ഇന്ത്യയുടേത് നിർജീവ സമ്പദ്‌വ്യവസ്ഥയെന്ന് ട്രംപ്
പരിഹസിച്ച് ട്രംപ് , നാണംകെട്ട് മോദി ; പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് മൗനിയായി മോദി

ന്യൂഡൽഹി
ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം തീരുവ ചുമത്തിയിട്ടും ഇന്ത്യയുടേത് നിർജീവ സമ്പദ് വ്യവസ്ഥയാണെന്ന് പരിഹസിച്ചിട്ടും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ പ്രതികരിക്കാതെ നാണംകെട്ട് മോദി സർക്കാർ. ഇന്ത്യയെ അപഹസിക്കുംവിധം സംസാരിച്ചിട്ടും ‘ഫ്രണ്ടി’നെ തള്ളിപ്പറയാത്ത മോദി, പാർലമെന്റിൽ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് മുന്നില്‍ മൗനിയായി.
ഇന്ത്യക്ക് തീരുവ പ്രഖ്യാപിച്ചതിന് പിന്നാലെ, പാകിസ്ഥാനുമായി എണ്ണപ്പാടം വികസിപ്പിക്കുന്നതിന് കരാറിലേർപ്പെട്ട ട്രംപ് ഒരു ദിവസം പാകിസ്ഥാൻ ഇന്ത്യക്ക് എണ്ണ നൽകുമെന്ന് പരിഹസിക്കുകയുംചെയ്‌തു. ഇന്ത്യ റഷ്യയിൽനിന്ന് ആയുധവും എണ്ണയും വാങ്ങുന്നതിനെയും ട്രംപ് വിമർശിച്ചു.
സമ്പദ്‌വ്യവസ്ഥയെയും വിദേശനയങ്ങളെയും അടിയറ വയ്‌ക്കുന്ന മോദി സർക്കാരിനെതിരെ പാർലമെന്റിൽ പ്രതിപക്ഷം ശക്തമായി പ്രതിഷേധിച്ചു. ട്രംപ് നുണയനാണെന്ന് പറയാൻ മോദി തയ്യാറാകാത്തതെന്തെന്ന് പ്രതിപക്ഷ അംഗങ്ങൾ ചോദിച്ചു. ചോദ്യങ്ങൾക്ക് മുഖം നൽകാൻ പോലും പ്രധാനമന്ത്രിക്കോ ധനമന്ത്രിക്കോ കഴിഞ്ഞില്ല. കേന്ദ്രസർക്കാരിന്റെ അമേരിക്കൻ വിധേയത്വത്തിന് ട്രംപ് നൽകിയ പാരിതോഷികമാണ് കനത്ത തീരുവയെന്നും പ്രതിപക്ഷം പരിഹസിച്ചു.
അനധികൃത കുടിയേറ്റമെന്നാരോപിച്ച് ഇന്ത്യക്കാരെ കൈവിലങ്ങണിയിച്ച് നടതള്ളിയിട്ടും ട്രംപിനോടുള്ള വിധേയത്വം മോദി തുടർന്നു. എന്നാല്‍, ട്രംപിൽനിന്ന് ഒരിളവും ഇന്ത്യക്ക് ലഭിച്ചില്ല. ഓപറേഷൻ സിന്ദൂറിൽ വെടിനിർത്തലിന് ഇടപെട്ടെന്ന ട്രംപിന്റെ വാദത്തെക്കുറിച്ചുപോലും പേര് പറയാതെ മയപ്പെടുത്തിയാണ് പാർലമെന്റിൽ മോദി പരാമർശിച്ചത്.
ഇന്ത്യക്കാരായ ജീവനക്കാരെ നിയമിക്കുന്നത് അവസാനിപ്പിക്കണമെന്ന് മൈക്രോസോഫ്‌റ്റ്, ഗൂഗിൾ പോലുള്ള വൻകിട ടെക് കമ്പനികൾക്ക് ട്രംപ് നിർദേശം നൽകിയിരുന്നു. റഷ്യയിൽനിന്നും ഇറാനിൽനിന്നും എണ്ണ വാങ്ങുന്ന ചില ഇന്ത്യൻ കമ്പനികൾക്ക് ഉപരോധവും ഏർപ്പെടുത്തി. ഇന്ത്യയിൽനിന്നുള്ള വിദ്യാർഥികൾക്ക് ഏർപ്പെടുത്തിയ വിസാ നിയന്ത്രണങ്ങൾ ഇപ്പോഴും നിലനിൽക്കുകയാണ്.
ഇന്ത്യയുടേത് നിർജീവ സമ്പദ്‌വ്യവസ്ഥയെന്ന് ട്രംപ്
ഇന്ത്യയുടെയും റഷ്യയുടെയും നിർജീവ സമ്പദ്‌വ്യവസ്ഥകളാണെന്നും അത് വീണ്ടും കൂപ്പുകുത്താമെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് സമൂഹമാധ്യമത്തിൽ കുറിച്ചു.
‘ ഇന്ത്യ റഷ്യയുമായി എന്ത് ചെയ്യുന്നുവെന്നത് അമേരിക്കയ്‌ക്ക് വിഷയമല്ല. ഇന്ത്യക്കും റഷ്യക്കും നിർജീവ സമ്പദ്‌വ്യവസ്ഥകളുമായി ഒരുമിച്ച് കൂപ്പുകുത്താം. രണ്ടു രാജ്യങ്ങളുമായും അമേരിക്ക കുറഞ്ഞ വ്യാപാരമേ നടത്തുന്നുള്ളു. ലോകത്തിൽ ഏറ്റവും ഉയർന്ന തീരുവകളുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ’–ട്രംപ് കുറിച്ചു.
രാജ്യതാൽപ്പര്യം സംരക്ഷിക്കുമെന്ന് കേന്ദ്രമന്ത്രി
രാജ്യതാൽപ്പര്യം സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടിയും സ്വീകരിക്കുമെന്ന് വാണിജ്യമന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു. മാർച്ചിൽ ഇന്ത്യയും അമേരിക്കയും വ്യാപാരക്കരാറിനായി ചർച്ചകൾ തുടങ്ങി. ഒക്ടോബർ–-നവംബറോടെ ആദ്യഘട്ടം യാഥാർഥ്യമാക്കാൻ ഉദ്ദേശിച്ചിരിക്കവെയാണ് തീരുവ സംബന്ധിച്ച അമേരിക്കയുടെ പ്രഖ്യാപനം. ഇതിന്റെ പ്രത്യാഘാതങ്ങൾ വാണിജ്യമന്ത്രാലയം പരിശോധിക്കുന്നുണ്ട്. ബന്ധപ്പെട്ട കക്ഷികളുമായി ആലോചിച്ച് തുടർനടപടികൾ സ്വീകരിക്കും–- ഗോയൽ പാർലമെന്റിനെ അറിയിച്ചു.









0 comments