26 ആക്രമണങ്ങളുടെ സൂത്രധാരൻ
തലയ്ക്ക് ഒരു കോടി രൂപ, മാവോയിസ്റ്റ് നേതാവ് മാദ്വി ഹിദ്മ കൊല്ലപ്പെട്ടു

വിജയവാഡ: ആന്ധ്രാപ്രദേശിലെ അല്ലൂരി സീതാരാമ രാജു ജില്ലയിലെ നെല്ലൂർ ഗ്രാമത്തിന് സമീപം ചൊവ്വാഴ്ച പുലർച്ചെ ഉണ്ടായ വെടിവയ്പ്പിൽ അറിയപ്പെടുന്ന മാവോയിസ്റ്റ് നേതാവും ഭാര്യയും നാല് പ്രവർത്തകരും കൊല്ലപ്പെട്ടു.
മാവോയിസ്റ്റ് ആക്രമണങ്ങളുടെ ബുദ്ധി കേന്ദ്രവും നായകനുമായി അറിയപ്പെടുന്ന മാദ്വി ഹിദ്മ, ഭാര്യ മദകം രാജെ എന്ന രാജാക്ക, മറ്റ് നാല് പേർ എന്നിവരാണ് കൊല്ലപ്പെട്ടത്. രാവിലെ 6 നും 7 നും ഇടയിലാണ് ഏറ്റുമുട്ടൽ നടന്നതെന്നും, കോമ്പിംഗ് പ്രവർത്തനങ്ങൾ തുടരുകയാണെന്നും ആന്ധ്രാപ്രദേശ് ഡിജിപി ഹരീഷ് കുമാർ ഗുപ്ത അറിയിച്ചു.
ഹിദ്മയുടെ കൊലപാതകം ഇതിനകം ഉന്മൂലന ഭീഷണിയിലായ മാവോയിസ്റ്റ് പ്രസ്ഥാനത്തിന് കനത്ത തിരിച്ചടിയായി കണക്കാക്കപ്പെടുന്നു. സൈനിക തന്ത്രജ്ഞനും ശക്തനായ പോരാളിയുമായി അറിയപ്പെടുന്ന വ്യക്തിയാണ് ഹിദ്മ. മാവോയിസ്റ്റ് പോരാട്ട സേനയായ സെൻട്രൽ മിലിട്ടറി കമ്മീഷന്റെ (സിഎംസി) തലവനായിരുന്നു.
1981-ൽ ഇപ്പോഴത്തെ ഛത്തീസ്ഗഡിലെ സുക്മയിൽ ജനിച്ച ഹിദ്മ കേന്ദ്ര കമ്മിറ്റിയിലെ (സിസി) ഏറ്റവും പ്രായം കുറഞ്ഞ അംഗവും, പാർട്ടിയുടെ പ്രധാന തിങ്ക് ടാങ്കുമായി ആറിയപ്പെടുന്നു. ബസ്തർ മേഖലയിൽ നിന്നുള്ള ഏക ഗോത്രവർഗ നേതാവുമാണ്.
2025 മെയ് 21-ന് ഛത്തീസ്ഗഡിലെ അബുജ്മദ് വനമേഖലയിൽ വെച്ച് പാർട്ടിയുടെ മുൻ ജനറൽ സെക്രട്ടറി നമ്പാല കേശവ റാവു (ബസവരാജു) കൊല്ലപ്പെട്ടതോടെയാണ് പ്രധാന സ്‌ട്രൈക്ക് ഫോഴ്‌സായ പീപ്പിൾസ് ലിബറേഷൻ ഗറില്ല ആർമിയുടെ (പിഎൽജിഎ) ബറ്റാലിയൻ തലവനായി ഹിദ്മ ഉയരുന്നത്. കുറഞ്ഞത് 26 പ്രധാന മാരക ആക്രമണങ്ങളിൽ പങ്കുള്ളതായി പ്രത്യേക അന്വേഷക സംഘം രേഖപ്പെടുത്തുന്നു.

2010-ൽ ഛത്തീസ്ഗഡിലെ ദന്തേവാഡയിലെ സിആർപിഎഫ് ക്യാമ്പിൽ 76 സിആർപിഎഫ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ട ആക്രമണത്തിന് നേതൃത്വം നൽകി. 2013-ൽ ജിറാം ഘാട്ടിയിൽ കോൺഗ്രസ് നേതാക്കളായ മഹേന്ദ്ര കർമ്മ, ഛത്തീസ്ഗഡ് കോൺഗ്രസ് മേധാവി നന്ദ് കുമാർ പട്ടേൽ, വിദ്യാ ചരൺ ശുക്ല എന്നിങ്ങനെ 27 പേർ വധിക്കപ്പെട്ട ആക്രമണത്തന് പിന്നിൽ പ്രവർത്തിച്ചു. 22 സുരക്ഷാ ഉദ്യോഗസ്ഥർക്ക് ജീവൻ നഷ്ടപ്പെട്ട 2021-ലെ സുക്മ-ബിജാപൂർ ഏറ്റുമുട്ടലിലും 43-കാരനായ ഇദ്ദേഹം പ്രധാന പങ്ക് വഹിച്ചു.
2004-ൽ ഏകദേശം 42 സി സി അംഗങ്ങളുണ്ടായിരുന്ന മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റിയിൽ ഇപ്പോൾ ഏകദേശം 12 പേരേയുള്ളൂ. ഈ വർഷം മാത്രം, പാർട്ടിയുടെ ജനറൽ സെക്രട്ടറി ബസവരാജു ഉൾപ്പെടെ അഞ്ച് സി സി അംഗങ്ങൾ കൊല്ലപ്പെട്ടു, ഭൂപതി എന്ന മല്ലോജുല വേണുഗോപാൽ റാവു പോലുള്ള പ്രധാന അംഗങ്ങൾ കീഴടങ്ങി. തലയ്ക്ക് 17 ലക്ഷം രൂപ വിലയിട്ടിരുന്ന വനിതാ നേതാവ് കംല സോദി (30) കഴിഞ്ഞ ദിവസം ഛത്തീസ്ഗഢില്‍ കീഴടങ്ങി.
ഛത്തീസ്ഗഡ് കേന്ദ്രമാക്കി സർക്കാർ പ്രഖ്യാപിച്ച ഓപ്പറേഷൻ കാഗർ പദ്ധതിയുടെ ഭാഗമായാണ് ഇപ്പോൾ ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, ജാർഖണ്ഡ്, ഒഡീഷ, പശ്ചിമ ബംഗാൾ തുടങ്ങിയ തീവ്രവാദ (എൽഡബ്ല്യുഇ) ബാധിത സംസ്ഥാനങ്ങളിൽ മാവോയിസ്റ്റ് വേട്ട. ഈ വര്‍ഷം ഇതുവരെ ബസ്തര്‍ മേഖലയിൽ മാത്രം 233 മാവോയിസ്റ്റുകളെയാണ് പൊലീസും മറ്റുസേനകളും ചേര്‍ന്ന് വെടിവച്ചുകൊന്നത്. ഏജൻസികളുടെ കണക്ക് പ്രകാരം മാത്രം മൊത്തം ആയിരത്തോളം പേർ ഇതിനകം കൊല്ലപ്പെട്ടു.









0 comments