പ്രക്ഷോഭങ്ങളെ ഭയന്ന് മോദി സർക്കാർ; സിജെപി പ്രതിഷേധത്തിനെതിരെ കടുത്ത നിരീക്ഷണവുമായി പൊലീസ്

ന്യൂഡൽഹി: ജൂലൈ 25ന് യുവജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ കേന്ദ്രസർക്കാർ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി സെപ്റ്റംബർ 5-ന് കോക്രോച്ച് ജനതാ പാർട്ടി (സി ജെപി) പ്രഖ്യാപിച്ച രാജ്യവ്യാപക പ്രതിഷേധ മാർച്ചിനെ ഭയന്ന് മോദി സർക്കാർ. പ്രതിഷേധ മാർച്ചിന് മുന്നോടിയായി ഡൽഹിയിൽ സമരം ചെയ്യുന്ന സംഘടനകൾക്കും പ്രവർത്തകർക്കുമെതിരെ രഹസ്യാന്വേഷണ നിരീക്ഷണം ശക്തമാക്കാൻ പൊലീസ് ഉത്തരവിട്ടതായി റിപ്പോർട്ട്.
ഡൽഹി പൊലീസ് കമ്മീഷണർ അനുരാഗ് കുമാറിന്റെ നിർദേശപ്രകാരം സമരക്കാരുടെ വിവരങ്ങൾ ശേഖരിക്കാൻ പ്രത്യേക പൊലീസിനെ ചുമതലപ്പെടുത്തി. സമരത്തിൽ പങ്കെടുക്കുന്നവരുടെ വ്യക്തിഗത വിവരങ്ങൾ, മുൻകാല സമരചരിത്രം, താമസസ്ഥലങ്ങൾ, പ്രാദേശിക ബന്ധങ്ങൾ, സാമ്പത്തിക സ്രോതസ്സുകൾ, വാഹന സജ്ജീകരണങ്ങൾ എന്നിവയെല്ലാം വിശദമായി പരിശോധിക്കാനാണ് നീക്കം.
മറ്റു സംസ്ഥാനങ്ങളിൽ നിന്ന് ഡൽഹിയിലേക്ക് എത്തുന്ന സമരക്കാരെയും അവരുടെ യാത്രാമാർഗ്ഗങ്ങളെയും നിരീക്ഷിക്കാനും നിർദേശമുണ്ട്. ക്രമസമാധാന പരിപാലനത്തിനാണ് ഈ നടപടിയെന്ന് പൊലീസ് അവകാശപ്പെടുന്നുണ്ടെങ്കിലും, ജനാധിപത്യപരമായ പ്രതിഷേധങ്ങളെ ഭയപ്പെടുന്ന മോദി സർക്കാർ പൊലീസിനെ ഉപയോഗിച്ച് സമരക്കാരെ ഭയപ്പെടുത്താനും നിരീക്ഷണത്തിലാക്കാനുമാണ് ശ്രമിക്കുന്നത്.
ഇന്ത്യാ ഗേറ്റിൽ നിന്ന് ആരംഭിക്കുന്ന മാർച്ച് ഡൽഹി പൊലീസ് ആസ്ഥാനത്തേക്കാണ് നീങ്ങുക. നീറ്റ് ചോദ്യ പേപ്പർ ചോർച്ചയുടെ ഇരകളായി മരിച്ചവരുടെ കുടുംബാംഗങ്ങളും പൊലീസ് അതിക്രമത്തിനിരയായവരും മാർച്ചിന് നേതൃത്വം നൽകും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളും യുവജന സംഘടനകളും യുവാക്കളും മാർച്ചിൽ പങ്കെടുക്കുമെന്നും സിജെപി അറിയിച്ചു.
ജൂലൈ 20-ന് ജന്ദർമന്ദിറിലും കൊണാട്ട് പ്ലേസിലും നടന്ന വിദ്യാർഥി-യുവജന മുന്നേറ്റങ്ങളിൽ പ്രതിരോധത്തിലായ കേന്ദ്ര സർക്കാർ, വരാനിരിക്കുന്ന സമരങ്ങളെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്താനാണ് നിലവിൽ ശ്രമിക്കുന്നത്. വരുംദിവസങ്ങളിൽ പോലീസിന്റെ വയർലെസ് ആശയവിനിമയ സംവിധാനങ്ങൾ കൂടുതൽ വിപുലീകരിച്ച് പ്രതിഷേധങ്ങളെ നേരിടാനാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നീക്കം.









0 comments