print edition വീണ്ടും ട്രംപിന്റെ പ്രഹരം; ഇന്ത്യയിൽ നിന്നുള്ള സോളാർ കയറ്റുമതിയുടെ നികുതി ഭാരം 250 ശതമാനത്തോളമായി

പ്രതീകാത്മകചിത്രം

സ്വന്തം ലേഖകൻ
Published on Apr 27, 2026, 12:00 AM | 1 min read
ന്യൂഡൽഹി: മോദി സർക്കാർ കടുത്ത ദാസ്യമനോഭാവം പിന്തുടർന്നിട്ടും ഇന്ത്യയോടുള്ള പ്രതികാരബുദ്ധിയിൽ മാറ്റമില്ലാതെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്ത്യയിൽനിന്ന് കയറ്റുമതി ചെയ്യുന്ന സോളാർ സെല്ലുകൾക്കും മൊഡ്യൂളുകൾക്കും 123.04 ശതമാനം ആന്റി ഡംപിങ് തീരുവ യുഎസ് ഏർപ്പെടുത്തി. വിദേശരാജ്യങ്ങളിൽനിന്ന് കുറഞ്ഞവിലയ്‌ക്ക് ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾക്കുമേൽ ചുമത്തുന്ന നികുതിയാണിത്. നിലവിലുള്ള 125 ശതമാനം ഇറക്കുമതി തീരുവയ്‌ക്ക് പുറമേയാണ് പുതിയ തീരുവ. ഇതോടെ ഇന്ത്യയിൽ നിന്നുള്ള സോളാർ കയറ്റുമതിയുടെ ആകെ നികുതി ഭാരം 250 ശതമാനത്തോളമായി.
ആഭ്യന്തര സൗരോർജ നിർമാണ വ്യവസായത്തെ സംരക്ഷിക്കാനാണ് നടപടിയെന്നാണ് അമേരിക്കയുടെ വിശദീകരണം. ഫലത്തിൽ ഇന്ത്യൻ സൗരോർജ ഉൽപ്പന്നങ്ങൾക്ക് അമേരിക്കൻ വിപണി അപ്രാപ്യമാക്കുന്നതാണ് തീരുമാനം.
അദാനി ഗ്രൂപ്പിന് കീഴിലുള്ള കന്പനികളായ മുന്ദ്ര സോളാർ പിവി, മുന്ദ്ര സോളാർ എനർജി തുടങ്ങിയ സൗരോർജ ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്ന സ്ഥാപനങ്ങൾക്കുനേരെ അമേരിക്കൻ വാണിജ്യവിഭാഗം അന്വേഷണം നടത്തിയിരുന്നു. ഇൗ അന്വേഷണത്തിൽ ഗുരുതരവീഴ്‌ചകൾ കണ്ടെത്തിയതിനെ തുടർന്നാണ് കൂടുതൽ തീരുവ ചുമത്താനുള്ള തീരുമാനമുണ്ടായതെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം, പശ്‌ചിമേഷ്യൻ സംഘർഷ പശ്ചാത്തലത്തിൽ പ്രതിസന്ധിയിലായ ഇന്ത്യൻ കന്പനികൾക്ക് പുതിയ തീരുവ കനത്ത തിരിച്ചടിയായി. ഇന്ത്യൻ സോളാർ ഉൽപ്പന്നങ്ങൾ അമേരിക്കയിൽ ഇറക്കണമെങ്കിൽ 250 ശതമാനം തീരുവ ഒടുക്കണമെന്ന തീരുമാനം അംഗീകരിക്കാൻ കഴിയില്ലെന്ന് സോളാർ എനെർജി ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രതികരിച്ചു.










0 comments