ക്ഷേത്രത്തിൽ വെച്ച് പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി അറസ്റ്റിൽ

പൂനെ: മഹാരാഷ്ട്രയിലെ പൂനെയിൽ ക്ഷേത്രത്തിനുള്ളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം. സംഭവത്തിൽ കരാർ തൊഴിലാളിയായ വിശാൽ സിങ്ങിനെ പൊലീസ് അറസ്റ്റ് ചെയ്തു. പിംപ്രി-ചിഞ്ച്വാഡിലെ നിഗ്ഡി മേഖലയിലുള്ള ശിവക്ഷേത്രത്തിലാണ് സംഭവം.
ഒക്ടോബർ 10ന് രാവിലെ 11.07ഓടെയായിരുന്നു സംഭവം. ക്ഷേത്രത്തിലെത്തി പ്രാർഥിച്ചശേഷം മടങ്ങാൻ ഒരുങ്ങുകയായിരുന്ന പെൺകുട്ടിയുടെ അടുത്തേക്ക് പ്രതിയെത്തുകയായിരുന്നു. പെൺകുട്ടി തനിച്ചാണെന്ന് കണ്ട ഇയാൾ കൈയിൽ പിടിച്ച് അതിക്രമത്തിന് ശ്രമിച്ചെന്നാണ് റിപ്പോർട്ട്. ഏതാനും നിമിഷങ്ങൾ നീണ്ട ചെറുത്തുനിൽപ്പിനൊടുവിൽ പെൺകുട്ടി ഇയാളെ തള്ളിമാറ്റി രക്ഷപ്പെടുകയായിരുന്നു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് വിവരം പുറത്തറിയുന്നത്. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വ്യാപക പ്രതിഷേധമുയർന്നു.
മെട്രോ നിർമാണ സ്ഥലത്ത് ജോലി ചെയ്യുന്ന കരാർ തൊഴിലാളിയാണ് പ്രതിയെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ നിഗ്ഡി പൊലീസ് കേസെടുത്ത് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട വകുപ്പുകൾക്കും പോക്സോ നിയമപ്രകാരവുമാണ് കേസെടുത്തിരിക്കുന്നതെന്ന് മുതിർന്ന പൊലീസ് ഇൻസ്പെക്ടർ മഹേഷ് ബൻസോഡെ അറിയിച്ചു.








0 comments