ad
Deshabhimani

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്നു

തൊഴിലുറപ്പുമില്ല വരുമാനവുമില്ല; ബിഹാറിലും രാജസ്ഥാനിലും തൊഴിലാളികൾ സമരത്തിൽ

mnrega

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്നതിനെതിരെ നടന്ന സമരത്തിൽ നിന്ന്

വെബ് ഡെസ്ക്

Published on Mar 30, 2026, 12:20 PM | 3 min read

ന്യൂഡൽഹി : തൊഴിലില്ലാതെ ദുരിതത്തിലായി രാജ്യത്തെ തൊഴിലുറപ്പ് തൊഴിലാളികൾ. ബിഹാറിലെ മുസാഫർപുർ ജില്ലയിലെ ഏകദേശം 12,000ത്തോളം തൊഴിലാളികൾക്ക് കഴിഞ്ഞ മുന്ന് നാല് മാസമായി ജോലിയില്ല.


മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് (MGNREGA) പകരം പുതിയൊരു നിയമം കൊണ്ടുവരാനുള്ള നീക്കത്തിലാണ് കേന്ദ്ര സർക്കാർ. നിലവിലുള്ള തൊഴിലുറപ്പ് പദ്ധതിയുടെ തുടർച്ച ഉറപ്പാക്കുമെന്നും പുതിയ നിയമം പൂർണതോതിൽ നടപ്പിലാക്കുന്നത് വരെ പഴയ രീതി തുടരുമെന്നും സർക്കാർ ഉറപ്പ് നൽകിയിരുന്നു.


എന്നാൽ കഴിഞ്ഞ 87 ദിവസമായി ബിഹാറിലെ മുസാഫർപുർ ജില്ലയുടെ ആസ്ഥാനത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾ പ്രതിഷേധത്തിലാണ്. സമരം ചെയ്യുന്ന തൊഴിലാളികൾ പറയുന്നത് യാഥാർഥ്യം ഇതിൽ നിന്നും തികച്ചും വ്യത്യസ്തമാണെന്നാണ്. പുതിയ നിയമത്തെപ്പറ്റി തൊഴിലാളികൾക്ക് ഇതുവരെ യാതൊരു ധാരണയുമില്ല.


പുതിയ നിയമം അവതരിപ്പിക്കുന്നതിന് മുമ്പ് തൊട്ടേ തൊഴിലില്ലെന്നതാണ് യാഥാർഥ്യം. തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിച്ച് കേന്ദ്രം കൊണ്ടുവന്ന പുതിയ പദ്ധതി എന്നുമുതൽ നടപ്പിലാകുമെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. ഇതിനാവശ്യമായ നിയമസംവിധാനം രൂപീകരിക്കുന്നതിനായി കേന്ദ്രസർക്കാർ സംസ്ഥാനങ്ങളുമായി ചർച്ചകൾ നടത്തിവരികയാണ്.


സാധാരണയായി മഴക്കാലത്ത് തൊഴിലുറപ്പ് ജോലി നടക്കാറില്ല. ഡിസംബറോടെ തൊഴിലുറപ്പ് ജോലികൾ സാധാരണയായി ആരംഭിക്കേണ്ടതാണ്. എന്നാൽ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ഇതുവരെ പണി നൽകിയിട്ടില്ലെന്നാണ് തൊഴിലാളികൾ പറയുന്നത്. തൊഴിൽ ആവശ്യപ്പെട്ട് മുസാഫർപുരിലെ ഏകദേശം 16,000 തൊഴിലാളികളാണ് സമരം ചെയ്യുന്നത്. അവരിൽ ഭൂരിഭാഗവും സ്ത്രീകളാണ്. പ്രതികരണമൊന്നും ലഭിക്കാതെ വന്നതോടെ ഒരു പ്രതിനിധി സംഘം മാർച്ച് 25ന് ഡൽഹിയിലെത്തി കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.


ഇതുവരെ തൊഴിൽ തുടങ്ങാനുള്ള നിർദേശമൊന്നും ലഭിച്ചില്ലെന്ന് അവസാനം ജില്ലാ ആസ്ഥാനത്തു നിന്ന് മറുപടി കിട്ടി. അതേസമയം മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ വ്യക്തമാക്കിയത് ഇതുവരെ ഔദ്യോ​ഗിക അറിയിപ്പൊന്നും കിട്ടിയിട്ടില്ലെന്നാണ്. ഇതൊരു വിവരമില്ലായ്മയാണോ അതോ എംജിഎൻആർഇജിഎ പ്രകാരമുള്ള എല്ലാ തൊഴിലുകളും നിർത്തലാക്കാൻ കേന്ദ്ര സർക്കാരിൽ നിന്നുള്ള അനൗദ്യോഗിക നിർദേശമാണോ എന്ന് സംശയിക്കുന്നതായി എംജിഎൻആർഇജിഎ വാച്ച്-ബിഹാർ എന്ന സംഘടനയുടെ പ്രതിനിധി സഞ്ജയ് സാഹ്നി വ്യക്തമാക്കി.


