കേന്ദ്രത്തിലേത് ഭരണഘടനാപരമായി ഏറ്റവും അധാർമികത നിറഞ്ഞ സർക്കാർ: കപിൽ സിബൽ

ന്യൂഡൽഹി: പ്രതിപക്ഷത്തെ ഇല്ലാതാക്കാൻ മോദി സർക്കാർ നിയമങ്ങൾ ആയുധമാക്കുകയാണെന്ന് മുതിർന്ന അഭിഭാഷകനും രാജ്യസഭാ എംപിയുമായി കപിൽ സിബൽ. രാജ്യ ചരിത്രത്തിലെ തന്നെ ഭരണഘടനാപരമായി ഏറ്റവും അധാർമികത നിറഞ്ഞ സർക്കാരാണ് ബിജെപി നേതൃത്വത്തിൽ തുടരുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഏതെങ്കിലും കേസിൽ അകപ്പെട്ട് 30 ദിവസം തടവിൽ കഴിഞ്ഞാൽ മുഖ്യമന്ത്രിമാരെയും മന്ത്രിമാരെയും തൽസ്ഥാനത്ത് നിന്നും നീക്കം ചെയ്യാമെന്ന് നിർദ്ദേശിക്കുന്ന ബില്ല് ഇതിന്റെ അവസാനത്തെ ഉദാഹരണമാണെന്നും അദ്ദേഹം മാധ്യമ സമ്മേളനത്തിൽ ചൂണ്ടികാട്ടി.
ബിൽ അവതരിപ്പിച്ച ആഭ്യന്തര മന്ത്രി അമിത് ഷാ ഭരണഘടനാ ധാർമ്മികതയെക്കുറിച്ച് സംസാരിച്ചു, പക്ഷേ "ഭരണഘടനാ ധാർമ്മികതയ്ക്ക് അവരുടെ സ്വന്തം ധാർമ്മികതയുമായി യാതൊരു ബന്ധവുമില്ല".
ബിഹാറിൽ തങ്ങൾക്ക് അനുകൂലമായ വേലിയേറ്റം മാറിയിരിക്കുന്നു എന്ന് ബിജെപിക്ക് അറിയാം. ജനങ്ങളുടെ ശ്രദ്ധ മറ്റ് വിഷയങ്ങളിലേക്ക് തിരിച്ചുവിടാനാണ് വിവാദ ബില്ലുകൾ കൊണ്ടുവന്നത്. ചിലരെ നിങ്ങൾക്ക് ചിലപ്പോൾ വിഡ്ഢികളാക്കാം, പക്ഷേ എല്ലാവരെയും എല്ലായ്‌പ്പോഴും വിഡ്ഢികളാക്കാൻ കഴിയില്ല.
കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും ബിജെപി സർക്കാരുകളിലെ ഒരു മന്ത്രിയെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. പകരം അന്വേഷണ ഏജൻസികൾ പ്രതിപക്ഷ നേതാക്കളെ ഒന്നിനുപുറകെ ഒന്നായി ലക്ഷ്യം വെക്കുകയാണ്.
എൻഡിഎ ഇതര സംസ്ഥാന സർക്കാരുകളിലെ അറസ്റ്റിലായി പിന്നീട് ജാമ്യം ലഭിച്ച മന്ത്രിമാരുടെ പട്ടിക നീണ്ടതാണ്. അവരുടെ വിചാരണ ഇപ്പോഴും തുടരുകയാണ്.
എഎപി നേതാക്കളായ അരവിന്ദ് കെജ്‌രിവാൾ, സത്യേന്ദർ ജെയിൻ, മനീഷ് സിസോഡിയ, കോൺഗ്രസിലെ പി ചിദംബരം, ഡി കെ ശിവകുമാർ, ആലംഗീർ ആലം, ജെഎംഎമ്മിലെ ഹേമന്ത് സോറൻ തുടങ്ങിയവരുടെ ഉദാഹരണങ്ങൾ സിബൽ ഉദ്ധരിച്ചു. ഇവർ ഒരു മാസത്തിലേറെ അറസ്റ്റിലായി, പിന്നീട് ദീർഘനാളുകൾ കഴിഞ്ഞ് ജാമ്യം ലഭിച്ചു, വർഷങ്ങൾ കഴിഞ്ഞിട്ടും വിചാരണ അവസാനിച്ചിട്ടില്ല.
