‘തൊഴിലുറപ്പ് ’ ഇനിയില്ല
print edition കേരളത്തിന് വൻ തിരിച്ചടി

ന്യൂഡൽഹി: തൊഴിലുറപ്പ് പദ്ധതിയെ ഇല്ലാതാക്കി മോദി സർക്കാർ കൊണ്ടുവന്ന വിബിജി ആർഎഎംജി പദ്ധതി ജൂലൈ ഒന്നിന് പ്രാബല്യത്തിലാകുന്നതോടെ കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ തൊഴിലാളികൾ ദുരിതത്തിലാവും. ഗ്രാമീണ മേഖലകളിലെ വികസനമെത്തിയ പ്രദേശങ്ങളെ പദ്ധതിയിൽനിന്ന് ഒഴിവാക്കുന്നതാണ് പുതിയ പദ്ധതി. നഗരസമാനമായി മാറിയ പ്രദേശങ്ങളാണ് കേരളത്തിലെ ഗ്രാമീണ മേഖലകൾ എന്നതിനാൽ കേരളത്തിൽ തൊഴിലില്ലാതാവും.
തൊഴിലാളികളുടെ എല്ലാവിധ അവകാശങ്ങളും കവരുന്നതാണ് വിബി ജി ആർഎഎം ജി പദ്ധതി. തൊഴിലുറപ്പ് പദ്ധതി പ്രകാരം തൊഴിലാളികൾ ആവശ്യപ്പെട്ടാൽ തൊഴിൽ നൽകാൻ കേന്ദ്ര സർക്കാർ ബാധ്യസ്ഥരായിരുന്നു. ഇൗ വ്യവസ്ഥയെ പുതിയ പദ്ധതിയിലൂടെ സർക്കാർ തകർക്കുന്നു. ദാരിദ്ര്യ നിരക്ക്, പഞ്ചായത്തുകളുടെ പിന്നാക്കാവസ്ഥ എന്നിവ പരിഗണിച്ചായിരിക്കും ഇനി തൊഴിൽ അനുവദിക്കുക. എന്നാൽ ഇൗ മാനദണ്ഡങ്ങൾക്ക് പുറത്തിനിൽക്കുന്നതാണ് കേരളത്തിലെ പഞ്ചായത്തുകൾ എന്നതിനാൽ തൊഴിലാളികൾക്ക് തൊഴിലില്ലാതാവും.
നിലവിൽ ഒരു പ്രദേശത്ത് എത്ര പേർ ജോലിക്ക് ആവശ്യപ്പെട്ടാലും തൊഴിലാളികളുടെ എണ്ണത്തിനനുസരിച്ച് കേന്ദ്രം ഫണ്ട് അനുവദിക്കുകയായിരുന്നു. എന്നാൽ ഇനി മുതൽ സംസ്ഥാനത്തിന് കേന്ദ്രം നിശ്ചിത തുക മാത്രമേ നൽകുകയുള്ളൂ. ഇതോടെ ലഭിക്കുന്ന ഫണ്ട് അനുസരിച്ച് തൊഴിൽ ലഭിക്കുന്ന സാഹചര്യം സൃഷ്ടിക്കപ്പെടും. കേന്ദ്രത്തിൽനിന്ന് ഫണ്ട് അനുവദിക്കുന്പോൾ വികസനത്തിൽ പിന്നാക്കം നിൽക്കുന്ന പ്രദേശത്തേയും അവിടെയുള്ള തൊഴിലാളികളെയുംമാത്രം പരിഗണിക്കാൻ സംസ്ഥാനങ്ങൾ നിർബന്ധിതരാവും. മാത്രമല്ല വേതനത്തിന്റെ 40 ശതമാനം സംസ്ഥാനം വഹിക്കുകയും വേണം. ഇത് സംസ്ഥാനങ്ങൾക്ക് സാന്പത്തിക ബാധ്യതയുണ്ടാക്കും. തൊഴിൽ ദിനം 125 ആക്കി ഉയർത്തുമെന്നാണ് സർക്കാരിന്റെ അവകാശവാദം. ഭൂരിഭാഗം സംസ്ഥാനങ്ങളിലും 100 ദിനം പോലും തൊഴിൽ ലഭിക്കാത്ത ഘട്ടത്തിലാണ് തൊഴിൽ ദിനങ്ങളുടെ എണ്ണം ഉയർത്തുമെന്ന കേന്ദ്ര വാഗ്‌ദാനം.










0 comments