പ്രകൃതിവാതകവും കിട്ടാക്കനിയാകുമോ? ഖത്തറിൽ ഉൽപ്പാദനം നിലച്ചു; ഇന്ത്യയിലേക്കുള്ള ഇറക്കുമതി സ്തംഭിച്ചു

പ്രതീകാത്മക ചിത്രം
ന്യൂഡൽഹി : പശ്ചിമേഷ്യയിൽ യുദ്ധം ആളിപ്പടരുന്നതിനിടെ ഖത്തറിലെ പ്രധാന പ്രകൃതിവാതക (LNG) ഉൽപാദന കേന്ദ്രങ്ങൾ പ്രവർത്തനം നിർത്തിവെച്ചു. ഇതോടെ ഇന്ത്യയിലേക്കുള്ള ഇന്ധനനീക്കം പൂർണ്ണമായും തടസ്സപ്പെട്ടു. രാജ്യത്തെ വ്യവസായ മേഖലയെയും ഗാർഹിക-വാഹന ഇന്ധന വിതരണത്തെയും ഈ പ്രതിസന്ധി സാരമായി ബാധിക്കും.
അമേരിക്കയും ഇസ്രയേലും ചേർന്ന് ഇറാനെതിരായ അധിനിവേശം കടുപ്പിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ എൽഎൻജി കയറ്റുമതി കേന്ദ്രമായ റാസ് ലഫാനിലെ ഇൻസ്റ്റാളേഷനുകൾക്ക് നേരെ ഇറാൻ്റെ ഡ്രോൺ ആക്രമണമുണ്ടായതിന് പിന്നാലെയാണ് ഖത്തർ എനർജി പ്രവർത്തനം നിർത്തിയത്. ഇതേത്തുടർന്ന് ഇന്ത്യയിലേക്കുള്ള എൽഎൻജി വിതരണത്തിൽ 40 ശതമാനത്തോളം കുറവുണ്ടായി.
യുഎസ് - ഇസ്രായേൽ സഖ്യം ഇറാനെതിരെ അധിനിവേശം തുടരുന്നതിനാൽ ഹോർമുസ് കടലിടുക്ക് ഏതാണ്ട് പൂർണ്ണമായും അടഞ്ഞ നിലയിലാണ്. ഇതുവഴിയാണ് ഇന്ത്യയുടെ എണ്ണ ഇറക്കുമതിയുടെ 50 ശതമാനവും, എൽഎൻജിയുടെ 54 ശതമാനവും കടന്നുപോകുന്നത്.
പെട്രോനെറ്റിന്റെ പ്രധാന എൽഎൻജി വാഹിനികളായ ദിശ, രാഹി, അസീം എന്നീ കപ്പലുകൾക്ക് ഖത്തറിലെ റാസ് ലഫാൻ തുറമുഖത്തേക്ക് അടുക്കാൻ കഴിയുന്നില്ല. പ്രതിവർഷം ഇന്ത്യ ഇറക്കുമതി ചെയ്യുന്ന 2.7 കോടി ടൺ എൽഎൻജിയുടെ 40 ശതമാനവും ഖത്തറിൽ നിന്നാണ് എത്തുന്നത്. ഖത്തറിലേക്ക് കപ്പലുകൾ അയക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഇന്ത്യയുടെ പ്രധാന ഇറക്കുമതിക്കാരായ പെട്രോനെറ്റ് എൽഎൻജി ലിമിറ്റഡ് പ്രമുഖ പൊതുമേഖലാ സ്ഥാപനങ്ങളായ ഗെയിൽ, ഐ.ഒ.സി തുടങ്ങിയവയ്ക്ക് 'ഫോഴ്സ് മജ്യൂർ' പ്രഖ്യാപിച്ചു. നിയന്ത്രണാതീതമായ കാരണങ്ങളാൽ കരാർ പാലിക്കാൻ കഴിയാത്ത സാഹചര്യത്തെയാണ് 'ഫോഴ്സ് മജ്യൂർ' എന്നു പറയുന്നത്. ഖത്തർ എനർജിയും സമാനമായ നോട്ടീസ് നൽകിയിട്ടുണ്ട്.
