അയോധ്യക്ക് പിന്നാലെ ഉജ്ജയിൻ തട്ടിപ്പും
print edition ‘ഇഡിയെ വിളിക്കുന്നില്ലേ മോദി’

മോഹൻ യാദവും നരേന്ദ്രമോദിയും
ന്യൂഡൽഹി : അയോധ്യ രാമക്ഷേത്രത്തിലെ കോടികളുടെ തട്ടിപ്പിന് പിന്നാലെ മധ്യപ്രദേശ് മുഖ്യമന്ത്രി പുരാതന നഗരമായ ഉജ്ജയിനിൽ നടത്തിയ ഭൂമി കുംഭകോണവും പുറത്തായതോടെ വെട്ടിലായി ബിജെപി. പ്രതിപക്ഷ നേതാക്കൾക്കെതിരെ കേന്ദ്രഏജൻസികളെ അഴിച്ചുവിടുന്ന കേന്ദ്രസർക്കാർ മൗനത്തിലാണ്. ‘എന്തേ ഇഡിയെ വിളിക്കുന്നില്ലേ മോദി’ എന്ന ചോദ്യം സമൂഹമാധ്യമങ്ങളിൽ നിറയുന്നുണ്ട്.
റിയൽഎസ്റ്റേറ്റ് സാമ്രാജ്യം നടത്തുന്ന മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവിന്റെയും കുടുംബത്തിന്റെയും തട്ടിപ്പിനെ ന്യായീകരിക്കാൻ ഒരുവഴിയുമില്ലാതെ നിൽക്കുകയാണ് ബിജെപി നേതൃത്വം. മുഖ്യമന്ത്രിയായതിന് ശേഷം ഉറ്റബന്ധുക്കൾ ഉജ്ജയിനിൽ വാങ്ങിക്കൂട്ടിയ 168 ഏക്കറിന്റെ കാര്യത്തിലും അവിടെ അടിസ്ഥാനസൗകര്യ വികസനമെന്ന പേരിൽ സർക്കാർ നടത്തിയ ഇടപെടലുകളിലും ന്യായീകരിക്കാൻ ഒന്നുമില്ലാത്ത അവസ്ഥയാണ്. മുഖം രക്ഷിക്കാൻ മോഹൻ യാദവിനെ മാറ്റണമെന്ന ആവശ്യവും ചില നേതാക്കൾ ഉന്നയിച്ചു.
ജുഡീഷ്യൽ അന്വേഷണം വേണമെന്ന ആവശ്യത്തിൽ പ്രതിപക്ഷം ഉറച്ചുനിൽക്കുകയാണ്. ഉജ്ജയിൻ മാസ്റ്റർ പ്ലാൻ അനുസരിച്ചുള്ള വികസനപദ്ധതികൾക്ക് സമീപമുള്ള ഭൂമി മുഴുവൻ മുഖ്യമന്ത്രിയുടെ കുടുംബമാണ് വാങ്ങിക്കൂട്ടിയത്. ഉറ്റബന്ധുക്കളുടെ കീശ വീർപ്പിക്കാൻ അധികാരദുർവിനിയോഗം നടത്തിയ മോഹൻയാദവ് മുഖ്യമന്ത്രി പദവി രാജിവെക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. വരുന്ന നിയമസഭാ സമ്മേളനത്തിൽ വിഷയം മുഖ്യ ചർച്ചാവിഷയമാക്കാനും പ്രതിപക്ഷ നീക്കം തുടങ്ങി.









0 comments