ഈ അനിശ്ചിതത്വം ബിഹാറിൽ മാത്രം ഒതുങ്ങുന്നില്ല. രാജസ്ഥാനിലെ ദുംഗർപൂർ ജില്ലയിലും സമാനമായ പരാതികൾ ഉയർന്നിട്ടുണ്ട്. ബൽവാർഹ പഞ്ചായത്തിൽ ഏപ്രിൽ മാസത്തെ ജോലിക്ക് ആവശ്യമായ രേഖകൾ പൂർത്തിയാക്കാൻ മാർച്ച് 23ന് രാവിലെ 40ഓളം സ്ത്രീ തൊഴിലാളികൾ എത്തിയിരുന്നു. എന്നാൽ കാര്യങ്ങളിൽ വ്യക്തതയില്ലെന്ന് പറഞ്ഞ് പഞ്ചായത്ത് ഉദ്യോഗസ്ഥർ അവരെ മടക്കി അയച്ചു. തുടർന്ന് ശനിയാഴ്ച, തൊഴിലുറപ്പ് പദ്ധതി നിർത്തലാക്കിയെന്നും ഇനി ഈ പദ്ധതിക്ക് കീഴിൽ പണി ലഭിക്കില്ലെന്നും അവരെ അറിയിച്ചു.


പടർമർഹി മേവാർഹ പഞ്ചായത്തിൽ ഏപ്രിൽ ആദ്യവാരം ജോലി ആവശ്യപ്പെട്ട് കഴിഞ്ഞ വെള്ളിയാഴ്ച മുപ്പതോളം വനിതാ തൊഴിലാളികൾ നാല് മണിക്കൂറോളം പ്രതിഷേധിച്ചു. പുതിയ തൊഴിലുറപ്പ് ജോലികൾ തുടങ്ങരുതെന്ന് മുകളിൽ നിന്ന് നിർദേശം ലഭിച്ചിട്ടുണ്ടെന്നാണ് പ്രാദേശിക ഉദ്യോഗസ്ഥർ ഇവിടെയും ആദ്യം പറഞ്ഞത്. തൊഴിലാളികൾ അവിടെനിന്ന് പിന്മാറാൻ കൂട്ടാക്കാത്തതിനെത്തുടർന്ന് ബ്ലോക്ക് തലത്തിലുള്ള ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ഒടുവിൽ തൊഴിലാളികളുടെ അപേക്ഷകൾ സ്വീകരിച്ചെങ്കിലും അവർക്ക് തൊഴിൽ ലഭിക്കുമോ എന്ന കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്.


ഓരോ കുടുംബത്തിനും തൊഴിലുറപ്പ് ജോലിയിലൂടെ വർഷത്തിൽ ഏകദേശം 25,000 രൂപ മുതൽ 28,000 രൂപ വരെ വരുമാനം ലഭിക്കുന്നുണ്ട്. ജോലി ലഭിക്കാത്ത സാഹചര്യം എല്ലാവരെയും ഒരുപോലെയല്ല ബാധിക്കുന്നത്. സ്ത്രീകൾ മാത്രം തൊഴിലെടുക്കുന്ന ചില കുടുംബങ്ങളിൽ തൊഴിലുറപ്പും സർക്കാർ പെൻഷനും മാത്രമാണ് ഏക വരുമാനമാർഗം. രാജസ്ഥാൻ അസംഗടിത് മസ്ദൂർ യൂണിയനിലെ മധുലിക പറയുന്നു.


രാജസ്ഥാനിലെ ഈ മേഖലയിലെ ഗ്രാമങ്ങൾ ഭൂരിഭാഗവും ആദിവാസി വിഭാഗങ്ങൾ താമസിക്കുന്ന ഇടങ്ങളാണ്. 13 ഗ്രാമങ്ങളിലായി ഏകദേശം 900 രജിസ്റ്റർ ചെയ്ത തൊഴിലാളികൾ പ്രവർത്തിക്കുന്നുണ്ട്. വിവിധ പഞ്ചായത്തുകളിൽ നിന്ന് സമാനമായ പരാതികൾ ലഭിച്ചുകൊണ്ടിരിക്കുകയാണെന്നും മധുലിക കൂട്ടിച്ചേർത്തു.


