മറാത്തി നടൻ തുഷാർ ഗാഡിഗാവോകർ മരിച്ച നിലയിൽ

മുംബൈ : പ്രശസ്ത മറാത്തി ചലച്ചിത്ര-നാടക നടൻ തുഷാർ ഗാഡിഗാവോകറിനെ (34) മരിച്ച നിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച മുംബൈയിലെ ഗോരേഗാവ് വെസ്റ്റിലുള്ള വാടക ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഗോരേഗാവ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
റാം മന്ദിർ റോഡിലെ വസതിയിൽ ഒരാൾ അബോധാവസ്ഥയിൽ കിടക്കുന്നതായി കൺട്രോൾ റൂമിലേക്ക് ഫോൺ ലഭിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയപ്പോൾ തുഷാർ അബോധാവസ്ഥയിൽ മുറിയിൽ കിടക്കുന്നതായി കണ്ടെത്തി. ഉടൻ തന്നെ തുഷാറിനെ ട്രോമ കെയർ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ അറിയിച്ചു.
ജോലി സംബന്ധമായ കാരണങ്ങളാൽ ഗാഡിഗാവ്കർ കടുത്ത സമ്മർദ്ദത്തിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ഒരു വർഷമായി മദ്യത്തിന് അടിമയായിരുന്നുവെന്നും പോലീസ് വൃത്തങ്ങൾ സൂചിപ്പിച്ചു. മരണസമയത്ത് വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. കുടുംബാംഗങ്ങളുടെ മൊഴികൾ രേഖപ്പെടുത്തിയിട്ടുണ്ട്. ആർക്കെതിരെയും പരാതി നൽകിയിട്ടില്ല.
മറാത്തി സിനിമ, ടെലിവിഷൻ, നാടക മേഖലകളിലെ അറിയപ്പെടുന്ന വ്യക്തിയായ ഗാഡിഗാവോകർ നിരവധി ചിത്രങ്ങളിലും നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 'സംഗീത ബിബത് അഖ്യാൻ' എന്ന മറാത്തി സംഗീത നാടകത്തിന്റെ ഭാഗമായിരുന്നു. ഘണ്ടാ നാദ് പ്രൊഡക്ഷൻ എന്ന സ്വന്തം ബാനറിന് കീഴിൽ സംഗീത വീഡിയോകളും നിർമിച്ചിട്ടുണ്ട്.
0 comments