തൊഴിൽ തേടി നാട് വിടുന്നവരുടെ എണ്ണം വര്‍ധിക്കുന്നു, സ്ത്രീകൾ മുൻപന്തിയിലേക്ക്

മുംബൈ: ഇന്ത്യയിലെ ആഭ്യന്തര തൊഴിൽ രംഗത്ത് പുതുപ്രവണതകൾ പ്രകടമാക്കി മെച്ചപ്പെട്ട ശമ്പളവും ജോലിയും തേടി ഇതര നഗരങ്ങളിലേക്ക് ചേക്കേറുന്ന സ്ത്രീകളുടെയും തുടക്കക്കാരുടെയും എണ്ണത്തിൽ വൻ വർധനവ്. നേരത്തെ ഉയര്‍ന്ന ജോലികളിലും തസ്തികകളിലും മാത്രമായിരുന്നു ഈ കൂടുമാറ്റം. ഇപ്പോൾ, രാജ്യത്ത് ബ്ലൂ-കോളർ, ഗ്രേ-കോളർ തൊഴിൽ മേഖലയിലും ചരിത്രപരമായ മാറ്റം പ്രകടമാകുന്നതായി പഠന റിപ്പോർട്ട് പറയുന്നു.
മികച്ച ശമ്പളവും സുരക്ഷിതമായ ഭാവിയും ലക്ഷ്യമിട്ട് സ്വന്തം നാടുവിട്ട് മറ്റ് നഗരങ്ങളിലേക്ക് ജോലിക്കായി കുടിയേറുന്ന തൊഴിലാളികളുടെ എണ്ണത്തിൽ വൻ വർധനവാണ്. പ്രത്യേകിച്ച് സ്ത്രീകളും ആദ്യമായി ജോലിക്ക് ശ്രമിക്കുന്നവരും വലിയ തോതിൽ ഈ മാറ്റത്തിന് മുന്നിൽ നിൽക്കുന്നു.
പ്രമുഖ തൊഴിൽ പ്ലാറ്റ്‌ഫോമായ 'വർക്ക്ഇന്ത്യ' (WorkIndia) പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടിലാണ് തൊഴിൽ സംസ്കാരത്തിൽ ഉണ്ടാകുന്ന വലിയ മാറ്റത്തെക്കുറിച്ച് വ്യക്തമാക്കുന്നത്. 2026 ജനുവരി മുതൽ ഏപ്രിൽ വരെയുള്ള കാലയളവിലെ വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. നിർമ്മാണം, ഡെലിവറി, ഓഫീസ് അസിസ്റ്റന്റ്, സെയിൽസ് തുടങ്ങിയ മേഖലകളാണ് ബ്ലൂ കോളര്‍ ഗ്രേ കോളര്‍ ജോലികളുടെ ഗണത്തിൽ വരുന്നത്.
റിപ്പോർട്ട് പ്രകാരം 2026-ന്റെ ആദ്യ നാല് മാസങ്ങളിൽ മാത്രം സ്വന്തം നഗരത്തിന് പുറത്തുള്ള തൊഴിലവസരങ്ങൾക്കായി 86 ലക്ഷം അപേക്ഷകളാണ് കൈകാര്യം ചെയ്യപ്പെട്ടത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 65 ലക്ഷമായിരുന്നു. അതായത്, അന്യനഗരങ്ങളിലെ ജോലികൾക്കായുള്ള അപേക്ഷകളിൽ 31.4 ശതമാനത്തിന്റെ വാർഷിക വർധനവ് ഉണ്ടായിട്ടുണ്ട്.
സ്വന്തം നഗരങ്ങളിൽ തന്നെ ജോലി അന്വേഷിക്കുന്നവരുടെ എണ്ണത്തിലുണ്ടായ വർധനവ് 20.2 ശതമാനം മാത്രമാണ്. ഇതിലൂടെ, പ്രാദേശികമായി ജോലി അന്വേഷിക്കുന്നവരേക്കാൾ 1.5 മടങ്ങ് വേഗത്തിലാണ് മറ്റ് നഗരങ്ങളിലേക്ക് മാറാൻ തയ്യാറാകുന്നവരുടെ എണ്ണം കൂടുന്നതെന്ന് വ്യക്തമാകുന്നു. നിലവിൽ ഈ പ്ലാറ്റ്‌ഫോമിലെ നാലിൽ ഒരാൾ വീതം (24.1%) സ്വന്തം നാടിന് പുറത്ത് ജോലി ചെയ്യാൻ താല്പര്യപ്പെടുന്നവരാണ്.
വഴിമാറുന്ന ലിംഗ വ്യത്യാസവും
അഭിരുചികളും
വർഷങ്ങളായി പുരുഷന്മാർ മാത്രം കൂടുതലായി കുടിയേറിയിരുന്ന ഈ തൊഴിൽ മേഖലയിലേക്ക് ഇപ്പോൾ സ്ത്രീകളും വലിയ തോതിൽ കടന്നുവരുന്നു. മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങൾക്കായി സ്വന്തം നാടുവിടാൻ സ്ത്രീകൾ കാണിക്കുന്ന ഈ താല്പര്യം ലിംഗവിവേചനത്തിന്റെ കാലങ്ങളായുള്ള വിടവ് കുറയ്ക്കുന്നു. വിടവ് നികത്തലിന് വലിയ സഹായകമായി മാറുന്നു.
