ad
Deshabhimani

അദാനിയെ സഹായിക്കാൻ മോദി സർക്കാർ; എൽഐസിയെ കുരുക്കുന്നു- റിപ്പോർട്ട്

modi and adani
വെബ് ഡെസ്ക്

Published on Oct 25, 2025, 12:57 PM | 2 min read

ന്യൂഡൽഹി : അദാനി ഗ്രൂപ്പിനെ സഹായിക്കുന്നതിനായി കേന്ദ്ര സർക്കാർ പൊതുമേഖല സ്ഥാപനങ്ങളെ ഉപയോ​ഗിച്ച് പുതിയ പദ്ധതികളൊരുക്കുന്നതായി വാഷിങ്ടൺ പോസ്റ്റിന്റെ റിപ്പോർട്ട്. സർക്കാർ ഉടമസ്ഥതയിലുള്ള ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ (എൽഐസി) നിന്ന് പണം സ്വരൂപിച്ചുകൊണ്ടാണ് അദാനിക്കായുള്ള കേന്ദ്രത്തിൻ്റെ പുതിയ നീക്കമെന്ന് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ടിൽ പറയുന്നു. അദാനിയുടെ നിയന്ത്രണങ്ങളിലുള്ള കമ്പനികളിൽ എൽഐസിയെക്കൊണ്ട് 390 കോടി ഡോളർ ( മൂന്നര ലക്ഷം കോടി രൂപ ) നിക്ഷേപിപ്പിക്കാനാണ് മോദി സർക്കാരിന്റെ പദ്ധതി. ഇതിന്റെ ആദ്യഘട്ട നിക്ഷേപങ്ങൾ തുടങ്ങിയതായും റിപ്പോർട്ടിൽ പറയുന്നു.


2025 മെയിൽ, കേന്ദ്ര ധനകാര്യ മന്ത്രാലയം, സാമ്പത്തിക സേവന വകുപ്പ് (DFS), എൽഐസി, നിതി ആയോഗ് എന്നിവർ അദാനി ഗ്രൂപ്പ് ബോണ്ടുകളിലേക്കും ഇക്വിറ്റിയിലേക്കും കോടിക്കണക്കിന് നിക്ഷേപം നടത്താൻ തീരുമാനിച്ചതായുള്ള രേഖകൾ ലഭ്യമായതായി വാഷിങ്ടൺ പോസ്റ്റ് വ്യക്തമാക്കുന്നു. അദാനി പോർട്ട്‌സിനായി 58.50 കോടി ഡോളറിന്റെ ബോണ്ട് എൽഐസി മാത്രം നൽകിയതായി അദാനി ​ഗ്രൂപ്പും പ്രഖ്യാപിച്ചിരുന്നു. കടം തീർക്കുന്നതിനായി 58.50 കോടി ഡോളർ അദാനി ​ഗ്രൂപ്പ് സമാഹരിക്കേണ്ടിയിരുന്ന അതേ മാസം തന്നെയാണ് എൽഐസി നിക്ഷേപകരായി രം​ഗത്തെത്തിയതും കൃത്യം ഈ തുക തന്നെ ലഭ്യമാക്കിയതും. മെയ് 30 ന്, അദാനി ഗ്രൂപ്പ് മുഴുവൻ ബോണ്ടിനും ധനസഹായം നൽകിയത് എൽഐസി എന്ന ഒറ്റ നിക്ഷേപകർ ആണെന്ന് പ്രഖ്യാപിച്ചു. ഇത് പൊതു ഫണ്ടിന്റെ ദുരുപയോഗമാണെന്നാണ് റിപ്പോർട്ട്.


adani with modi


മുൻ വർഷത്തെ അപേക്ഷിച്ച് അദാനി ഗ്രൂപ്പിന്റെ കടബാധ്യതയിൽ 20 ശതമാനമാണ് വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. കുടിശ്ശികയുടെ സമയ പരിധി കടക്കുകയും ചെയ്തിരുന്നതിനാൽ യുഎസ്, യൂറോപ്യൻ ബാങ്കുകൾ അദാനിക്ക് ധനസഹായം ലഭ്യമാക്കാൻ മടിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രസർക്കാർ എൽഐസി പോലെയുള്ള സ്ഥാപനത്തെ കോർപ്പറേറ്റുകളെ സംരക്ഷിക്കാനായി ഉപയോ​ഗിച്ചത്. യുഎസിൽ അഴിമതി, വഞ്ചന കുറ്റങ്ങൾ നേരിടുന്ന അദാനിയെ വെളുപ്പിക്കാനും നിക്ഷേപകർക്കുള്ള വിശ്വാസം വർധിപ്പിക്കാനുമായിരുന്നു മോദി സർക്കാരിന്റെ ലക്ഷ്യമെന്ന് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ടിൽ പറയുന്നു.


