ad
Deshabhimani

പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയെ ജയിലിലടച്ചു; പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷ എഴുതാനായില്ല

Madhyapradesh.jpg
വെബ് ഡെസ്ക്

Published on Feb 12, 2026, 07:11 AM | 1 min read

ഭോപ്പാൽ: മധ്യപ്രദേശിലെ ഷഹ്ദോളിൽ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയെ മുതിർന്നവർക്കൊപ്പം ജയിലിലടച്ചതിനെത്തുടർന്ന് പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷ നഷ്ടമായി. 17 വയസ്സുകാരൻ സത്യം പ്രജാപതിക്കാണ് ചൊവ്വാഴ്ച നടന്ന ഇംഗ്ലീഷ് പരീക്ഷ എഴുതാൻ കഴിയാതിരുന്നത്.


പ്രായപൂർത്തിയാകാത്തവരെ മുതിർന്നവർക്കൊപ്പം ജയിലിലടയ്ക്കരുതെന്ന നിയമം ലംഘിച്ചാണ് പൊലീസ് നടപടിയെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. മുഖ്യമന്ത്രി ഡോ മോഹൻ യാദവിന്റെ സന്ദർശനത്തിനിടെ കരിങ്കൊടി വീശി പ്രതിഷേധിക്കാൻ ശ്രമിച്ചതിനാണ് സത്യം ഉൾപ്പെടെയുള്ള രാഷ്ട്രീയ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തത്.


പരീക്ഷ തുടങ്ങുന്നതിന് മണിക്കൂറുകൾക്ക് മുൻപ് പുലർച്ചെ ആറ് മണിക്ക് മാത്രമാണ് തന്നെ ജയിലിൽ നിന്ന് വിട്ടയച്ചതെന്ന് സത്യം പറഞ്ഞു. 6 മണിക്ക് വിട്ടയച്ചപ്പോൾ ഒരു പൊലീസുകാരൻ 50 രൂപ തന്നിട്ട് പരീക്ഷയ്ക്ക് പൊയ്ക്കോളാൻ പറഞ്ഞു.


എന്നാൽ പരീക്ഷാ കേന്ദ്രത്തിൽ എത്തിയപ്പോഴേക്കും സമയം വൈകിയിരുന്നുവെന്നും വിദ്യാർത്ഥി വ്യക്തമാക്കി. വിദ്യാർത്ഥിക്ക് 17 വയസ്സും എട്ട് മാസവുമാണ് പ്രായമെന്നും ജനന സർട്ടിഫിക്കറ്റും ആധാർ കാർഡും ഹാജരാക്കിയിട്ടും പൊലീസ് ജാമ്യം നൽകാൻ തയ്യാറായില്ലെന്നും അഭിഭാഷകൻ പ്രദീപ് സിംഗ് ആരോപിച്ചു.


ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം പ്രായപൂർത്തിയാകാത്തവരെ സാധാരണ ജയിലിൽ പാർപ്പിക്കാൻ പാടില്ല. എന്നാൽ ജില്ലാ ഭരണകൂടം ഈ ആരോപണങ്ങൾ നിഷേധിച്ചു. സത്യം പ്രായപൂർത്തിയാകാത്തയാളാണെന്ന രേഖകളൊന്നും പൊലീസിനോ തഹസിൽദാർക്കോ സമർപ്പിച്ചിരുന്നില്ലെന്നാണ് അധികൃതരുടെ വാദം.


പരീക്ഷയ്ക്ക് രണ്ട് മണിക്കൂർ മുൻപ് വിട്ടയച്ചിട്ടും വിദ്യാർത്ഥി മനഃപൂർവം പരീക്ഷയ്ക്ക് ഹാജരാകാതിരുന്നതാണെന്നും പൊലീസ് സംരക്ഷണം നൽകിയിരുന്നതായും അധികൃതർ അവകാശപ്പെട്ടു. സംഭവത്തിൽ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home