ad
Deshabhimani

അപകടം സൂചിമല വ്യൂപോയിന്റിൽ

print edition 150 അടി താഴ്‌ചയിൽ വീണ 
യുവാവിനെ രക്ഷപ്പെടുത്തി സൈന്യം

SIVAGURUNADHA

പാറയിൽകുരുങ്ങിക്കിടക്കുന്ന ശിവഗുരുനാഥൻ

avatar
സ്വന്തം ലേഖകൻ

Published on Mar 21, 2026, 12:59 AM | 1 min read

ഗൂഡലൂർ: ഉ‍ൗട്ടി–ഗൂഡല്ലൂർ ദേശീയപാതയിലെ വിനോദ സഞ്ചാര കേന്ദ്രമായ സൂചിമല വ്യൂ പോയിന്റിൽ സെൽഫി എടുക്കുന്നതിനിടെ 150 അടിയോളം താഴ്‌ചയിലേക്കുവീണ യുവാവിനെ സൈന്യം അത്ഭുതകരമായി രക്ഷപ്പെടുത്തി.


തമിഴ്നാട് ചെങ്കൽപ്പേട്ട് തിരുപ്പോരൂരിൽ ശിവഗുരുനാഥ (28)നെയാണ്‌ രക്ഷപ്പെടുത്തിയത്‌. വ്യാഴം പകൽ പന്ത്രണ്ടോടെയാണ്‌ യുവാവ്‌ സൂചിമലയിൽ എത്തിയത്‌. വ്യൂ പോയിന്റിലെ പാറയിൽനിന്ന്‌ മൊബൈലിൽ സെൽഫി എടുക്കുന്നതിനിടെ താ‍ഴേക്ക്‌ വീണു. 150 അടിയോളം താഴ്‌ചയിൽ പാറയിടുക്കിൽ കുടുങ്ങി.


അപകടം ആരും കണ്ടിരുന്നില്ല. പകൽ 3.45–ഓടെ ശിവഗുരുനാഥൻ ഊട്ടിയിലെ ടൂറിസ്റ്റ് ടാക്‌സി ഡ്രൈവർ രാജശേഖറിനെ മൊബൈലിൽ വിളിച്ച്‌ അപകടവിവരം അറിയിച്ചു. രാജശേഖർ വിവരം നൽകിയതനുസരിച്ച്‌ പൊലീസും അഗ്നിരക്ഷാസേനയും വനപാലകരും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധനയിൽ പാറയിൽ കുടുങ്ങിക്കിടക്കുന്ന യുവാവിനെ കണ്ടെത്തിയെങ്കിലും ചെങ്കുത്തായ പുൽമേടിലൂടെയും പാറയിലൂടെയും താഴ്‌ചയിലേക്ക്‌ എത്താനായില്ല.


രാത്രിയായതോടെ രക്ഷാപ്രവർത്തനം ദുഷ്‌കരമായി. പിന്നീട്‌ എ രാജ എംപിയുടെ ഇടപെടലിൽ വെല്ലിങ്‌ടണ്ണിലെ ആർമി ഹെഡ്‌ ക്വാർട്ടേഴ്‌സിൽനിന്ന്‌ രാത്രി ഒന്പതോടെ റെസ്ക്യൂ ടീം സ്ഥലത്തെത്തി.

മേജർ ശരവണ കുമാറിന്റെ നേതൃത്വത്തിലുള്ള റെസ്‌ക്യൂ സംഘവും മെഡിക്കൽ സംഘവും വടംകെട്ടി താഴ്‌ചയിലേക്ക്‌ ഇറങ്ങി.


വെള്ളി പുലർച്ചെ മൂന്നോടെ ശിവഗുരുനാഥനെ സ്ട്രെക്‌ചറിൽ മുകളിലേക്ക്‌ എത്തിച്ചു. പിന്നീട് ആംബുലൻസിൽ ഊട്ടി മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


അരയ്ക്ക് താഴെ ഗുരുതര പരിക്കേറ്റിട്ടുണ്ട്‌. പാറയിൽ വളർന്നിരുന്ന പുൽത്തിട്ടയിൽ കാൽതടഞ്ഞ്‌ നൽക്കുകയായിരുന്നു. ഇതിനുതാഴെയും അഗാധ ഗർത്തമായിരുന്നു.


മാതാപിതാക്കൾ നഷ്ടപ്പെട്ട ശിവഗുരുനാഥൻ തനിച്ചാണ്‌ താമസിക്കുന്നത്. 13ന്‌ ഉ‍ൗട്ടിയിൽ എത്തി വിവിധ സ്ഥലങ്ങൾ സന്ദർശിക്കുകയായിരുന്നു



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home