തൊഴിലുറപ്പ് പദ്ധതി: പുതിയ ബില്ലിനെതിരായി ഡിസംബർ 22 ന് ഇടതുപക്ഷ പാർടികളുടെ രാജ്യവ്യാപക പ്രതിഷേധം

ന്യൂഡൽഹി: തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിച്ചുകൊണ്ട് കേന്ദ്രസർക്കാർ കൊണ്ടുവരുന്ന വിബി ജിറാംജി ബില്ലിനെതിരായി ജനങ്ങൾ സംഘടിക്കണമെന്നും ഡിസംബർ 22 ന് രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കണമെന്നും ഇടതുപക്ഷ പാർടികൾ ആഹ്വാനം ചെയ്‌തു. ഒന്നാം യുപിഎ സർക്കാരിന്റെ കാലത്ത് ഇടതുപക്ഷ പാർടികളുടെ സമർദ്ദത്താൽ രൂപപ്പെട്ടതാണ് തൊഴിലുറപ്പ് പദ്ധതി. എന്നാൽ പദ്ധതിയുടെ അടിസ്ഥാനഘടനയെ തന്നെ അട്ടിമറിക്കുന്നതാണ് സർക്കാർ ഇപ്പോൾ കൊണ്ടുവന്നിട്ടുള്ള ബില്ല്.
പരിമിതമായെങ്കിലും തൊഴിലവകാശം ഉറപ്പവരുത്തുന്ന ഒരു സാർവത്രിക ആവശ്യാധിഷ്‌ഠിത നിയമമാണ് മഹാത്‌മാഗാന്ധിയുടെ പേരിലുള്ള തൊഴിലുറപ്പ് പദ്ധതി. ഇതിന്റെ അടിസ്ഥാനഘടനയെ തന്നെ അട്ടിമറിച്ചുകൊണ്ട് നിയന്ത്രിതമായ തൊഴിൽ അവകാശത്തെ പോലും നിഷേധിക്കുന്നതാണ് പുതിയ ബില്ല്. ആവശ്യാനുസരണം -ഫണ്ട് അനുവദിക്കുകയെന്ന ഉത്തരവാദിത്തത്തിൽ നിന്ന് കേന്ദ്രത്തെ നിയമപരമായി ഒഴിവാക്കുന്നതാണ് ബില്ലിലെ വ്യവസ്ഥകൾ.
തൊഴിൽ ദിനങ്ങൾ നിലവിലെ നൂറിൽ നിന്നും 125 ദിവസമായി ഉയർത്തുമെന്ന വാഗ്‌ദാനം മറ്റൊരു തട്ടിപ്പാണ്. തൊഴിൽ കാർഡുകളെ യുക്തിസഹമാക്കുന്നതിന്റെ പേരിൽ വലിയൊരു വിഭാഗം ഗ്രാമീണ കുടുംബങ്ങളെ പദ്ധതിയിൽ നിന്ന് ഒഴിവാക്കുകയാണ്. തിരക്കുള്ള കാർഷിക സീസണിൽ രണ്ടുമാസം പദ്ധതി നിർത്തിവെയ്‌ക്കുന്നത് തൊഴിൽ ഏറ്റവും ആവശ്യമായ ഘട്ടത്തിൽ ഗ്രാമീണ തൊഴിലാളികൾക്ക് അത് നിഷേധിക്കുന്നതിന് തുല്യമാണ്. മാത്രമല്ല ഇൗ ഘട്ടത്തിൽ ഭൂവുടമകളെ ആശ്രയിക്കേണ്ട സാഹചര്യവുമൊരുങ്ങും. ഡിജിറ്റൽ ഹാജരും മറ്റും നിർബന്ധമാക്കുന്നത് തൊഴിലാളികൾക്ക് വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കും. തൊഴിൽ നിഷേധവും തൊഴിൽ അവകാശങ്ങളുടെ അട്ടിമറിയും സംഭവിക്കും.
ഫണ്ടിങ് ഘടനയിൽ മാറ്റം വരുത്തുക വഴി സാമ്പത്തികബാധ്യത സംസ്ഥാനങ്ങളുടെ ചുമലിലേക്ക് മാറ്റുകയാണ്. എന്നാൽ പദ്ധതിയുമായി ബന്ധപ്പെട്ട് തീരുമാനങ്ങളെടുക്കുന്നതിൽ സംസ്ഥാനങ്ങൾക്ക് യാതൊരു പങ്കും അനുവദിക്കുന്നുമില്ല. പദ്ധതിപ്രകാരമുള്ള തൊഴിലില്ലായ്‌മാ വേതനവും വൈകിയാൽ കൊടുക്കേണ്ട നഷ്ടപരിഹാരവുമെല്ലാം സംസ്ഥാനങ്ങൾക്ക് വഹിക്കേണ്ടതായി വരും. കേന്ദ്രത്തെ ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിവാക്കുന്നതും പദ്ധതിയുടെ വ്യാപ്‌തിയെ ചുരുക്കുന്നതുമാണ് ഇൗ മാറ്റങ്ങളെല്ലാം.
പദ്ധതിയുടെ പേരുമാറ്റം മഹാത്‌മാ ഗാന്ധിയെ അവഹേളിക്കുന്നതിന് തുല്യമാണ്. മാത്രമല്ല ഗാന്ധിജിയുടെ നിലപാടുകളോടുള്ള സംഘപരിവാർ വൈര്യവും പേരുമാറ്റത്തിൽ പ്രകടമാണ്. ജിറാംജി ബില്ല് അടിയന്തരമായി പിൻവലിക്കാൻ സർക്കാർ തയ്യാറാകണം. ഡിസംബർ 22 ന് ഇടതുപക്ഷ പാർടികൾ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കും. ആവശ്യത്തിന് ഫണ്ടുകൾ അനുവദിച്ചും 200 തൊഴിൽദിനങ്ങൾ ഉറപ്പുവരുത്തിയും സാർവത്രികമാക്കിയും തൊഴിലുറപ്പ് പദ്ധതിയെ ശക്തിപ്പെടുത്തുകയാണ് വേണ്ടത്– സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, സിപിഐഎംഎൽ ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ, ആർഎസ്‌പി ജനറൽ സെക്രട്ടറി മനോജ് ഭട്ടാചാര്യ, ഫോവേർഡ് ബ്ലോക്ക് ജനറൽ സെക്രട്ടറി ജി ദേവരാജൻ എന്നിവർ പ്രസ്‌താവനയിൽ പറഞ്ഞു.










0 comments