സർവസന്നാഹം : രാജ്യമാകെ മോക് ഡ്രില്ലുകൾ

മോക് ഡ്രില്ലിന്റെ ഭാഗമായി ന്യൂഡൽഹി കോർപറേഷൻ ഓഫീസിൽ എൻഡിആർഎഫ് രക്ഷാപ്രവർത്തനം നടത്തുന്നു ഫോട്ടോ: പി വി സുജിത്
ന്യൂഡൽഹി
യുദ്ധസമാനമായ അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിന് ജനങ്ങൾക്ക് പരീശീലനം നൽകുന്നതിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ബുധനാഴ്‌ച മോക് ഡ്രില്ലുകൾ നടത്തി. വൈകിട്ട് നാലുമണിമുതൽ 4.30 വരെയായിരുന്നു മോക്ക് ഡ്രിൽ. ദുരന്തനിവാരണസേന, അഗ്നിശമന സേന, പൊലീസ് എന്നിവയുടെ നേതൃത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശത്തിൽ ഡ്രില്ലുകൾ സംഘടിപ്പിച്ചത്. തലസ്ഥാനമായ ഡൽഹിയിൽ ചാന്ദ്‌നി ചൗക്ക്, ഖാൻമാർക്കറ്റ്, റാം മനോഹർ ലോഹ്യ ആശുപത്രി തുടങ്ങി തെരഞ്ഞെടുത്ത 55 ഇടങ്ങളിൽ മോക് ഡ്രില്ലുകൾ സംഘടിപ്പിച്ചു.
15 ഇടങ്ങളിൽ അപായ സൈറണുകൾ മുഴക്കി. മോക് ഡ്രില്ലിന്റെ ഭാഗമായി രാത്രി എട്ടു മുതൽ 15 മിനിട്ടുനേരം വൈദ്യുതി മുടങ്ങി. സ്കൂളുകൾ കേന്ദ്രീകരിച്ച് നടത്തിയ മോക് ഡ്രില്ലിൽ അടിയന്തര രക്ഷാപ്രവർത്തനത്തിൽ വിദ്യാർഥികൾക്കും അധ്യാപകർക്കും പരിശീലനം നൽകി. സൈറൺമുഴങ്ങുമ്പോൾ വൈദ്യുത ഉപകരണങ്ങൾ വിച്ഛേദിക്കാനും മേശയ്ക്കടിയിൽ ഒളിക്കാനും കുട്ടികൾക്ക് നിർദേശം നൽകി. രാജ്യമാകമാനം 244 ജില്ലകളിൽ മോക് ഡ്രില്ലുകൾ നടന്നു.
പാർലമെന്റിലും മോക്ക് ഡ്രിൽ
പാർലമെന്റും രാഷ്ട്രപതി ഭവനും സുപ്രധാന മന്ത്രാലയങ്ങൾ സ്ഥിതിചെയ്യുന്ന നോർത്ത് സൗത്ത് ബ്ലോക്കുകളും ബുധനാഴ്‌ച രാത്രി വെളിച്ചം കെടുത്തിയുള്ള മോക്ക് ഡ്രില്ലിന്റെ ഭാഗമായി. സൈറൻ മുഴങ്ങിയതിന് പിന്നാലെയാണ് തന്ത്രപ്രധാന മേഖലയിൽ രാത്രി എട്ട് മുതൽ എട്ടേകാൽ വരെ വെളിച്ചം പൂർണമായി കെടുത്തിയത്. അക്ഷർധാം, ഖാൻ മാർക്കറ്റ്, മോട്ടി നഗർ തുടങ്ങി ഡൽഹിയുടെ വിവിധ ഭാഗങ്ങളിൾ വെളിച്ചം അണച്ചുള്ള യുദ്ധകാല പരിശീലനം നടത്തി.










0 comments