ad
Deshabhimani

500 സ്ത്രീകൾ, 2 കോടിയുടെ തട്ടിപ്പ്; മാട്രിമോണിയൽ ആപ്പ് വഴി തട്ടിപ്പുനടത്തിയ യുവാവ് പിടിയില്‍

bengal matrimonial fruad

സൈബർ പൊലീസ് സംഘത്തിന്‍റെ പിടിയിലായ പ്രതി ആനന്ദ് കുമാര്‍

വെബ് ഡെസ്ക്

Published on Apr 16, 2026, 03:28 PM | 1 min read

ന്യൂഡൽഹി: മാട്രിമോണിയൽ സൈറ്റുകളിലൂടെയും ഡേറ്റിംഗ് ആപ്പുകളിലൂടെയും അഞ്ഞൂറോളം സ്ത്രീകളെ വിവാഹവാഗ്ദാനം നൽകി കബളിപ്പിച്ച് രണ്ട് കോടിയോളം രൂപ തട്ടിയെടുത്ത യുവാവ് പിടിയിൽ. പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് സ്വദേശിയായ ആനന്ദ് കുമാറിനെയാണ് ഡൽഹി സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്. വിവിധ പേരുകളിൽ വ്യാജ പ്രൊഫൈലുകൾ നിർമ്മിച്ച് വർഷങ്ങളായി ഇയാൾ തട്ടിപ്പ് നടത്തിവരികയായിരുന്നു.


മാട്രിമോണിയൽ സൈറ്റുകളിൽ ഡോക്ടർ, ബിസിനസുകാരൻ, ഫിലിം പ്രൊഡ്യൂസർ, വക്കീൽ എന്നിങ്ങനെ പല വേഷങ്ങളിലാണ് ആനന്ദ് കുമാർ പ്രത്യക്ഷപ്പെട്ടിരുന്നത്. ഡോ. രോഹിത് ബാൽ, തരുൺ, വൈഭവ് അറോറ, ആനന്ദ് ശർമ്മ തുടങ്ങിയ പേരുകളിൽ ഇയാൾ വ്യാജ പ്രൊഫൈലുകൾ നിർമിച്ചു. സ്ത്രീകളുമായി പ്രണയത്തിലാവുകയും വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി വിശ്വാസം നേടിയെടുക്കുകയും ചെയ്യുന്നതായിരുന്നു ആദ്യ ഘട്ടം. ചിലർക്ക് മോഡലിംഗ് അവസരങ്ങളും പ്രശസ്ത കോളേജുകളിൽ അഡ്മിഷനും ഇയാൾ വാഗ്ദാനം ചെയ്തിരുന്നു.


വിവാഹ വാഗ്ദാനം നൽകി അടുപ്പത്തിലായ ശേഷം തന്റെ കുടുംബത്തിൽ മെഡിക്കൽ എമർജൻസിയാണെന്നോ ബിസിനസിൽ വൻ തകർച്ചയുണ്ടായെന്നോ പറഞ്ഞ് ഇയാൾ സ്ത്രീകളിൽ നിന്ന് പണം ആവശ്യപ്പെടും. 'വൈഭവ് അറോറ' എന്ന പേരിലുള്ള ഇൻസ്റ്റാഗ്രാം പ്രൊഫൈൽ വഴി പരിചയപ്പെട്ട യുവതിക്ക് 7 ലക്ഷം രൂപ നഷ്ടമായതോടെയാണ് തട്ടിപ്പിന്റെ ചുരുളഴിയുന്നത്. യുവതി പണം തിരികെ ചോദിച്ചപ്പോൾ 'വൈഭവ് അറോറ മരിച്ചുപോയി' എന്ന് വിശ്വസിപ്പിക്കാനും ഇയാൾ ശ്രമിച്ചു.


യുവതി നൽകിയ പരാതിയിൽ ഡൽഹി സൈബർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ആനന്ദ് കുമാർ ബംഗാളിൽ നിന്ന് പിടിയിലാവുന്നത്. ഇയാളുടെ പക്കൽ നിന്ന് നാല് മൊബൈൽ ഫോണുകൾ, എട്ട് സിം കാർഡുകൾ, ഡെബിറ്റ് കാർഡുകൾ, തട്ടിപ്പിലൂടെ സമ്പാദിച്ച പണം ഉപയോഗിച്ച് വാങ്ങിയ സ്വർണ്ണാഭരണങ്ങൾ എന്നിവ പൊലീസ് കണ്ടെടുത്തു. തട്ടിയെടുത്ത പണത്തിന്റെ ഭൂരിഭാഗവും ഓൺലൈൻ ഗെയിമുകൾ കളിക്കാനും ആഡംബര ജീവിതം നയിക്കാനുമാണ് ഇയാൾ ഉപയോഗിച്ചിരുന്നത്. ഡൽഹിയിലും ഗാസിയാബാദിലും ഇയാൾക്കെതിരെ നേരത്തെയും സമാനമായ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടുതൽ പേർ തട്ടിപ്പിന് ഇരയായിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home