ഖത്തറുമായുള്ള കരാർ പ്രകാരമുള്ള ഇന്ധന ഇറക്കുമതി തടസ്സപ്പെട്ടതോടെ വിപണിയിൽ നിന്ന് കൂടിയ വിലയ്ക്ക് ഗ്യാസ് വാങ്ങേണ്ടി വരും. ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതം തടസ്സപ്പെട്ടതോടെ സ്പോട്ട് മാർക്കറ്റിൽ എൽഎൻജി വില വർധിച്ച് 25 ഡോളറിലെത്തി. ഇത് കരാർ വിലയുടെ ഇരട്ടിയിലധികമാണ്.
ആഭ്യന്തര വാതകത്തിന്റെയും എൽഎൻജിയുടെയും കുറവിൽ ആശങ്ക വ്യക്തമാക്കി സിറ്റി ഗ്യാസ് വിതരണ കമ്പനികൾ സർക്കാർ ഉടമസ്ഥതയിലുള്ള ഗെയിൽ ഇന്ത്യ ലിമിറ്റഡിന് കത്തയച്ചു. വാഹനങ്ങൾക്കുള്ള സിഎൻജി, പൈപ്പ് ലൈൻ വഴിയുള്ള പാചകവാതകം
എന്നിവയുടെ ലഭ്യത ഉറപ്പുവരുത്തണമെന്ന് കത്തിൽ പറയുന്നു. സിഎൻജി വില കുതിച്ചുയർന്നാൽ വാഹന ഉടമകൾ ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാൻ സാധ്യതയുണ്ടെന്നും ഇത് മേഖലയെ തകർക്കുമെന്നും അസോസിയേഷൻ ഓഫ് സിജിഡി എൻ്റിറ്റീസ് (ACE) കേന്ദ്ര സർക്കാരിനെ അറിയിച്ചു.
വിതരണ ശൃംഖലയിലെ തടസ്സങ്ങൾ തുടരുന്നത് വ്യവസായ മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇറക്കുമതി തടസ്സപ്പെട്ട് എൽഎൻജി വില കുതിച്ചുയർന്നാൽ ചെലവ് കുറഞ്ഞ ബദൽ ഇന്ധനങ്ങളായ നാഫ്തയിലേക്കും ഫർണസ് ഓയിലിലേക്കും മാറാൻ വ്യവസായ ശാലകൾ നിർബന്ധിതരാകും. ഇത് കാർഷിക മേഖലയെയും നേരിട്ട് ബാധിക്കും. വളം നിർമ്മാണ ശാലകൾക്ക് നൽകുന്ന വാതകത്തിന് വിലയേറുന്നത് സബ്‌സിഡി ഭാരം വർധിപ്പിക്കും. ഇത് സാധാരണക്കാരന്റെ പോക്കറ്റ് കാലിയാവാൻ വഴിയൊരുക്കുകയും ചെയ്യും.
രാജ്യത്തെ പ്രകൃതിവാതക ആവശ്യത്തിന്റെ പകുതിയോളം വിദേശ ഇറക്കുമതിയെ ആശ്രയിച്ചു കഴിയുന്ന ഇന്ത്യ വൻ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. നിലവിൽ സിഎൻജി, പൈപ്പ് വഴിയുള്ള പാചകവാതകം എന്നിവയുടെ വിതരണം 60 ശതമാനമായി ചുരുക്കിയിട്ടുണ്ട്. പശ്ചിമേഷ്യയിൽ സംഘർഷം നീണ്ടുപോയാൽ വരും ദിവസങ്ങളിൽ രാജ്യത്ത് കടുത്ത ഊർജ്ജ പ്രതിസന്ധിക്ക് സാധ്യതയുണ്ട്. സമാധാനാന്തരീക്ഷം തകർക്കുന്ന സാമ്രാജ്യത്വ ശക്തികളുടെ നീക്കങ്ങൾ ഇന്ത്യയുടെ ഊർജ്ജ സുരക്ഷയെത്തന്നെ അപകടത്തിലാക്കുന്ന കാഴ്ചയാണിവിടെ കാണുന്നത്.









0 comments