മോശമായി സ്പർശിച്ചു, അധിക്ഷേപിച്ചു; നടുറോഡിൽ അതിക്രമം കാണിച്ച വയോധികനെ തല്ലി ഇൻഫ്ലുവൻസർ

മോണിക്ക കബീര്‍ പങ്കുവച്ച വീഡിയോയില്‍ നിന്നും
ധാക്ക: ബംഗ്ലാദേശിലെ തിരക്കേറിയ തെരുവിൽ ഷൂട്ടിംഗിനിടയിൽ തന്നെ ശല്യം ചെയ്യാൻ ശ്രമിച്ച വയോധികനെതിരെ പ്രതികരിച്ച് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ മോണിക്ക കബീർ. വയോധികൻ തന്നെ മോശമായ രീതിയിൽ സ്പർശിച്ചതിനുപിന്നാലെ അധിക്ഷേപകരമായ വാക്കുകൾ ഉപയോഗിച്ചുവെന്ന് ആരോപിച്ചാണ് മോണിക്ക ഇയാൾക്കെതിരെ തിരിഞ്ഞത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
ധാക്കയിലെ തെരുവിൽ പ്രൊമോഷണൽ ഷൂട്ടിനിടെയാണ് സംഭവം. നടന്നു പോകാൻ ആവശ്യത്തിന് സ്ഥലമുണ്ടായിട്ടും വയോധികൻ മോണിക്കയുടെ അടുത്തുകൂടി ഉരസിപ്പോകാൻ ശ്രമിക്കുകയും കയ്യിലുണ്ടായിരുന്ന ബാഗ് കൊണ്ട് തള്ളുകയും ചെയ്തു. ഇതിനെതിരെ തൽക്ഷണം പ്രതികരിച്ച മോണിക്ക തന്റെ കയ്യിലുണ്ടായിരുന്ന ബാഗ് ഉപയോഗിച്ച് ഇയാളെ അടിക്കുകയായിരുന്നു. താൻ ചെയ്തത് സ്വയരക്ഷയ്ക്കുള്ള അവകാശമാണെന്നും വെറും സ്പർശനം മാത്രമല്ല, ഇയാൾ അശ്ലീല കമന്റുകൾ കൂടി പറഞ്ഞതായും മോണിക്ക ഇൻസ്റ്റാഗ്രാമിലൂടെ വ്യക്തമാക്കി.
അതേസമയം, വീഡിയോ പുറത്തുവന്നതോടെ സോഷ്യൽ മീഡിയ രണ്ട് തട്ടിലായിരിക്കുകയാണ്. സ്ത്രീസുരക്ഷയ്ക്ക് വേണ്ടി മോണിക്ക ചെയ്തത് ധീരമായ കാര്യമാണെന്ന് ഒരു വിഭാഗം വാദിക്കുമ്പോൾ, വീഡിയോ വൈറലാക്കാൻ വേണ്ടിയുള്ള അനാവശ്യമായ പ്രതികരണമാണിതെന്ന് മറ്റൊരു വിഭാഗം കുറ്റപ്പെടുത്തുന്നു. റഷ്യയിൽ ജനിച്ച് ബംഗ്ലാദേശിൽ മോഡലിംഗ് രംഗത്ത് സജീവമായ മോണിക്ക കബീർ, ഇതിനുമുൻപും ധാക്ക മെട്രോയിലെ ജിംനാസ്റ്റിക്സ് പ്രകടനങ്ങളിലൂടെ വാർത്തകളിൽ ഇടംപിടിച്ചിട്ടുണ്ട്.










0 comments