print edition മോദി സർക്കാരിന്റെ യുപിഐ കൊള്ള; കോൺഗ്രസ് കൂട്ടുനിന്നു

പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: യുപിഐ ഇടപാടുകൾക്ക് കമീഷൻ ഏർപ്പെടുത്താനുള്ള കേന്ദ്രസർക്കാർ നീക്കത്തെ പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റിയിൽ കോൺഗ്രസ് എംപിമാരും പിന്തുണച്ചു. ആഗസ്‌തിൽ പാർലമെന്റിൽ സമർപ്പിച്ച ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയുടെ റിപ്പോർട്ടിലാണ് യുപിഐ ഇടപാടുകൾക്ക് കമീഷൻ ഏർപ്പെടുത്തണമെന്ന നിർദേശമുള്ളത്.
മുൻ ധനമന്ത്രി പി ചിദംബരം അടക്കം കമ്മിറ്റിയിലെ ആറ് കോൺഗ്രസ് എംപിമാരും നിർദേശത്തോട് വിയോജിപ്പ് രേഖപ്പെടുത്തിയില്ല. കമ്മിറ്റിയിലുള്ള കേരളത്തിലെ എംപി എൻ കെ പ്രേമചന്ദ്രനും വിയോജിച്ചില്ല.
സ്റ്റാൻഡിങ് കമ്മിറ്റികൾ തയ്യാറാക്കുന്ന റിപ്പോർട്ടുകളിലെ നിർദേശങ്ങളോട് വിയോജിപ്പുണ്ടെങ്കിൽ അംഗങ്ങൾക്ക് അത് പ്രത്യേക കുറിപ്പായി സമർപ്പിക്കാം. അന്തിമറിപ്പോർട്ട് തയ്യാറാക്കുമ്പോൾ ഇൗ വിയോജനക്കുറിപ്പും അതിന്റെ ഭാഗമാക്കും. ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയുടെ 44–ാമത് റിപ്പോർട്ടിലാണ് യുപിഐ ഇടപാടുകൾക്ക് എത്രയും വേഗം നിരക്ക് ഇൗടാക്കണമെന്ന നിർദേശമുള്ളത്.
യുപിഐ ഇടപാടുകൾക്ക് നിലവിൽ സർക്കാർ നൽകുന്ന സാമ്പത്തികസഹായം അപര്യാപ്‌തമാണെന്നും പ്രത്യേക നിരക്ക് എത്രയും വേഗം ഇൗടാക്കി തുടങ്ങണമെന്നും ബിജെപിയുടെ ഭർതൃഹരി മെഹ്‌താബ് ചെയർമാനായ കമ്മിറ്റി നിർദേശിച്ചു. സാന്പത്തിക അപര്യാപ്‌തത സൈബർ സുരക്ഷ, തട്ടിപ്പുകൾ തടയൽ, പശ്‌ചാത്തലസൗകര്യ വികസനം എന്നീ കാര്യങ്ങളെ ബാധിക്കും. യുപിഐ ഇടപാടുകൾക്കുള്ള ബജറ്റ് വിഹിതം രണ്ടായിരം കോടി രൂപ മാത്രമാണ്. എന്നാൽ പ്രവർത്തനച്ചെലവുകൾക്കായി 20,700 കോടിയെങ്കിലും ആവശ്യമുണ്ട്. ഇൗ സാഹചര്യത്തിൽ പ്രത്യേക നിരക്ക് ആവശ്യമാണെന്നും സ്റ്റാൻഡിങ് കമ്മിറ്റി നിർദേശിച്ചു.
ഇൗ റിപ്പോർട്ട് പാർലമെന്റിൽ അവതരിപ്പിച്ച കഴിഞ്ഞ വർഷകാല സമ്മേളനത്തിൽ തന്നെയാണ് യുപിഐ ഇടപാടുകൾക്ക് നിരക്ക് ചുമത്താൻ വഴിയൊരുക്കുന്ന പേയ്‌മെന്റ്‌സ് ആൻഡ് സെറ്റിൽമെന്റ്‌സ് ഭേദഗതി ബിൽ സർക്കാർ പാസാക്കിയത്. പിന്നാലെ നിരക്ക് ഇൗടാക്കാനുള്ള തീരുമാനവും വന്നു. ചിദംബരത്തിന് പുറമെ ഗൗരവ് ഗൊഗോയ്, മനീഷ് തിവാരി, പ്രമോദ് തിവാരി, കിഷോരി ലാൽ, കെ ഗോപിനാഥ് എന്നീ കോൺഗ്രസ് അംഗങ്ങളാണ് സ്റ്റാൻഡിങ് കമ്മിറ്റിയിലുള്ളത്. ഇവരാരും വിയോജിപ്പ് രേഖപ്പെടുത്തിയില്ല. വിഷയം കമ്മിറ്റി ചർച്ച ചെയ്‌തില്ലെന്ന് ന്യായീകരിക്കുകയാണ് ഇപ്പോൾ കോൺഗ്രസ് എംപിമാർ.










0 comments