രാജസ്ഥാനിലെ ബിയാവർ ജില്ലയിലെ സ്ഥിതിയും വ്യത്യസ്തമല്ല. മാർച്ച് 21ന് റാവത്ത് മാൽ ഗ്രാമപഞ്ചായത്തിലെത്തിയ 150തോളം വനിതാ തൊഴിലാളികളോട് പുതിയ നിയമപ്രകാരമുള്ള പുതിയ അപേക്ഷാ ഫോമുകൾ എത്തിയാൽ മാത്രമേ അപേക്ഷ സ്വീകരിച്ച് തൊഴിൽ നൽകാൻ കഴിയുകയുള്ളൂ എന്നാണ് ഉദ്യോഗസ്ഥർ അറിയിച്ചത്.


സാർവത്രിക തൊഴിൽ അവകാശം നടപ്പാക്കുന്നതായിരുന്നു ഇടതുപക്ഷ പിന്തുണയോടെ ഭരിച്ച ഒന്നാം യുപിഎ സർക്കാർ ആവിഷ്കരിച്ച മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി. ഗ്രാമീണ തൊഴിലില്ലായ്മയ്‌ക്ക് അത് ഒരളവുവരെ പരിഹാരമാവുകയും ചെയ്തു.


തൊഴിലുറപ്പ് പദ്ധതിയുടെ ഘടന തന്നെ തകർത്ത് അതിന്റെ ആശയങ്ങൾക്കും ലക്ഷ്യങ്ങൾക്കും തുരങ്കം വയ്ക്കുന്ന നിർദേശങ്ങളാണ് വിബി ജി റാം ജി എന്ന പുതിയ നിയമത്തിലുള്ളത്. പദ്ധതി പൂർണമായും കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലാക്കുന്നതാണ് ഈ നിയമത്തിലെ പ്രധാന നിർദേശങ്ങൾ.


സംസ്ഥാനങ്ങളുടെ വിഹിതം 10 ശതമാനത്തിൽ നിന്ന് സാമ്പത്തിക ബാധ്യതയുടെ 40 ശതമാനം സംസ്ഥാനങ്ങളുടെമേൽ കെട്ടിവക്കുകയും ചെയ്യുന്നുണ്ട് ഈ നിയമം. പ്രതിവർഷം ഒന്നര ലക്ഷം കോടി രൂപ ചെലവ്‌ വരുന്ന പദ്ധതിക്കായി സംസ്ഥാനങ്ങൾ 55,000 കോടി രൂപ മുടക്കേണ്ടിവരും.


തൊഴിലുറപ്പ് പദ്ധതി കാര്യക്ഷമമായി നടപ്പാക്കുന്ന കേരളത്തിന് പുതിയ ബിൽ നിയമമാകുന്നതോടെ പ്രതിവർഷം 1600 കോടി രൂപയോളം അധിക ബാധ്യതയുണ്ടാകും. കേരളത്തിലെ 22. 61 ലക്ഷം വരുന്ന തൊഴിലുറപ്പ് തൊഴിലാളികളെ ആശങ്കയിലാക്കുന്ന പുതിയ നിയമത്തിനെതിരെ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു.


രാജ്യത്ത് ഏകദേശം 14.5 കോടി തൊഴിലാളികൾ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കു കീഴിൽ തൊഴിലെടുക്കുന്നുണ്ട്. ഇത്രയും പേർക്ക് ഉപജീവനം ഉറപ്പാക്കുന്ന തൊഴിലുറപ്പ്‌ പദ്ധതിയെ അട്ടിമറിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ മെയ്‌ 15ന്‌ പണിമുടക്കാനൊരുങ്ങുകയാണ് രാജ്യത്തെ കർഷകത്തൊഴിലാളി യൂണിയനുകൾ.


പുതിയ വിബി-ജി റാം ജി നിയമം നടപ്പിലാക്കുന്നത് വരെ തൊഴിലുറപ്പ് പദ്ധതി തുടരുമെന്ന് ആ നിയമത്തിൽ തന്നെ വ്യക്തമായി പറയുന്നുണ്ടെങ്കിലും, പുതിയ നിയമം നിലവിൽ വരുന്നതിന് മുൻപേ തന്നെ പല സംസ്ഥാനങ്ങളിലും തൊഴിലുറപ്പ് പണികൾ നിഷേധിക്കപ്പെടുന്നത് തൊഴിലാളികളെ വലിയ പ്രതിസന്ധിയിലേക്കാണ് തള്ളിവിടുന്നത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home