്തിയതിനുമെതിരെയാണ് നിയമനടപടി സ്വീകരിച്ചിരിക്കുന്നത്.
സംഭവത്തിൽ ദേവസ്വം ഉദ്യോഗസ്ഥർ ചെങ്ങന്നൂർ പൊലീസിൽ പരാതി നൽകി. അധികൃതരുടെ അനുമതിയില്ലാതെയാണ് യുവാവ് റീൽ ചിത്രീകരിച്ചതെന്ന് പരാതിയില്‍ പറയുന്നു . ക്ഷേത്രം അടച്ചിരുന്ന സമയത്ത് അനധികൃതമായി ചുറ്റുമതിലിനുള്ളിൽ കടന്നാണ് യുവാവ് റീൽസ് ചിത്രീകരിച്ചത്.
സംഭവത്തിൽ ചെങ്ങന്നൂർ ദേവസ്വം സബ് ഗ്രൂപ്പ് ഓഫീസർ അഖിൽ ജി. കുമാറാണ് ചെങ്ങന്നൂർ പൊലീസ് സ്റ്റേഷനിൽ ഔദ്യോഗികമായി പരാതി നൽകിയത്. അനുമതിയില്ലാതെ ചിത്രീകരണങ്ങൾ നടത്തുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ പറഞ്ഞു.ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ചെങ്ങന്നൂർ പൊലീസ് അന്വേഷണവും തുടർനടപടികളും ആരംഭിച്ചിട്ടുണ്ട്.









0 comments