പരിചയസമ്പന്നരായ തൊഴിലാളികളെ അപേക്ഷിച്ച് ആദ്യമായി തൊഴിൽ വിപണിയിൽ ഇറങ്ങുന്ന തുടക്കക്കാരാണ് നഗരങ്ങൾ മാറാൻ കൂടുതൽ താല്പര്യം കാണിക്കുന്നത്. തുടക്കക്കാരുടെ അപേക്ഷകളിൽ 11 ശതമാനം വർധനവ് രേഖപ്പെടുത്തിയപ്പോൾ, പരിചയസമ്പന്നരായ തൊഴിലാളികളുടെ അപേക്ഷകളിൽ 5 ശതമാനം വർധനവ് മാത്രമാണ് ഉള്ളത്.
വെറും മാറ്റമല്ല
ലേബർ, ഓഫീസ് ജോലികൾ, സെയിൽസ്, ഹെൽത്ത് കെയർ ആരോഗ്യ മേഖല തുടങ്ങിയ രംഗങ്ങളിൽ പ്രവർത്തിക്കുന്നവരാണ് മെച്ചപ്പെട്ട ശമ്പളത്തിനായി മറ്റ് നഗരങ്ങളിലേക്ക് മാറാൻ കൂടുതൽ താല്പര്യം കാണിക്കുന്നത്.
മാനുഫാക്ചറിംഗ്, ഡെലിവറി, ഡ്രൈവിംഗ്, ഓട്ടോമൊബൈൽ, ഗാർഹിക ജോലികൾ തുടങ്ങിയ പരമ്പരാഗത മേഖലകളിൽ നിന്നാണ് ഇപ്പോഴും ഏറ്റവും കൂടുതൽ അപേക്ഷകർ ഉള്ളത്. എങ്കിലും ഈ മേഖലകളിലെ കുടിയേറ്റ നിരക്ക് ഇപ്പോൾ ഒരു സ്ഥിരത കൈവരിക്കയാണ് ചെയ്തത്.
ടയർ-2 നഗരങ്ങൾ
മെട്രോ നഗരങ്ങളായ മുംബൈ, ഡൽഹി, ബെംഗളൂരു എന്നിവയ്ക്ക് പുറമെ ഇന്ത്യയിലെ രണ്ടാം നിര നഗരങ്ങളിലേക്കും ഇപ്പോൾ തൊഴിലാളികൾ വൻതോതിൽ ആകർഷിക്കപ്പെടുന്നുണ്ട്. അഹമ്മദാബാദ്, ജയ്പൂർ, കോയമ്പത്തൂർ, ഇൻഡോർ, ലഖ്‌നൗ തുടങ്ങിയ നഗരങ്ങളിലെ തൊഴിലുടമകൾ നിയമനങ്ങൾ വൻതോതിൽ വർധിപ്പിച്ചിട്ടുണ്ട്. മെട്രോ നഗരങ്ങളിലെ ഉയർന്ന ജീവിതച്ചെലവും വീട്ടുവാടകയും ഒഴിവാക്കാനും, മികച്ച ജീവിതനിലവാരം ഉറപ്പാക്കാനും തൊഴിലാളികൾ ഈ നഗരങ്ങളെ തെരഞ്ഞെടുക്കുന്നു.
പട്നയിലെ ഒരു സ്ത്രീ പൂനെയിലെ ഹെൽത്ത് കെയർ ജോലിക്ക് അപേക്ഷിക്കുന്നതും, ഭോപ്പാലിലെ ഒരു യുവാവ് ബെംഗളൂരുവിലെ ഓഫീസ് ജോലിക്കായി ശ്രമിക്കുന്നതും ഇപ്പോൾ സാധാരണമായിക്കഴിഞ്ഞു. കുടിയേറ്റം എന്നത് ഇപ്പോൾ പുരുഷന്മാർ മാത്രം ചെയ്യുന്ന, അല്ലെങ്കിൽ മെട്രോ നഗരങ്ങളെ മാത്രം ലക്ഷ്യമാക്കിയുള്ള ഒരു അവസാന ആശ്രയമല്ല. മറിച്ച് ലക്ഷക്കണക്കിന് ഇന്ത്യക്കാർ, പ്രത്യേകിച്ച് സ്ത്രീകളും തുടക്കക്കാരും ബോധപൂർവ്വം തെരഞ്ഞെടുക്കുന്ന ഒരു കരിയർ മാർഗ്ഗമായി.
മുപ്പത്തിയഞ്ച് ദശലക്ഷത്തിലധികം തൊഴിൽ അപേക്ഷകൾ വിശകലനം ചെയ്ത് തയ്യാറാക്കിയതാണ് ഈ റിപ്പോർട്ട് എന്നാണ് വര്‍ക്ക് ഇന്ത്യ വ്യക്തമാക്കുന്നത്.










0 comments