പശ്ചിമേഷ്യൻ സംഘർഷം; രാജ്യത്ത് പാചകവാതക ഉപഭോഗം കുത്തനെ കുറഞ്ഞു

ഡൽഹി തെരുവിലൂടെ എൽപിജി സിലിണ്ടർ തോളിലേറ്റി നടന്നുപോകുന്നയാൾ|Photo Credit: Anushree Fadnavis/REUTERS
ന്യൂഡൽഹി : പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് ഇന്ധന വിതരണം തടസപ്പെട്ടതോടെ രാജ്യത്തെ പാചകവാതക ഉപഭോഗത്തിൽ കുത്തനെയുള്ള ഇടിവ്. ഏപ്രിലിൽ എൽപിജി ഉപഭോഗം 16.1 ശതമാനം കുറഞ്ഞതായാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്. വിതരണ ശൃംഖലയിലുണ്ടായ തടസങ്ങൾ ഗാർഹിക - വാണിജ്യ ഉപഭോക്താക്കളെ ഒരുപോലെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
പെട്രോളിയം മന്ത്രാലയത്തിന്റെ പെട്രോളിയം പ്ലാനിംഗ് ആൻഡ് അനാലിസിസ് സെല്ലിൽ (പിപിഎസി) നിന്നുള്ള കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം ഏപ്രിലിൽ 26.2 ലക്ഷം ടണ്ണായിരുന്ന ഉപഭോഗം ഇത്തവണ 22 ലക്ഷം ടണ്ണായി കുറഞ്ഞു. മാർച്ചിൽ രേഖപ്പെടുത്തിയ 12.8 ശതമാനം ഇടിവുണ്ടായിട്ടുണ്ട്. അതിനേക്കാൾ കുറവാണ് ഏപ്രിലിലെ കണക്കുകൾ.
ഇന്ത്യയുടെ എൽപിജി ആവശ്യകതയുടെ 60 ശതമാനത്തോളം ഇറക്കുമതിയിലൂടെയാണ് നിറവേറ്റുന്നത്. ഇതിൽ ഭൂരിഭാഗവും എത്തുന്നത് യുദ്ധം രൂക്ഷമായ ഹോർമുസ് കടലിടുക്ക് വഴിയാണ്. അമേരിക്കൻ - ഇസ്രയേൽ സഖ്യം നടത്തുന്ന ആക്രമണങ്ങൾക്ക് തിരിച്ചടിയായി ഇറാൻ ഈ സമുദ്രപാത അടച്ചതോടെ ആഗോളതലത്തിൽ ഇന്ധനവിതരണ പ്രതിസന്ധി നേരിടുകയാണ്. സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിൽ നിന്നുള്ള വിതരണത്തെയാണ് ഇത് സാരമായി ബാധിച്ചത്.
എൽപിജി ലഭ്യത കുറഞ്ഞതോടെ വീടുകളിലെ പാചകവാതക വിതരണം ഉറപ്പാക്കാൻ വാണിജ്യ മേഖലക്കുള്ള വിതരണം സർക്കാർ വെട്ടിക്കുറച്ചു. ഹോട്ടലുകളെയും വ്യവസായങ്ങളെയും ഇത് വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട്. വീടുകളിൽ സിലിണ്ടറുകൾ ബുക്ക് ചെയ്യുന്നതിനിടയിലുള്ള ഇടവേള വർധിപ്പിച്ചും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. മലിനീകരണമില്ലാത്ത ഇന്ധനമെന്ന നിലയിൽ എൽപിജി ഉപയോഗം വർധിപ്പിക്കാനുള്ള സർക്കാർ നീക്കങ്ങൾക്കാണ് യുദ്ധം തിരിച്ചടിയായത്.
ഗൾഫ് മേഖലയിൽ വ്യോമപാതകൾ അടച്ചതോടെ വിമാന ഇന്ധനത്തിന്റെ ഉപഭോഗത്തിലും കുറവുണ്ടായി. ഏപ്രിലിൽ 1.37 ശതമാനം കുറഞ്ഞ് 7.61 ലക്ഷം ടൺ ഇന്ധനമാണ് ഉപയോഗിച്ചത്. ഡീസൽ വിൽപ്പനയിൽ നേരിയ വളർച്ച മാത്രമാണ് രേഖപ്പെടുത്തിയത്. അതായത് ഏകദേശം 0.25 ശതമാനം. പെട്രോൾ വിൽപ്പന 6.36 ശതമാനം ഉയർന്നെങ്കിലും മാർച്ചിലെ വളർച്ചയുമായി താരതമ്യം ചെയ്യുമ്പോൾ ഇത് കുറവാണ്. യുദ്ധം നീണ്ടുപോയാൽ രാജ്യത്തെ ഇന്ധന വിപണി കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങും.









0 comments