'ആൺകുട്ടികളോട് സംസാരിക്കരുത്': 17കാരിയെ കുത്തിക്കൊന്ന് കാമുകൻ, ആത്മഹത്യയ്ക്ക് ശ്രമിച്ച് പ്രതി

ചെന്നൈ: മറ്റ് ആൺകുട്ടികളോട് സംസാരിക്കുന്നതിനെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് 17കാരിയെ കാമുകൻ കുത്തിക്കൊന്നു. തമിഴ്‌നാട്ടിലെ തൂത്തുക്കുടി ജില്ലയിൽ പതിനേഴുകാരിയായ പ്ലസ് വൺ വിദ്യാർഥിനിയെയാണ് 23കാരനായ കാമുകൻ കഴുത്ത് ഞെരിച്ചും കുത്തിയും കൊലപ്പെടുത്തിയത്. പെൺകുട്ടിയുടെ വീട്ടിൽ വെച്ചായിരുന്നു കൊലപാതകം. കൃത്യത്തിന് ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശ്രീവൈകുണ്ഠം സബ് ഡിവിഷനിലെ സായർപുരം പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള സോലൈപുത്തൂരിലെ പെൺകുട്ടിയുടെ വീട്ടിൽ രാവിലെ 10.30ഓടെയാണ് സംഭവം. സെബത്തയ്യാപുരം അരുൾമിഗു മുത്തുമാലൈ അമ്മൻ ഹിന്ദു ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനിയായ അപർണയാണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞ രണ്ട് വർഷമായി അപർണയും പ്ലംബറായ മുത്തുരാജും തമ്മിൽ പരിചയത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മറ്റ് ആൺകുട്ടികളോട് സംസാരിക്കരുതെന്ന് മുത്തുരാജ് അപർണയ്ക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ശനിയാഴ്ച രാവിലെ അപർണ വീട്ടിൽ തനിച്ചായിരുന്ന സമയത്ത് കത്തിയും വിഷവുമായി എത്തിയ ഇയാൾ ഇതേച്ചൊല്ലി പെൺകുട്ടിയുമായി വഴക്കിട്ടു.
തന്റെ ആവശ്യത്തിന് വഴങ്ങാൻ അപർണ വിസമ്മതിച്ചതോടെ പ്രകോപിതനായ മുത്തുരാജ് പെൺകുട്ടിയുടെ കഴുത്ത് ഞെരിക്കുകയും, നെഞ്ചിന്റെ ഇടതുഭാഗത്തും മുതുകിലും കുത്തുകയുമായിരുന്നു. അപർണ സംഭവസ്ഥലത്തുതന്നെ മരിച്ചു. കൊലപാതകത്തിന് ശേഷം ഇടതുകൈയിലെ ഞരമ്പ് മുറിച്ചും അല്പം വിഷം കഴിച്ചും പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് തൂത്തുക്കുടി ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപർണയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുന്നുണ്ട്.








0 comments