print edition ജയ്‌ശങ്കർ യുഎഇയിലേക്ക്; ഹർദീപ് സിങ് പുരി ഖത്തറിൽ

ഹർദീപ് സിങ് പുരി ദോഹയില്‍ എത്തിയപ്പോള്‍ | Photo Credit: X/IndEmbDoha

സ്വന്തം ലേഖകൻ
Published on Apr 10, 2026, 12:52 AM | 1 min read
ന്യൂഡൽഹി: പശ്‌ചിമേഷ്യയിൽ വെടിനിർത്തൽ നിലവിൽ വന്നതിന് പിന്നാലെ പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി രണ്ടുദിവസത്തെ സന്ദർശനത്തിനായി വ്യാഴാഴ്‌ച ഖത്തറിലെത്തി. ഉൗർജ പ്രതിസന്ധിയുടെ പശ്‌ചാത്തലത്തിൽ പ്രകൃതിവാതക ഇറക്കുമതിയുടെ സാധ്യതകൾ തേടിയാണ് സന്ദർശനമെന്നാണ് റിപ്പോർട്ടുകൾ.
രാജ്യത്തിന് ആവശ്യമായ പ്രകൃതിവാതകത്തിന്റെ 50 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്. 40 ശതമാനവും ഖത്തറിൽ നിന്നാണ്. പശ്‌ചിമേഷ്യയിൽ സംഘർഷം ആരംഭിച്ചത് മുതൽ ഖത്തറിൽ നിന്നുള്ള ഇറക്കുമതി നിലച്ചിരുന്നു.
ഖത്തറിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ പ്രകൃതിവാതക പശ്‌ചാത്തലസൗകര്യങ്ങൾക്ക് വലിയ കേടുപാടുകൾ സംഭവിച്ചിരുന്നു. ഖത്തറിലെ പ്രകൃതിവാതക ഉൽപ്പാദനത്തിൽ 17 ശതമാനം ഇടിവുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. അറ്റകുറ്റപണികൾ മൂന്നര വർഷം വരെ നീളും. 2000 കോടി ഡോളറിന്റെ വാർഷിക വരുമാന നഷ്ടവും ഖത്തറിന് സംഭവിച്ചിട്ടുണ്ട്. ഇന്ത്യയിലേക്കുള്ള പ്രകൃതിവാതക കയറ്റുമതിയുടെ സാധ്യതകൾ ഖത്തർ സന്ദർശനവേളയിൽ മന്ത്രി പുരി ചർച്ച ചെയ്യും.
ക്രൂഡോയിലിനും എൽപിജിക്കുമായി ഇന്ത്യ ഏറെ ആശ്രയിക്കുന്ന യുഎഇയിലേക്ക് വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കറും വൈകാതെ പോകും. മൗറീഷ്യസിലേക്ക് വ്യാഴാഴ്‌ച തിരിച്ച ജയ്‌ശങ്കർ യുഎഇയും സന്ദർശിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.










0 comments