മികച്ച റീലെടുക്കണം; ഐഫോണിനായി പത്തൊമ്പതുകാരനെ കഴുത്തറുത്ത് കൊന്ന് കുട്ടികൾ

ബഹ്‌റായിച്ച്: ഐഫോണ്‍ മോഷ്ടിക്കുന്നതിനായി പത്തൊമ്പതുകാരനെ കഴുത്തറുത്തതിനു ശേഷം തലയിൽ ഇഷ്ടിക കൊണ്ടടിച്ച് കൊന്ന് രണ്ട് കുട്ടികൾ. ബെംഗളൂരു സ്വദേശിയായ ഷദാബാണ് (19) ദാരുണമായി കൊലചെയ്യപ്പെട്ടത്. മികച്ച നിലവാരമുള്ള റീലുകൾ നിർമിക്കുന്നതിനാണ് കുട്ടികൾ ഐഫോൺ മോഷ്ടിച്ചതെന്നും കൊലപാതകം നടത്തിയതെന്നും പൊലീസ് പറഞ്ഞു. ഉത്തര്‍പ്രദേശിലെ ബഹ്‌റായിച്ചിലാണ് സംഭവം.
അമ്മാവന്റെ വിവാഹത്തിനായി നാഗൗര്‍ ഗ്രാമത്തിലെ ബന്ധുവീട്ടില്‍ എത്തിയതായിരുന്നു കൊല്ലപ്പെട്ട ഷദാബ്. സംഭവത്തില്‍ പതിനാലും പതിനാറും വയസുള്ള രണ്ടു പ്രതികളെ അറസ്റ്റ് ചെയ്തു.
ജൂണ്‍ 20-ാം തീയതി രാത്രിയാണ് കൊലപാതകം നടന്നതെന്ന് അഡീഷണല്‍ പോലീസ് സൂപ്രണ്ട് രാമാനന്ദ് പ്രസാദ് കുശ്‌വാഹ പറഞ്ഞു. ജൂണ്‍ 21-നാണ് ഷദാബിനെ കാണാതായതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. തുടര്‍ന്ന് നടന്ന തിരച്ചിലില്‍ ഗാമത്തിന് പുറത്തുള്ള പേരക്കത്തോട്ടത്തിലെ തകര്‍ന്ന കുഴല്‍ക്കിണറിന് സമീപം മൃതദേഹം കണ്ടെത്തുകയായിരുന്നു.
ഷദാബിന്റെ കഴുത്തറുത്ത നിലയിലും തല ഇഷ്ടിക കൊണ്ട് അടിച്ച നിലയിലുമായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. തുടര്‍ന്ന് നടന്ന അന്വേഷണത്തിനൊടുവിലാണ് ശനിയാഴ്ച കുട്ടികളെയും ഇവരുടെ രണ്ട് കുടുംബാംഗങ്ങളെയും പൊലീസ് അറസ്റ്റ് ചെയ്തത്.









0 comments