ad
Deshabhimani

print edition പരിധിവിട്ട്‌ കേന്ദ്ര ഏജൻസികൾ , സംരക്ഷിച്ച്‌ ബിജെപി സർക്കാർ

modi
വെബ് ഡെസ്ക്

Published on Feb 01, 2026, 12:30 AM | 1 min read


​ന്യൂഡൽഹി

​മലയാളി വ്യവസായി സി ജെ റോയിയുടെ മരണത്തിന്‌ പിന്നാലെ കേന്ദ്ര ഏജൻസികളുടെ വേട്ട വീണ്ടും ചർച്ചയാകുന്നു. മോദി ഭരണത്തിൽ സിബിഐ, ഇഡി, ആദായ നികുതി വകുപ്പ്‌ തുടങ്ങിയ കേന്ദ്രഏജൻസികളുടെ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ വലിയ പരാതികൾ നേരത്തെയുണ്ട്‌. പാർലമെന്റിലും സുപ്രീംകോടതിയിലും പൊതുവേദികളിലും കേന്ദ്രഏജൻസികൾക്കെതിരെ പ്രതിപക്ഷ പാർടികൾ പ്രതിഷേധിച്ചിരുന്നു. എന്നാൽ, ഏജൻസികളുടെ സ്വാതന്ത്ര്യവും ഉദ്യോഗസ്ഥരുടെ ആത്മവീര്യവും സംരക്ഷിക്കുമെന്ന്‌ പറഞ്ഞ്‌ കേന്ദ്രസർക്കാർ ആരോപണങ്ങളെ മുഖവിലയ്‌ക്കെടുക്കാതെ തള്ളി.


റോയിയുടെ മരണത്തിൽ സമഗ്ര അന്വേഷണം വേണമെന്നും ഉത്തരവാദികൾക്ക്‌ എതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്‌. എന്നാൽ, റോയിയെ ഒരുരീതിയിലും അവഹേളിച്ചിട്ടില്ലെന്നും നിയമപ്രകാരമുള്ള നടപടികൾ മാത്രമാണ്‌ സ്വീകരിച്ചതെന്നും വാദിച്ച്‌ തടിയൂരാനാണ്‌ ആദായനികുതി വകുപ്പിന്റെ ശ്രമം. പ്രമുഖ മാധ്യമങ്ങളിലൂടെ ആദായനികുതി വകുപ്പ്‌ വൃത്തങ്ങൾ ഇതിന്‌ ആവശ്യമായ വിവരങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്‌. കേന്ദ്ര ഏജൻസികൾക്ക്‌ പരിധികളില്ലാത്ത അധികാരങ്ങൾ പതിച്ചുനൽകിയ മോദി സർക്കാർ നടപടിയാണ്‌ റോയിയെ പോലെയുള്ളവര്‍ക്ക് മരണത്തിലേക്ക്‌ വഴിയൊരുക്കിയതെന്ന വിമർശം ശക്തം. ഭരണഘടനയും നിയമവും പ‍ൗരർക്ക്‌ ഉറപ്പുനൽകിയിട്ടുള്ള അവകാശങ്ങൾ മാനിക്കാതെ റെയ്‌ഡുകളും പരിശോധനകളും നടത്തുക, മണിക്കൂറുകൾ ചോദ്യംചെയ്‌ത്‌ കടുത്ത മാനസിക സമ്മർദത്തിലാഴ്‌ത്തുക, റെയ്‌ഡിന്‌ വിധേയരാകുന്ന വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പ്രതിച്ഛായ തകർക്കുന്ന രീതിയിൽ വേണ്ടപ്പെട്ട മാധ്യമങ്ങൾക്ക്‌ വിവരങ്ങൾ ചോർത്തിനൽകുക, ആവശ്യപ്പെട്ട എല്ലാ രേഖകളും കൈമാറിയാലും അധിക രേഖകളും വിവരങ്ങളും തേടുക, ഇപ്പോൾ രക്ഷപ്പെട്ടാലും പിന്നീട്‌ പിടിച്ചോളാം എന്ന മട്ടിൽ ഭീഷണിപ്പെടുത്തുക തുടങ്ങി ജനാധിപത്യ രാജ്യത്തിന്‌ യോജിക്കാത്ത രീതിയിലാണ്‌ കേന്ദ്രഏജൻസികളും ഉദ്യോഗസ്ഥരും പ്രവർത്തിക്കുന്നത്‌. ആരോടും വിശദീകരണം നൽകാതെ, സ്വന്തം നിലയ്‌ക്ക്‌ നിർണായകമായ എല്ലാ തീരുമാനങ്ങളും എടുക്കാൻ ലൈസൻസുള്ള പോലെയാണ്‌ ഉദ്യോഗസ്ഥരുടെ പെരുമാറ്റം.


സംശയദൃഷ്‌ടിയിലുള്ള ആൾ ബിജെപിയുടെയോ കേന്ദ്രസർക്കാരിന്റെയോ ‘ഗുഡ്‌ബുക്കിൽ’ ഇല്ലെങ്കിൽ നടപടി കഠിനമാകും. കേന്ദ്രഏജൻസികളുടെ അധികാരദുർവിനിയോഗം ചോദ്യംചെയ്‌ത്‌ സുപ്രീംകോടതിയിൽ പോയാലും രക്ഷയില്ലാത്ത അവസ്ഥ. കാരണം, ഏജൻസികൾക്ക്‌ സന്പൂർണ അധികാരം പതിച്ചുനൽകുന്ന രീതിയിലുള്ള പുതിയ നിയമനിർമാണങ്ങളും ഭേദഗതികളുമാണ്‌ മോദിസർക്കാർ ഒരോതവണയും കൊണ്ടുവരുന്നത്‌. ഇ‍ൗ സാഹചര്യത്തിൽ, ആവർത്തിച്ചുള്ള ആവഹേളനങ്ങളിൽ മനംമടുത്ത്‌ ഒരാൾ ആത്മഹത്യ ചെയ്‌തെങ്കിൽ അത്ഭുതപ്പെടാനില്ലെന്നാണ്‌ സ്വയം വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത വ്യവസായ പ്രമുഖരുടെ പ്രതികരണം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home