print edition ട്രംപ് മോദി കൂടിക്കാഴ്‌ച ഉടനില്ല ; വ്യാപാരക്കരാർ പ്രഖ്യാപനം വൈകും

ന്യൂഡൽഹി
ആസിയാൻ ഉച്ചകോടിയിൽ പങ്കെടുക്കാൻ മലേഷ്യയിലേക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. ഓൺലൈനായി മാത്രമാകും പങ്കെടുക്കുകയെന്ന് മോദി സമൂഹമാധ്യമത്തിൽ കുറിച്ചു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഞായറാഴ്‌ച തുടങ്ങുന്ന ഉച്ചകോടിയിൽ പങ്കെടുക്കാൻ മലേഷ്യയിലെത്തുന്നുണ്ട്. മലേഷ്യയിൽ മോദി–ട്രംപ് കൂടിക്കാഴ്‌ചയുണ്ടാകുമെന്നും ഇന്ത്യ–യുഎസ് വ്യാപാരക്കരാർ പ്രഖ്യാപിക്കുമെന്നും വാർത്തകളുണ്ടായിരുന്നു. എന്നാൽ മലേഷ്യൻ സന്ദർശനം മോദി തന്നെ നിഷേധിച്ചതോടെ ഇന്ത്യാ–യുഎസ് വ്യാപാരക്കരാർ പ്രഖ്യാപനം ഉടനുണ്ടാകില്ലെന്ന് തീർച്ചയായി.
മോദിക്ക് പകരം വിദേശമന്ത്രി എസ് ജയ്‌ശങ്കറാകും ആസിയാൻ ഉച്ചകോടിയിൽ ഇന്ത്യയെ പ്രതിനിധീകരിക്കുക. 2014ൽ അധികാരമേറ്റശേഷം ഒരു വർഷമൊഴികെ എല്ലാ ആസിയാൻ ഉച്ചകോടികളിലും മോദി നേരിട്ട് പങ്കെടുത്തിരുന്നു. ഇക്കുറി മലേഷ്യൻ പ്രധാനമന്ത്രി ക്ഷണിച്ചിട്ടും മോദി വിട്ടുനിൽക്കുന്നത് ദുരൂഹം. ട്രംപുമായുള്ള കൂടിക്കാഴ്‌ച ഒഴിവാക്കാനാണ് മോദി മലേഷ്യൻ സന്ദർശനം റദ്ദാക്കിയതെന്ന് പ്രതിപക്ഷ പാർടികൾ ചൂണ്ടിക്കാട്ടി. ദീപാവലി ആശംസ നേരുന്നതിനായി ചൊവ്വാഴ്‌ച ട്രംപ് മോദിയെ വിളിച്ചിരുന്നു. ആശംസകൾക്ക് മോദി നന്ദി അറിയിച്ചു. റഷ്യൻ ക്രൂഡോയിൽ വാങ്ങുന്നത് കുറയ്‌ക്കുമെന്ന് മോദി ഉറപ്പുനൽകിയതായി ട്രംപ് അവകാശപ്പെട്ടിരുന്നു. എന്നാൽ മോദിയോ വിദേശ മന്ത്രാലയമോ ഇതിനോട് പ്രതികരിച്ചിട്ടില്ല.
വ്യാപാരക്കരാറിൽ ഒപ്പിടണമെങ്കിൽ റഷ്യൻ ക്രൂഡോയിൽ ഇറക്കുമതി കുറയ്‌ക്കണമെന്നാണ് അമേരിക്കയുടെ നിബന്ധന. മുന്നോട്ടുവച്ചിട്ടുണ്ട്. ഒപ്പം യുഎസിൽനിന്ന് ക്രൂഡോയിലും പ്രതിരോധ ഉപകരണങ്ങളും കാർഷികോൽപ്പന്നങ്ങളും മറ്റും കൂടുതൽ വാങ്ങണമെന്നും ആവശ്യമുണ്ട്.









0 comments