ചക്കക്കൊമ്പനെ പൂട്ടാൻ വനംവകുപ്പ്; കുങ്കിയാനകൾ തിങ്കളാഴ്ച ചിന്നക്കനാലിൽ എത്തും

ഇടുക്കി: ചിന്നക്കനാൽ, ബോഡിമെട്ട് ജനവാസ മേഖലകളിൽ ഭീതിവിതയ്ക്കുന്ന ഒറ്റയാൻ ചക്കക്കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടി റേഡിയോ കോളർ ഘടിപ്പിക്കാനുള്ള വനംവകുപ്പ് ദൗത്യത്തിന് മുന്നോടിയായി കുങ്കിയാനകളെ തിങ്കളാഴ്ച ചിന്നക്കനാലിൽ എത്തിക്കും. വിക്രം, ഭരത് എന്നീ കുങ്കിയാനകളെയാണ് ദൗത്യത്തിനായി എത്തിക്കുന്നത്.
ഹൈറേഞ്ച് സർക്കിൾ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് പുറപ്പെടുവിച്ച 'ക്യാപ്ചർ പ്ലാൻ' ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. കുങ്കിയാനകൾ എത്തിയ ശേഷം ഏതാനും ദിവസം ചക്കക്കൊമ്പന്റെ നീക്കങ്ങൾ നിരീക്ഷിച്ച ശേഷമായിരിക്കും മയക്കുവെടി വയ്ക്കുക.
ചക്കക്കൊമ്പനെ മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നതിന് പകരം സ്വന്തം ആവാസവ്യവസ്ഥയിൽത്തന്നെ നിലനിർത്തിക്കൊണ്ട് സഞ്ചാരപഥം 24 മണിക്കൂറും നിരീക്ഷിക്കാനാണ് റേഡിയോ കോളർ ഘടിപ്പിക്കുന്നത്. ആന ജനവാസ മേഖലകളിലേക്ക് നീങ്ങുന്നത് മുൻകൂട്ടി കണ്ടെത്തി ആളുകൾക്ക് മുന്നറിയിപ്പ് നൽകാനും സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കാനും ഇതിലൂടെ സാധിക്കുമെന്ന് വനംവകുപ്പ് വിലയിരുത്തുന്നു.
ഹൈറേഞ്ച് ചീഫ് കൺസർവേറ്റർ, മൂന്നാർ ഡിഎഫ്ഒ, നാല് വെറ്ററിനറി സർജൻമാർ എന്നിവരുടെ നേതൃത്വത്തിലായിരിക്കും ദൗത്യം നടക്കുക.
മയക്കുവെടി ദൗത്യം നടക്കുന്ന ദിവസം സുരക്ഷ മുൻനിർത്തി ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിൽ നിരോധനാജ്ഞ പ്രഖ്യാപിക്കാൻ സബ് കലക്ടർക്ക് വനംവകുപ്പ് നിർദേശം നൽകും.
ചക്കക്കൊമ്പൻ മനുഷ്യർക്കും വാഹനങ്ങൾക്കും നേരെ തുടർച്ചയായി ആക്രമണ സ്വഭാവം പ്രകടിപ്പിക്കുന്ന ആനയാണ്. കഴിഞ്ഞ സെപ്റ്റംബർ 23ന് പന്തടിക്കളത്ത് വിജയൻ എന്നയാൾ ചക്കക്കൊമ്പന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.








0 comments