ad
Deshabhimani

print edition തൊഴിലുറപ്പ് ഇനിയില്ല; സമരമുഖത്ത് രാജ്യം

VBGRAMG.jpg

ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ച് വിബി ജിആർഎഎംജി അടിച്ചേൽപ്പിക്കുന്നതിനെതിരെ ഹരിയാനയിൽ 
നടന്ന പ്രതിഷേധം

വെബ് ഡെസ്ക്

Published on Jul 02, 2026, 12:58 AM | 1 min read

ന്യൂഡൽഹി: ഗ്രാമീണ ജനതയ്‌ക്ക്‌ ആശ്വാസമായിരുന്ന തൊഴിലുറപ്പ്‌ പദ്ധതി ഇനിയില്ല. പദ്ധതി അട്ടിമറിച്ച്‌ കേന്ദ്ര സർക്കാർ കൊണ്ടുവന്ന വിബി ജിആർഎഎംജി ബുധനാഴ്‌ച മുതൽ പ്രാബല്യത്തിലായി. തൊഴിലാളികളുടെ എല്ലാ അവകാശങ്ങളും കവരുന്ന മോദി സർക്കാരിന്റെ പദ്ധതിക്കെതിരെ ബുധനാഴ്‌ച രാജ്യവ്യാപക പ്രതിഷേധമുയർന്നു.


തൊഴിലുറപ്പ്‌ പദ്ധതി പ്രകാരം തൊഴിലാളികൾ ആവശ്യപ്പെട്ടാൽ തൊഴിൽ നൽകാൻ കേന്ദ്രം ബാധ്യസ്ഥരായിരുന്നു. ഇ‍ൗ വ്യവസ്ഥ പൂർണമായും ഇല്ലാതാക്കി. നിലവിൽ ഒരു പ്രദേശത്ത് എത്ര പേർ ജോലി ആവശ്യപ്പെട്ടാലും ഫണ്ട്‌ അനുവദിച്ചിരുന്നു. ഇനി മുതൽ സംസ്ഥാനത്തിന് കേന്ദ്രം നിശ്ചിത തുകയേ നൽകു. ഇതനുസരിച്ച്‌ തൊഴിൽ ലഭിക്കുന്ന സാഹചര്യം വരും.


ഗ്രാമീണ മേഖലകളിലെ വികസനമെത്തിയ പ്രദേശങ്ങളെ പദ്ധതിയിൽനിന്ന്‌ ഒഴിവാക്കുകയും ചെയ്യും. നഗരസമാനമായി മാറിയ പ്രദേശങ്ങളാണ്‌ കേരളത്തിലെ ഗ്രാമങ്ങൾ. ഇത്‌ കൂടുതൽ പ്രതിസന്ധിയുണ്ടാക്കും. സംസ്ഥാനങ്ങളുടെ സാന്പത്തിക ബാധ്യത കൂടും.


അഖിലേന്ത്യാ കർഷകത്തൊഴിലാളി യൂണിയനും ഗ്രാമീണ തൊഴിലാളി സംഘടനകളുടെ സംയുക്തവേദിയും ചേർന്ന്‌ കേന്ദ്രസർക്കർ നടപടിയ്ക്കെതിരെ രാജ്യവ്യാപക പ്രക്ഷോഭം സംഘടിപ്പിച്ചു. സിഐടിയു, അഖിലേന്ത്യാ കിസാൻ സഭ സംഘടനകളുടെ പിന്തുണയോടെയാണ്‌ പരിപാടികൾ സംഘടിപ്പിച്ചത്‌. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നടന്ന പ്രതിഷേധത്തിൽ നിരവധിയാളുകൾ പങ്കെടുത്തു.


ത്രിപുരയിൽ അഖിലേന്ത്യാ കർഷകത്തൊഴിലാളി യൂണിയൻ നേതൃത്വത്തിൽ മാർച്ച്‌ സംഘടിപ്പിച്ചു. ഹരിയാനയിലെയും മധ്യപ്രദേശിലെയും തൊഴിലാളികൾ ഗ്രാമങ്ങളിലും പഞ്ചായത്ത്‌ ഓഫീസുകൾക്ക്‌ മുന്നിലും പ്രതിഷേധിച്ച്‌ പുതിയ പദ്ധതിയുടെ ചട്ടങ്ങൾ കത്തിച്ചു. പഞ്ചാബിൽ തൊഴിലാളികൾ ബന്ധപ്പെട്ട ഓഫീസുകളിലെത്തി പദ്ധതി നടപ്പാക്കുന്നതിനുള്ള എതിർപ്പറിയിച്ചു.


രാജസ്ഥാനിലെ ജില്ലാ കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച മാർച്ചുകളിൽ ജനരോഷമിരന്പി. തെലങ്കാന, ആന്ധ്രാപ്രദേശ്‌, മഹാരാഷ്‌ട്ര സംസ്ഥാനങ്ങളിലെ പ്രതിഷേധങ്ങളിലും ആയിരങ്ങൾ പങ്കെടുത്തു. വിബി ജിആർഎഎഎംജി പദ്ധതി പിൻവലിച്ച്‌ പഴയത്‌ പുനസ്ഥാപിക്കുംവരെ പ്രതിഷേധം തുടരുമെന്ന്‌ അഖിലേന്ത്യാ കർഷകത്തൊഴിലാളി യൂണിയൻ പ്രസ്‌താവനയിൽ അറിയിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home