print edition എസ്‌സിഒ പരിപാടിയിലേക്ക് പാകിസ്ഥാനെ ക്ഷണിച്ച മോദി സർക്കാർ നടപടിയിൽ വിവാദം

ന്യൂഡൽഹി : നയതന്ത്രബന്ധം മെച്ചപ്പെട്ടിട്ടില്ലാത്ത സാഹചര്യത്തിൽ പാകിസ്ഥാനെ ഷാങ്‌ഹായ് സഹകരണ സംഘടനയുടെ (എസ്‌സിഒ) നാഗരികതാ സംവാദ പരിപാടിയിലേക്ക് ക്ഷണിച്ച കേന്ദ്രസർക്കാർ നടപടി വിവാദത്തിൽ. പഹൽഗാം ഭീകരാക്രമണം, ഓപ്പറേഷൻ സിന്ദൂർ തുടങ്ങിയ സംഭവങ്ങൾക്ക് ശേഷം ഇന്ത്യയും പാകിസ്ഥാനുമായുള്ള നയതന്ത്ര ബന്ധത്തിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. എന്നിട്ടും, ഇൗ മാസം 20 മുതൽ 22 വരെ പുരാന ഖിലയിൽ നടക്കുന്ന എസ്‌സിഒ സംവാദ പരിപാടിയിലേക്ക് പാകിസ്ഥാനെ ക്ഷണിച്ചത് എന്തിനാണെന്ന ചോദ്യമാണുയരുന്നത്.
അംഗരാജ്യങ്ങളെയെല്ലാം ക്ഷണിക്കുന്നതിന്റെ ഭാഗമായാണ് ഇതെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ വിശദീകരണം. ക്ഷണം സ്വീകരിച്ച പാകിസ്ഥാൻ കാലാവസ്ഥാ വ്യതിയാന മന്ത്രി മുസാദിഖ് മാലിക്കിനെ പരിപാടിയിൽ പങ്കെടുക്കാൻ നിയോഗിച്ചു. കേന്ദ്രസർക്കാർ നടപടിയെ വിമർശിച്ച് കോൺഗ്രസ് എംപി മനീഷ് തിവാരി രംഗത്തെത്തി.
പഹൽഗാം ഭീകാരക്രമണത്തിനുശേഷം എന്തുമാറ്റമാണ് സംഭവിച്ചതെന്ന് അദ്ദേഹം ചോദിച്ചു. പഹൽഗാം സംഭവത്തിൽ പാകിസ്ഥാൻ ഖേദം പ്രകടിപ്പിച്ചോ? ഭീകരവാദത്തിന് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്ന നിലപാടിൽ നിന്നും അവർ പിൻമാറിയോ? തുടങ്ങിയ ചോദ്യങ്ങളും തിവാരി ഉന്നയിച്ചു. മുൻ വിദേശകാര്യ മന്ത്രി സൽമാൻ ഖുർഷിദും കേന്ദ്രസർക്കാർ നടപടിയിൽ വ്യക്തതയില്ലെന്ന് ചൂണ്ടിക്കാണിച്ചു. ഉഭയകക്ഷി ചർച്ചകൾ മരവിച്ചിരിക്കുന്ന സാഹചര്യത്തിൽ ബഹുരാഷ്ട്ര വേദികളിൽ പാകിസ്ഥാനുമായി വേദി പങ്കിടുന്നതിലെ ഒൗചിത്യവും ചർച്ചയായി.









0 comments