print edition അമേരിക്കയ്‌ക്ക് വിധേയപ്പെട്ട് മോദി സർക്കാർ

എം പ്രശാന്ത്
Published on Mar 06, 2026, 12:00 AM | 1 min read
ന്യൂഡൽഹി
ചേരിചേരാ കൂട്ടായ്‌മയുടെയും യുദ്ധവിരുദ്ധ പ്രസ്ഥാനങ്ങളുടെയും നായകത്വം ഉണ്ടായിരുന്ന ഇന്ത്യ ഇന്ന് യുദ്ധങ്ങളുടെ മുന്നിൽ അപഹാസ്യമായ മൗനത്തിലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തിൽ അമേരിക്കയുടെ അടിമരാഷ്ട്രമെന്ന പരിഹാസ്യസ്ഥിതിയിലേക്ക് തരംതാണു. ഇന്ത്യയുടെ പരമ്പരാഗത സുഹൃദ്‌രാജ്യമായ ഇറാനെ യുഎസും ഇസ്രയേലും കടന്നാക്രമിച്ച് അവരുടെ പരമോന്നത നേതാവിനെ കൊലപ്പെടുത്തിയിട്ടും പേരിനൊരു പ്രതിഷേധത്തിന് പോലും മോദി സർക്കാർ തയ്യാറായില്ല. ഏറ്റവും ഒടുവിൽ ഇന്ത്യയുടെ ആതിഥേയത്വം സ്വീകരിച്ച് മടങ്ങിയ ഇറാന്റെ പടക്കപ്പലിനെ ഇന്ത്യൻ മഹാസമുദ്രത്തിൽ ടോർപിഡോ ആക്രമണത്തിലൂടെ തകർത്തിട്ടും പ്രതികരിക്കാൻ ബിജെപി സർക്കാർ ധൈര്യപ്പെടുന്നില്ല. ഇറാന് നേരെയുള്ള പടപ്പുറപ്പാടിന് ഇന്ത്യയുടെ തുറമുഖങ്ങളെ അമേരിക്ക ഉപയോഗിക്കുന്നെന്ന ഗുരുതര ആരോപണവും ഉയർന്നുകഴിഞ്ഞു.
2014ൽ അധികാരത്തിലെത്തിയത് മുതൽ ഏതുവിധേനയും യുഎസ് ഭരണാധികാരികളുടെ പ്രീതി പിടിച്ചുപറ്റാനായിരുന്നു മോദിയുടെ ശ്രമം. 2016ൽ അമേരിക്കൻ പ്രസിഡന്റായ ഡോണൾഡ് ട്രംപുമായി സൗഹൃദം സ്ഥാപിക്കാൻ വിവാദ വ്യവസായി അനിൽ അംബാനിയുടെ ഇടനില മോദി തേടിയതായി എപ്‌സ്റ്റീൻ ഫയലുകളിലൂടെ വെളിപ്പെട്ടിരുന്നു. 2017ലെ മോദിയുടെ ഇസ്രയേൽ സന്ദർശനം പോലും ട്രംപിനെ സന്തോഷിപ്പിക്കാനായിരുന്നുവെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.

പഹൽഗാം ആക്രമണത്തെ തുടർന്നുള്ള ഇന്ത്യാ– പാകിസ്ഥാൻ ഏറ്റുമുട്ടൽ താനാണ് അവസാനിപ്പിച്ചതെന്ന അവകാശവാദം പലവട്ടം ട്രംപ് നടത്തിയിട്ടും മോദി മൗനം തുടർന്നു. സർ, ഒന്ന് കാണാൻ അനുവദിക്കുമോ എന്ന് മോദി തന്നോട് അഭ്യർഥിച്ചെന്നും തന്നെ സന്തോഷിപ്പിച്ചുകൊണ്ടേയിരിക്കണമെന്ന് മോദിക്ക് അറിയാമെന്നും ട്രംപ് അവകാശപ്പെട്ടതും ഇന്ത്യയ്‌ക്ക് അപമാനമായി. തന്നെ സന്തോഷിപ്പിക്കുന്നതിനായി മോദി റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തിയെന്നും ട്രംപ് പ്രസ്‌താവിച്ചു. തുടർച്ചയായി അവഹേളിക്കപ്പെട്ടിട്ടും പ്രതികരണമോ പ്രതിഷേധമോ ഉണ്ടായില്ല. ട്രംപിന്റെ തീരുവ യുദ്ധത്തെ ചൈന അടക്കമുള്ള രാജ്യങ്ങൾ പ്രതിരോധിച്ചപ്പോൾ യുഎസിന് മുന്നിൽ മോദി സർക്കാർ മുട്ടിലിഴഞ്ഞു. ട്രംപിന്റെ ഏത് ശാസനയും മോദി സന്തോഷത്തോടെ ഏറ്റുവാങ്ങുമെന്നതിന് ഒടുവിലെ ഉദാഹരണമാണ് ഫെബ്രുവരി അവസാനത്തിൽ നടത്തിയ രണ്ടുദിവസത്തെ ഇസ്രയേൽ സന്ദർശനം. മോദി മടങ്ങിയതിന് പിന്നാലെ യുഎസുമായി ചേർന്ന് ഇസ്രയേൽ ഇറാനെ ആക്രമിച്ചു. അക്രമത്തെ അപലപിച്ചില്ല എന്നതുപോട്ടെ, ഗൾഫ് മേഖലയിലെ യുഎസ് താവളങ്ങൾക്ക് നേരെയുള്ള ഇറാന്റെ ആക്രമണത്തെ ഗൾഫ് രാഷ്ട്രതലവൻമാരുമായുള്ള ഫോൺ സംഭാഷണത്തിൽ പരോക്ഷമായി മോദി വിമർശിക്കുകയും ചെയ്‌തു.










0 comments