കാണിക്ക മോഷ്ടിക്കാൻ ഇനി 'പോക്കറ്റില്ല'; ഹരിദ്വാർ മാനസ ദേവി ക്ഷേത്രത്തിലെ പൂജാരിമാർക്ക് പുതിയ വസ്ത്രം

പോക്കറ്റില്ലാത്ത വസ്ത്രം ധരിച്ച പൂജാരിമാർ
ഹരിദ്വാർ: അയോധ്യ രാമക്ഷേത്രത്തിലും ഉത്തരാഖണ്ഡിലെ ബദരീനാഥ് ധാമിലും ഉണ്ടായ കാണിക്ക മോഷണ വിവാദങ്ങളെത്തുടർന്ന് ഹരിദ്വാറിലെ മാനസ ദേവി ക്ഷേത്രത്തിൽ കടുത്ത നിയന്ത്രണങ്ങൾ. ക്ഷേത്രത്തിലെ പൂജാരിമാർക്കും ജീവനക്കാർക്കും ഇനി മുതൽ പോക്കറ്റുകളില്ലാത്ത കുർത്തകൾ ധരിക്കാൻ ക്ഷേത്ര ട്രസ്റ്റ് നിർദ്ദേശം നൽകി.
ഭക്തർ സമർപ്പിക്കുന്ന കാണിക്ക പണം സുതാര്യമായി ക്ഷേത്ര ഫണ്ടിലേക്ക് തന്നെ പോകുന്നു എന്ന് ഉറപ്പാക്കാനും ക്രമക്കേടുകൾ തടയാനുമാണ് ഈ അടിയന്തര നടപടി. ക്ഷേത്ര ചുമതലയിലുള്ളപ്പോൾ പൂജാരിമാർക്കും ജീവനക്കാർക്കും പോക്കറ്റുകളുള്ള വസ്ത്രങ്ങൾ പൂർണ്ണമായും നിരോധിച്ചു.
ക്ഷേത്രത്തിൽ യാതൊരുവിധ സാമ്പത്തിക ക്രമക്കേടുകളും നടത്തില്ലെന്ന് അഖിൽ ഭാരതീയ അഖാഡ പരിഷത്ത് പ്രസിഡന്റും മാനസ ദേവി ക്ഷേത്ര ട്രസ്റ്റ് ചെയർമാനുമായ മഹന്ത് രവീന്ദ്ര പുരിയുടെ നേതൃത്വത്തിൽ പൂജാരിമാരെക്കൊണ്ട് പ്രതിജ്ഞ ചെയ്യിച്ചു. കാണിക്ക പണം സ്വന്തമാക്കുന്നവർക്കെതിരെ ജോലിയിൽ നിന്ന് പിരിച്ചുവിടുന്നതുൾപ്പെടെയുള്ള കടുത്ത നിയമനടപടികൾ സ്വീകരിക്കും. കാണിക്ക കൈകാര്യം ചെയ്യുന്നത് നിരീക്ഷിക്കാൻ ഏഴംഗ പ്രത്യേക സമിതിക്ക് രൂപം നൽകി.
ക്ഷേത്ര സമുച്ചയത്തിൽ നിരീക്ഷണം ശക്തമാക്കുന്നതിനായി 65 സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ക്യാമറയിൽ തെറ്റായ പ്രവണതകൾ കണ്ടെത്തിയാൽ ആരെയും വെറുതെ വിടില്ലെന്ന് ട്രസ്റ്റ് അറിയിച്ചു.
"ക്ഷേത്രങ്ങളിൽ കാണിക്കപ്പണം മോഷണം പോകുന്നു എന്ന തരത്തിലുള്ള ആരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് ഈ തീരുമാനം. വസ്ത്രങ്ങളിൽ പോക്കറ്റുകൾ ഇല്ലെങ്കിൽ കാണിക്കപ്പണം ഒളിപ്പിച്ചുവെക്കാനുള്ള സാധ്യത ഇല്ലാതാകും. ഏതാനും വ്യക്തികളുടെ തെറ്റായ പ്രവർത്തനങ്ങൾ ക്ഷേത്ര ഭരണത്തെയും സനാതന പാരമ്പര്യത്തെയും ചോദ്യം ചെയ്യുന്നതിലേക്ക് നയിക്കാതിരിക്കാനും, ഭക്തരുടെ വിശ്വാസം നിലനിർത്താനുമാണ് ഈ മാറ്റം"- മഹന്ത് രവീന്ദ്ര പുരി പറഞ്ഞു.
അയോധ്യയിലും ബദരീനാഥിലും കാണിക്ക എണ്ണുന്നതിലും കൈകാര്യം ചെയ്യുന്നതിലും ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്തിവരികയാണ്. ഈ സാഹചര്യത്തിലാണ് ഹരിദ്വാറിലെ ക്ഷേത്ര അധികൃതർ മുൻകരുതൽ നടപടികളിലേക്ക് കടന്നത്. പുതിയ വസ്ത്രധാരണച്ചട്ടത്തോട് ക്ഷേത്രത്തിലെ പൂജാരിമാരും ജീവനക്കാരും പൂർണമായി സഹകരിക്കുന്നുണ്ടെന്ന് ട്രസ്റ്റ് ഭാരവാഹികൾ വ്യക്തമാക്കി.










0 comments