ട്രംപിന് പാദസേവ ; അമേരിക്കൻ എണ്ണ വാങ്ങുന്നത് വർധിപ്പിക്കാൻ മോദി സർക്കാർ

ന്യൂഡൽഹി
ഇന്ത്യക്കുമേലുള്ള അധികതീരുവ 50 ശതമാനമാക്കി വര്‍ധിപ്പിച്ചിട്ടും യുഎസ് വിധേയത്വം വിടാതെ മോദി സര്‍ക്കാര്‍. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ പ്രീണിപ്പിക്കാൻ കേന്ദ്രസർക്കാർ യുഎസിൽ നിന്നുള്ള ഇന്ധന ഇറക്കുമതി ഗണ്യമായി വർധിപ്പിക്കുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കുന്നുവെന്ന് റിപ്പോര്‍ട്ട്. പേറ്റന്റ് ചട്ടങ്ങളിൽ വെള്ളം ചേർക്കുക, ജനിതകമാറ്റം വരുത്തിയ ചേരുവകളുള്ള കാലിത്തീറ്റകൾ ഇറക്കുമതി ചെയ്യുക, ഇ – കൊമേഴ്‌സ് മേഖല പൂർണമായും തുറന്നുകൊടുക്കുക തുടങ്ങിയ കാര്യങ്ങളാണ് പരിഗണനയിലുള്ളത്. ട്രംപ് വീണ്ടും അധികാരമേറ്റതിന് പിന്നാലെ അമേരിക്കയിൽ നിന്നുള്ള ക്രൂഡ്‌ഓയിൽ ഇറക്കുമതി മോദി സർക്കാർ കൂട്ടിയിരുന്നു. ഇൗ വർഷം ആദ്യ പകുതിയിൽ മുൻവർഷത്തെ അപേക്ഷിച്ച് അമേരിക്കയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി 51 ശതമാനമാണ് വർധിപ്പിച്ചത്. ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിൽ ട്രംപിനുള്ള കടുത്ത അതൃപ്‌തി മറികടക്കാൻ ഇത് ഇനിയും കൂട്ടാനാണ് മോദിയുടെ നീക്കം.
ഇന്ത്യ, യുഎസ് വ്യാപാര കരാറിൽ എത്രയും വേഗത്തിൽ തീരുമാനമെടുക്കാന്‍ ഡൽഹിയിൽ ചൊവ്വാഴ്ച നടന്ന ചർച്ചയിൽ ധാരണയായെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയം പ്രസ്‌താവനയിൽ അറിയിച്ചിരുന്നു. ട്രംപിന്റെ നിർദേശ പ്രകാരം ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള യുഎസിന്റെ വ്യാപാര പ്രതിനിധി ബ്രൻഡൺ ലിഞ്ചിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഡൽഹിയിൽ ഏഴ് മണിക്കൂർ നീണ്ട ചർച്ച നടത്തിയത്.
ട്രംപിന്റെ തീരുവപ്രഹരത്തിന് പിന്നാലെ വ്യാപാരകരാറുമായി ബന്ധപ്പെട്ട ആറാംഘട്ട ചർച്ചകൾ ഇന്ത്യയും അമേരിക്കയും നിർത്തിവച്ചിരുന്നു. എന്നാൽ ചർച്ചകൾ പുനരാരംഭിക്കുന്നതിന് മുൻകൈ എടുത്തത് ഇന്ത്യയാണെന്ന് ട്രംപിന്റെ ഉപദേഷ്ടാവായ പീറ്റർ നവാരോ കഴിഞ്ഞദിവസം വെളിപ്പെടുത്തി.
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരില്‍ അമേരിക്ക ചുമത്തിയ 25 ശതമാനം അധികതീരുവ ഒഴിവാക്കണമെന്നാണ് ബ്രൻഡൻ ലിഞ്ചുമായുള്ള ചര്‍ച്ചയിൽ ഇന്ത്യ പ്രധാനമായും മുന്നോട്ടുവച്ചത്. എന്നാൽ, ഇൗ കാര്യത്തിൽ ഉറപ്പ് നൽകാൻ യുഎസ് വ്യാപാര പ്രതിനിധി തയ്യാറായില്ല. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ അവസാനിപ്പിക്കണമെന്ന കടുംപിടുത്തത്തിലാണ് അമേരിക്ക. ഇന്ത്യയുടെ കാർഷിക, ക്ഷീര വിപണികൾ തുറന്നുകൊടുക്കണമെന്ന ആവശ്യം അമേരിക്ക ആവർത്തിച്ചു.
മോദിക്ക് ട്രംപിന്റെ പിറന്നാള്‍ ആശംസ
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പിറന്നാൾ ആശംസയുമായി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അർദ്ധരാത്രി ഫോണിൽ വിളിച്ചാണ് മോദിക്ക് ട്രംപ് ആശംസകൾ നേർന്നത്. ജൂൺ 17ന് ശേഷം ഇരുനേതാക്കളും ആദ്യമായാണ് ഫോണിൽ സംസാരിക്കുന്നത്. ജന്മദിനാശംസകൾ നേർന്നും മോദിയെ പുകഴ്‌ത്തിയും ട്രംപ് സമൂഹമാധ്യമത്തിലും പോസ്‌റ്റിട്ടു. ട്രംപിനെ വാഴ്ത്തി മോദിയും പോസ്‌റ്റിട്ടു.









0 comments