Deshabhimani

print edition മോദിയുടെ പൊള്ളത്തരം പുറത്ത്‌

modi
വെബ് ഡെസ്ക്

Published on Sep 04, 2026, 01:30 AM | 1 min read

ന്യൂഡൽഹി : കഴിഞ്ഞ സാമ്പത്തികവർഷം ആദ്യപാദത്തിലെ ‘നോമിനൽ ജിഡിപി’യിൽ (വിലക്കയറ്റം കൂടി പരിഗണിച്ചുള്ള വളർച്ച) 6.05 ലക്ഷം കോടി രൂപയുടെ വെട്ടിക്കുറവ്‌ വരുത്തി കേന്ദ്ര സർക്കാർ തയ്യാറാക്കിയ ജിഡിപി കണക്ക് സംശയത്തില്‍. നടപ്പുവർഷം ഒന്നാംപാദത്തിൽ മുൻവർഷത്തെ അപേക്ഷിച്ച്‌ 7.8 ശതമാനം വളർച്ച നേടിയെന്നാണ്‌ സർക്കാർ വാദം.


എന്നാൽ കഴിഞ്ഞ സാമ്പത്തികവർഷം ആദ്യപാദത്തിലെ നോമിനൽ ജിഡിപിയിൽ വലിയ വെട്ടിക്കുറവ്‌ വരുത്തിയാണ്‌ പുതിയ കണക്ക് തയ്യാറാക്കിയതെന്നത് പുറത്തായതോടെ കേന്ദ്രസർക്കാർ പ്രതിരോധത്തില്‍. ഒന്നും രണ്ടും മോദി സർക്കാരുകളുടെ കാലത്ത്‌ കേന്ദ്ര ധനസെക്രട്ടറിയായ സുഭാഷ്‌ ഗാർഗ്‌ ആണ്‌ നോമിനൽ ജിഡിപിയിലെ വൻ വെട്ടിക്കുറവ്‌ പുറത്തുകൊണ്ടുവന്നത്‌.


കഴിഞ്ഞ സാമ്പത്തികവർഷം ആദ്യപാദത്തിൽ നോമിനൽ ജിഡിപി 86.05 ലക്ഷം കോടി രൂപയായിരുന്നു. എന്നാൽ നടപ്പുവർഷം ആദ്യപാദത്തിലെ വളർച്ചാക്കണക്കുകൾ തയ്യാറാക്കുന്ന ഘട്ടത്തിൽ കഴിഞ്ഞ വർഷത്തെ നോമിനൽ ജിഡിപി 80 ലക്ഷം കോടിയിലേക്ക്‌ സർക്കാർ ചുരുക്കി. നടപ്പുവർഷത്തെ നോമിനൽ ജിഡിപിയായി 88.27 ലക്ഷം കോടി നിശ്‌ചയിക്കുകയും ചെയ്‌തു. ഇതുവഴി നോമിനൽ ജിഡിപിയിൽ 10.3 ശതമാനം വളർച്ചയും റിയൽ ജിഡിപിയിൽ 7.8 ശതമാനം വളർച്ചയും കൈവരിച്ചെന്ന അവകാശത്തിലായി സർക്കാർ.


മുൻവർഷത്തെ കണക്ക്‌ തിരുത്തിയില്ലായിരുന്നെങ്കിൽ നോമിനൽ ജിഡിപി വളർച്ച വെറും 2.6 ശതമാനം മാത്രമാകുമെന്ന് സുഭാഷ്‌ ഗാർഗ്‌ ചൂണ്ടിക്കാട്ടി. റിയൽ ജിഡിപി ഏതാണ്ട്‌ പൂജ്യത്തോട്‌ അടുത്താകുമെന്നും അദ്ദേഹം വിശദീകരിച്ചു. നോമിനൽ ജിഡിപി എന്തിനാണ് കുറച്ചതെന്നും 6.05 ലക്ഷം കോടി രൂപ വെട്ടിയതിന്റെ അടിസ്ഥാനം എന്താണെന്നും വിശദീകരിക്കാൻ കേന്ദ്ര സ്ഥിതിവിവര വകുപ്പിന്‌ കഴിഞ്ഞിട്ടില്ല. ​ജിഡിപി കണക്കാക്കുന്നതിന്റെ അടിസ്ഥാനവർഷം 2011–12 വർഷത്തിൽ നിന്നും 2022–23 വർഷത്തിലേക്ക്‌ മാറ്റിയതുകൊണ്ടാണ്‌ നോമിനൽ ജിഡിപിയിൽ വലിയ വെട്ടിക്കുറവ്‌ വരുത്തിയതെന്ന സർക്കാർ അവകാശവാദത്തെ സാമ്പത്തികവിദഗ്‌ധർ മുഖവിലയ്‌ക്കെടുക്കുന്നില്ല. സുഭാഷ്‌ ഗാർഗ്‌ ഉന്നയിച്ചത്‌ ഗ‍ൗരവകരമായ ചോദ്യമാണെന്നും മറുപടി നൽകാൻ സർക്കാർ ബാധ്യസ്ഥമാണെന്നും മുൻ കൽക്കരി സെക്രട്ടറി അനിൽ സ്വരൂപ്‌ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home