print edition ഇന്ന് സാർവദേശീയ തൊഴിലാളി ദിനം; ചൂഷണത്തിനെതിരെ സമരകാഹളമാകും


സ്വന്തം ലേഖകൻ
Published on May 01, 2026, 03:24 AM | 1 min read
ന്യൂഡൽഹി: കോർപറേറ്റുകൾക്ക് പൂർണമായും കീഴടങ്ങിയുള്ള നാല് തൊഴിൽ കോഡുകൾ കേന്ദ്രസർക്കാർ അടിച്ചേൽപ്പിച്ച ശേഷമുള്ള ആദ്യ മെയ്‌ദിനം രാജ്യമെങ്ങും വിപുലമായി ആചരിക്കാൻ കേന്ദ്ര ട്രേഡ് യൂണിയനുകൾ. തൊഴിൽ കോഡുകൾക്കെതിരെയും തൊഴിലാളികളുടെ അവകാശങ്ങൾ കവരുന്നതിനെതിരെയും രാജ്യമാകെ പടരുന്ന പ്രക്ഷോഭങ്ങൾ മെയ്‌ദിനാചരണത്തെ കൂടുതൽ ആവേശഭരിതമാക്കും. തൊഴിലാളികളുടെ സംഘടിതശേഷി ദുർബലമായ ഇടങ്ങളിൽപ്പോലും തൊഴിൽ സമരങ്ങൾ വ്യാപകമാകുന്നതിന്റെ പകപ്പിലാണ് കേന്ദ്ര ബിജെപി സർക്കാരും വൻകിട കോർപറേറ്റുകളും. കേന്ദ്രത്തിന്റെ തൊഴിലാളിദ്രോഹ നയങ്ങളെ പിന്തുണയ്‌ക്കുന്ന കോൺഗ്രസ്–ബിജെപി സംസ്ഥാന സർക്കാരുകൾക്കെതിരെയും ജനവികാരം ശക്തമാണ്.
തൊഴിൽസമയം എട്ടുമണിക്കൂറിൽനിന്ന് 12 മണിക്കൂറാക്കി ഉയർത്തിയും സംഘടിക്കാനും വിലപേശാനും പണിമുടക്കാനുമുള്ള അവകാശം നിഷേധിച്ചും സ്ഥിരം തൊഴിൽ സന്പ്രദായം അവസാനിപ്പിച്ചുമാണ് പുതിയ തൊഴിൽ കോഡുകൾ തൊഴിലാളികളെ ദ്രോഹിക്കുന്നത്. കഴിഞ്ഞ നവംബറിൽ ഏകപക്ഷീയമായി തൊഴിൽ കോഡുകൾ നടപ്പാക്കിയശേഷം അഖിലേന്ത്യാ പണിമുടക്കടക്കം ശ്രദ്ധേയമായ സമരപരിപാടികൾ ട്രേഡ്‌യൂണിയനുകൾ സംഘടിപ്പിച്ചിരുന്നു. തൊഴിലാളികളുടെ അവകാശബോധത്തെ ഉണർത്തുന്നതിൽ പണിമുടക്ക് അടക്കമുള്ള പ്രക്ഷോഭങ്ങൾ വലിയ പങ്ക് വഹിച്ചു. തൊഴിൽ സമരങ്ങൾ പതിവില്ലാത്ത രാജ്യതലസ്ഥാന മേഖലയിലടക്കം തൊഴിലാളികൾ അവകാശ മുദ്രാവാക്യങ്ങളുയർത്തി തെരുവിലിറങ്ങി. നോയ്‌ഡയിലും ഗുഡ്‌ഗാവിലും മനേസറിലും പാനിപ്പത്തിലുമെല്ലാം ഫാക്‌ടറി തൊഴിലാളികൾ വേതന വർധനയും മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങളും ആവശ്യപ്പെട്ട് പണിമുടക്കി. ഉത്തരാഖണ്ഡ് ഉൾപ്പെടെ മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ വ്യവസായ കേന്ദ്രങ്ങളിലും തൊഴിലുടമകളുടെ ചൂഷണത്തിനെതിരായി സമരക്കാറ്റ് പടരുകയാണ്.
പൊലീസിനെയും കേന്ദ്രസേനയെയും മറ്റും രംഗത്തിറക്കി സമരങ്ങളെ അടിച്ചമർത്താനാണ് ഡൽഹി, യുപി, ഹരിയാന, രാജസ്ഥാൻ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ ബിജെപി സർക്കാരുകൾ ശ്രമിക്കുന്നത്. ഇതിനെതിരായി വലിയ പ്രക്ഷോഭങ്ങളിലേക്ക് സിഐടിയു ഉൾപ്പെടെയുള്ള ട്രേഡ്‌യൂണിയനുകൾ കടക്കുന്ന ഘട്ടത്തിൽ കൂടിയാണ് മെയ്‌ദിനാചരണം.











0 comments