ഒരു വിചാരണയും പൂർത്തിയായിട്ടുമില്ല. പിഎംഎൽഎയും സിബിഐയും അവരെ പിന്തുടരുമ്പോൾ ആർക്കും ജാമ്യം ലഭിക്കുന്നില്ലെന്ന് ആഭ്യന്തരമന്ത്രിക്ക് ഉറപ്പുണ്ട്. വിചാരണ കോടതികൾ എന്തുകൊണ്ട് ജാമ്യം നൽകുന്നില്ലെന്ന് സുപ്രീം കോടതി പോലും ആശ്ചര്യം പ്രകടിപ്പിച്ച സാഹചര്യമുണ്ടായി. പ്രതിപക്ഷ പാർടികൾ നയിക്കുന്ന സർക്കാരുകളെ അസ്ഥിരപ്പെടുത്തുന്നതിനുള്ള ആയുധമാക്കുക എന്നതാണ് ഈ നിയമങ്ങളുടെ മുഴുവൻ ഉദ്ദേശ്യവും," സിബൽ പറഞ്ഞു.
ഈ ബില്ലുകൾ കൊണ്ടുവന്ന സന്ദർഭം അതിലും അതിശയകരമാണ്. കാരണം ബിഎൻഎസിന്റെ പുതിയ നിയമങ്ങൾ പ്രകാരം, പോലീസ് കസ്റ്റഡി ഇപ്പോൾ 60 അല്ലെങ്കിൽ 90 ദിവസത്തേക്ക് നീട്ടാം. അത് പ്രയോജനപ്പെടുത്താൻ അനുസൃതമായാണ് നിയമം ഉണ്ടാക്കിയിരിക്കുന്നത്.
"മഹാരാഷ്ട്ര, ഉത്തരാഖണ്ഡ്, കർണാടക, ഗോവ, മധ്യപ്രദേശ് തുടങ്ങിയ സ്ഥലങ്ങളിലെ സർക്കാരുകളെ അട്ടിമറിച്ചതിന് ശേഷം ആഭ്യന്തരമന്ത്രിക്ക് ഭരണഘടനാ ധാർമ്മികതയെക്കുറിച്ച് സംസാരിക്കാൻ കഴിയുമോ," "ഇന്ത്യയുടെ ചരിത്രത്തിൽ ഈ സർക്കാരിനേക്കാൾ ഭരണഘടനാപരമായി അധാർമികമായ ഒരു സർക്കാർ ഉണ്ടായിട്ടില്ലെന്ന് ഞാൻ കരുതുന്നു," സിബൽ പറഞ്ഞു.
പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന്, ലോക്സഭയിൽ നിന്നുള്ള 21 അംഗങ്ങളും രാജ്യസഭയിൽ നിന്നുള്ള 10 അംഗങ്ങളും ഉൾപ്പെടുന്ന സംയുക്ത പാർലമെന്റ് കമ്മിറ്റിക്ക് ബില്ലുകൾ സഭ പരിശോധനയ്ക്കായി കൈമാറിയിരിക്കയാണ്. കേന്ദ്രഭരണ പ്രദേശങ്ങളുടെ സർക്കാർ (ഭേദഗതി) ബിൽ 2025; ഭരണഘടന (നൂറ്റി മുപ്പതാം ഭേദഗതി) ബിൽ 2025; ജമ്മു കശ്മീർ പുനഃസംഘടന (ഭേദഗതി) ബിൽ 2025 എന്നിവയും കേന്ദ്ര സർക്കാരിന്റെ പരിഗണനയിലാണ്.










0 comments