ഊർജ്ജ കരാറുകൾ നേടിയെടുക്കുന്നതിനായി തെറ്റായ പ്രസ്താവനകളും 25 കോടി ഡോളർ നിയമവിരുദ്ധ പണമടയ്ക്കലും ഉൾപ്പെടുന്ന കോടിക്കണക്കിന് ഡോളറിന്റെ ക്രമക്കേട് അദാനി നടത്തിയതായാണ് കമീഷൻ (എസ്‌ഇസി) വ്യക്തമാക്കിയത്. "അടിസ്ഥാനരഹിതം" എന്ന് വിശേഷിപ്പിച്ചുകൊണ്ട് അദാനി ഈ ആരോപണങ്ങൾ നിഷേധിച്ചു. അദാനി ഗ്രൂപ്പ് എക്സിക്യൂട്ടീവുകൾക്ക് നിയമപരമായ സമൻസുകളും പരാതികളും നൽകാനുള്ള നിർദേശങ്ങളിൽ ഇന്ത്യൻ അധികാരികൾ നടപടിയെടുക്കുന്നില്ലെന്നും ഒക്ടോബറിൽ എസ്ഇസി അറിയിച്ചു.


2023-ൽ യുഎസ് ഷോർട്ട് സെല്ലറായ ഹിൻഡൻബർഗ് റിസർച്ച്, അദാനി ഓഹരി കൃത്രിമത്വവും അക്കൗണ്ടിംഗ് ക്രമക്കേടുകളും നടത്തിയതായി വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഈ വർഷം സെപ്തംബറിൽ ഇന്ത്യയുടെ മാർക്കറ്റ് റെഗുലേറ്ററായ സെബി ഹിൻഡൻബർഗിന്റെ ആരോപണങ്ങൾ തള്ളിക്കളഞ്ഞ് അദാനിയെ സംരക്ഷിച്ചു.


lic

ഇന്ത്യൻ ഉദ്യോഗസ്ഥർ അദാനിയെ "ദർശനാത്മക സംരംഭകൻ" എന്നാണ് വിശേഷിപ്പിച്ചതെന്ന് വാഷിങ്ടൺ പോസ്റ്റ് പറയുന്നു. തുറമുഖങ്ങൾ, വൈദ്യുതി, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിലെ അദ്ദേഹത്തിന്റെ സംരംഭങ്ങൾ "ദേശീയ സാമ്പത്തിക ലക്ഷ്യങ്ങൾക്ക് നിർണായകമാണ്" എന്നാണ് ഇന്ത്യയുടെ വാദം. ദശലക്ഷക്കണക്കിന് സാധാരണക്കാരുടെ സമ്പാദ്യം സംരക്ഷിക്കുന്ന എൽഐസി ഇത്തരം കേന്ദ്രീകൃത നിക്ഷേപങ്ങളിലൂടെ സാമ്പത്തികമായി അപകടത്തിലാകുമെന്ന് സാമ്പത്തിക വിദ​ഗ്ധർ വ്യക്തമാക്കിയതായും വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ടിൽ പറയുന്നു. രാജ്യത്തെ പ്രമുഖരും കോർപ്പറേറ്റുകളുടെ ഉടമസ്ഥതയിലുള്ള കമ്പനികളിലേക്ക് നികുതിദായകരുടെ പണം തിരിച്ചുവിടാനുള്ള ഇന്ത്യൻ അധികാരികളുടെ വലിയ പദ്ധതിയുടെ ഒരു ഭാഗം മാത്രമാണ് എൽഐസി വഴി നടപ്പാക്കിയതെന്ന് രേഖകൾ വ്യക്തമാക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.


ഏകദേശം 340 കോടി ഡോളർ വരുന്ന ബോണ്ട് നിക്ഷേപങ്ങളിൽ ഭൂരിഭാഗവും അദാനി ഗ്രൂപ്പിന്റെ രണ്ട് ഉപസ്ഥാപനങ്ങളിലേക്ക് വിഭജിച്ചു നൽകാനാണ് ഇന്ത്യൻ ധനമന്ത്രാലയം എൽഐസിക്കു നൽകിയ നിർദ്ദേശം. എന്നാൽ ആ​ഗോള ക്രെഡിറ്റ് ഏജൻസികൾ നികച്ച റേറ്റിങ്ങല്ല അദാനി കമ്പനികൾക്ക് നൽകിയിട്ടുള്ളത്. വസ്തുതകളെയെല്ലാം സൗകര്യപൂർവം മറന്ന് അദാനിക്കായി കുടപിടിക്കുന്ന മോദി സർക്കാരിന്റെ നടപടി രാജ്യത്തെ പൊതുമേഖല സ്ഥാപനങ്ങളെയും നികുതിയടയ്ക്കുന്ന സാധാരണക്കാരെയുമാണ് ബാധിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home