print edition യുഎസുമായി യോജിച്ച് പ്രവർത്തിക്കും ; മോദി ട്രംപുമായി ഫോണിൽ ചർച്ച

ന്യൂഡൽഹി
റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിന്റെ ഇന്ത്യാസന്ദർശനത്തിലുള്ള നീരസം തീർക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
രണ്ടുദിവസത്തെ ഇന്ത്യ–യുഎസ് ഉഭയകക്ഷി വ്യാപാരകരാർ ചർച്ച പൂർത്തിയായതിന് പിന്നാലെയാണ് മോദിയും ട്രംപും ഫോണിൽ സംസാരിച്ചത്. വ്യാപാരം, സാങ്കേതികമേഖലകൾ, ഉൗർജം, പ്രതിരോധം, സുരക്ഷ തുടങ്ങിയ മേഖലകളിലെ സഹകരണം ഇരുനേതാക്കളും വിലയിരുത്തിയതായാണ് റിപ്പോർട്ട്.
ട്രംപുമായി സംസാരിച്ചെന്നും ഉഭയകക്ഷി ബന്ധങ്ങളിലെ പുരോഗതി വിലയിരുത്തിയെന്നും മോദി സമൂഹമാധ്യമത്തിൽ കുറിച്ചു. മേഖലാതല–അന്തർദേശീയ സംഭവവികാസങ്ങൾ ചർച്ചചെയ്‌തു. ആഗോള സമാധാനത്തിനും സുസ്ഥിരതയ്ക്കും സമൃദ്ധിക്കുമായി ഇന്ത്യയും യുഎസും തുടർന്നും യോജിച്ച് പ്രവർത്തിക്കുമെന്ന് മോദി പറഞ്ഞു.
രണ്ടുദിവസത്തെ ഇന്ത്യ– യുഎസ് ഉഭയകക്ഷി വ്യാപാര ചർച്ച ഡൽഹിയിൽ പൂർത്തിയായതിന് പിന്നാലെയാണ് ഇരുനേതാക്കളുടെയും ആശയവിനിമയം. വ്യാപാര ചർച്ചകൾക്കായി യുഎസ് ഉപവ്യാപാര പ്രതിനിധി റിക്ക് സ്വിറ്റ്‌സറിന്റെ നേതൃത്വത്തിലുള്ള യുഎസ് സംഘം ബുധനാഴ്‌ച എത്തിയിരുന്നു. ട്രംപ് ചുമത്തിയ 50 ശതമാനം പ്രതികാര തീരുവ പുതിയൊരു വ്യാപാര കരാറിലൂടെ ഒഴിവാക്കാനാണ് മോദി സർക്കാരിന്റെ ശ്രമം.
ഇതിനു പകരമായി ഇന്ത്യയുടെ കാർഷികമേഖല കൂടുതലായി തുറന്നുകിട്ടണമെന്ന ആവശ്യമാണ് യുഎസ് മുന്നോട്ടുവയ്ക്കുന്നത്. ഒപ്പം പ്രതിരോധ–ഉൗർജ മേഖലകളിൽ അമേരിക്കൻ ഉൽപ്പന്നങ്ങൾ കൂടുതലായി വാങ്ങണമെന്ന നിബന്ധനയുമുണ്ട്.










0 comments