print edition ഹിമാചൽ തദ്ദേശ തെരഞ്ഞെടുപ്പ് : തകർന്നടിഞ്ഞ് കോൺഗ്രസ്; ബിജെപിക്ക് നേട്ടം; കരുത്തുകാട്ടി സിപിഐ എം


സ്വന്തം ലേഖകൻ
Published on Jun 03, 2026, 12:17 AM | 1 min read
ന്യൂഡൽഹി: ഹിമാചൽ പ്രദേശിൽ ഭരണകക്ഷിയായ കോൺഗ്രസിന് തദ്ദേശ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി. സംസ്ഥാനത്തെ നാലിൽ മൂന്ന് മുനിസിപ്പൽ കോർപറേഷനും ബിജെപി ജയിച്ചു. കോൺഗ്രസിൽനിന്ന് ധർമശാല, സോളൻ കോർപറേഷനുകൾ പിടിച്ചെടുത്ത ബിജെപി മണ്ഡിയിൽ ഭരണം നിലനിർത്തി. കോൺഗ്രസ് ജയിച്ചത് പാലംപുരിൽ മാത്രം.
മണ്ഡിയിലെ 15ൽ 12 സീറ്റും ബിജെപി ജയിച്ചു. കോൺഗ്രസ് സ്ഥാനാർഥിയും ഒരു സ്വതന്ത്രനുമാണ് മറ്റ് വിജയികൾ. ഒരിടത്ത് ജനങ്ങൾ വോട്ടെടുപ്പ് ബഹിഷ്‌ക്കരിച്ചു. സോളനിലെ 17ൽ 10ഉം ബിജെപി ജയിച്ചു. ആറിടത്ത് കോൺഗ്രസും ഒരിടത്ത് സ്വതന്ത്രനും. ധർമശാലയിലെ 17ൽ 11ഉം ബിജെപി. കോൺഗ്രസ് അഞ്ച്, സ്വതന്ത്രൻ ഒന്ന്. പാലംപുരിലെ 15ൽ 11 സീറ്റ് കോൺഗ്രസ് ജയിച്ചു. നാലിടത്ത് ബിജെപി.
കോൺഗ്രസ് സർക്കാരിനെതിരായ റഫറണ്ടമാണ് തദ്ദേശ തെരഞ്ഞെടുപ്പ് ഫലമെന്ന് ബിജെപി അവകാശപ്പെട്ടു. അടുത്തവർഷം നിയമസഭ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന സംസ്ഥാനത്തുണ്ടായ തിരിച്ചടി കോൺഗ്രസിന് വലിയ ആഘാതമായി. അതേസമയം, രാഷ്‌ട്രീയ പാർടികൾ നേരിട്ട് മത്സരിക്കാത്ത ബിഡിസി (ബ്ലോക്ക് വികസന കമ്മിറ്റി) ഫലങ്ങളിൽ ബിജെപിയും കോൺഗ്രസും വിജയം അവകാശപ്പെട്ടു.
കരുത്തുകാട്ടി സിപിഐ എം
ആപ്പിൾ കർഷകരുടെ പ്രശ്‌നങ്ങൾ ഉയർത്തി സംസ്ഥാന വ്യാപകമായി പോരാട്ടം നയിക്കുന്ന സിപിഐ എമ്മിന് തദ്ദേശ തെരഞ്ഞെടുപ്പിൽ കരുത്തുകാട്ടാനായി. മൂന്ന് ജില്ലാ പഞ്ചായത്ത് സീറ്റുകളിൽ പാർടി സ്ഥാനാർഥികൾ ജയിച്ചു. മണ്ഡി ജില്ലാ പഞ്ചായത്തിൽ രണ്ടും ബിലാസ്‌പുരിൽ ഒരു സീറ്റിലുമാണ് ജയം.
ഒന്പത് പഞ്ചായത്ത് പ്രസിഡന്റുമാരും 10 വൈസ് പ്രസിഡന്റുമാരും ജയിച്ചു. ഷിംല ജില്ലയിലെ നാല് പഞ്ചായത്തുകളിൽ പ്രസിഡന്റുമാരും നാലിടത്ത് വൈസ് പ്രസിഡന്റുമാരും ജയിച്ചു. പാർടി പിന്തുണച്ച ഒന്പതുപേർ ബിഡിസിയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു.









0 comments