print edition സംഘർഷത്തീയിൽ വീണ്ടും മണിപ്പുർ ; 4 മരണം

കുട്ടികളുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ബിഷ്‍ണുപുരില്‍ റോഡ് തടയുന്ന സ്‍ത്രീകള്‍
ഇംഫാൽ: ബിഷ്‍ണുപുരിൽ വീടിനുനേരെയുണ്ടായ റോക്കറ്റ് ആക്രമണത്തിൽ ആറുമാസം പ്രായമുള്ള പെൺകുഞ്ഞ് ഉൾപ്പെടെ രണ്ട് കുട്ടികൾ കൊല്ലപ്പെട്ടതോടെ മണിപ്പുർ വീണ്ടും സംഘർഷത്തീയിൽ. കുട്ടികളുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ആൾക്കൂട്ടം സിആർപിഎഫ് ക്യാമ്പ് ആക്രമിച്ച് വാഹനങ്ങൾക്ക് തീയിട്ടു. സിആർപിഎഎഫ് വെടിവയ്‍പ്പിൽ രണ്ട് പ്രതിഷേധക്കാർ മരിച്ചു. നിരവധിപേർക്ക് പരിക്കേറ്റു.
സംഘർഷാവസ്ഥ രൂക്ഷമായതോടെ ഇംഫാൽ വെസ്റ്റ്, ഇംഫാൽ ഈസ്റ്റ്, തൗബാൽ, കാക്‍ചിങ്, ബിഷ്‍ണുപുർ എന്നീ ജില്ലകളിൽ അനിശ്ചിതകാല കർഫ്യൂ ഏർപ്പെടുത്തി. ഇന്റർനെറ്റ് സേവനങ്ങൾ മൂന്ന് ദിവസത്തേക്ക് വിലക്കി. കുക്കി തീവ്രവാദികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് ആരോപണം. അന്വേഷണം എൻഐഎയ്‍ക്ക് കൈമാറിയതായി മുഖ്യമന്ത്രി വൈ ഖേംചന്ദ് സിങ് അറിയിച്ചു.
രാഷ്ട്രപതിഭരണം പിൻവലിച്ച് വീണ്ടും ബിജെപി സർക്കാർ അധികാരമേറ്റിട്ടും മണിപ്പൂരിൽ സമാധാനം അകലെയാണ്. മെയ്‍ത്തീകൾ താമസിക്കുന്ന താഴ്‍വരയുടെയും കുക്കി-, സോമി വിഭാഗങ്ങൾ താമസിക്കുന്ന മലനിരകളുടെയും ഇടയിലുള്ള അതിർത്തി മേഖലയിലെ ഗ്രാമമായ മൊയ്‍രാങ് ട്രോങ്‍ലോബിയിലാണ് റോക്കറ്റ് ആക്രമണം നടന്നത്. 2023ൽ കലാപം രൂക്ഷമായ സമയത്ത് ഇവിടെ നിരന്തരം ആക്രമണം നടന്നിരുന്നു.
ചൊവ്വ പുലർച്ചെ ഒന്നോടെ നടന്ന റോക്കറ്റ് ആക്രമണത്തിൽ ആറുമാസം പ്രായമുള്ള കുഞ്ഞ് കൂടാതെ നാലുവയസുകാരൻ സഹോദരനും കൊല്ലപ്പെട്ടു. നഴ്‍സായ അമ്മ അമ്മ ഓയിനം ബിനിതയ്‍ക്ക് ഗുരുതരപരിക്കേറ്റു. അച്ഛൻ ബിഎസ്‍എഫ് ജവാനായ ഓയിനം മംഗൾസാന ബിഹാറിലാണുള്ളത്. പൊട്ടാത്ത ഗ്രനേഡ് കൂടി പ്രദേശത്തുനിന്ന് കണ്ടെത്തിയതോടെ ആളുകൾ വീടുകൾ ഉപേക്ഷിച്ച് സുരക്ഷിത സ്ഥാനത്തേക്ക് മാറി.
കൊലപാതകത്തിനെതിരെ മേഖലയിൽ ഉടനീളം വൻ പ്രതിഷേധമുയർന്നു. ആക്രമണം നടന്നതിന് സമീപമുള്ള സിആർപിഎഫ് ക്യാമ്പിൽ ഇരച്ചുകയറി ആൾക്കൂട്ടം നിരവധി വാഹനങ്ങൾക്കും തീയിട്ടു. ഇതിനിടെയാണ് വെടിവയ്‍പുണ്ടായത്. മൊയ്‍രാങ് പൊലീസ് സ്റ്റേഷന് മുന്നിൽ ടയറുകൾ കത്തിച്ചു. പൊലീസിന്റെ താൽക്കാലിക ഔട്ട് പോസ്റ്റ് തകർത്തു. രണ്ട് ഓയിൽ ടാങ്കർ ഉൾപ്പെടെ മൂന്ന് ട്രക്കുകൾക്ക് തീയിട്ടു. വിവിധയിടങ്ങളിൽ റോഡ് തടയലും തീയിടലും നടന്നു.










0 comments